പൗരത്വ ഭേദഗതി ബില്ല്: തുല്യതയ്ക്കെതിരായ വെല്ലുവിളി; പ്രതിഷേധവുമായി കേരളത്തിലെ മുസ്‌ലിം സംഘടനകള്‍

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന അദ്ധ്യക്ഷൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എന്നിവർ ഇന്ന് വൈകിട്ട് കോഴിക്കോട് ചേരുന്ന യോഗത്തിനെത്തും.

പൗരത്വ ഭേദഗതി ബില്ല്: തുല്യതയ്ക്കെതിരായ വെല്ലുവിളി; പ്രതിഷേധവുമായി കേരളത്തിലെ മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: മുസ്‌ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്‌ലിം സംഘടനകൾ രംഗത്ത്. ബില്ല് മുസ്‌ലിം വിഭാഗത്തിനെതിരാണെന്നും ബില്ല് വിവേചനമെന്നാരോപിച്ച് മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ഇന്ന് കോഴിക്കോട്ട് ചേരും. ബില്ലിനെ എതിർക്കണമെന്ന് അഭ്യർത്ഥിച്ച് എംപിമാർക്ക് കത്തയച്ച സമസ്ത പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ചു.

ആറു വർഷമായി ഇന്ത്യയിൽ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ജൈന, ബുദ്ധ, പാഴ്സി മതവിശ്വാസികൾക്ക് രേഖകൾ ഒന്നുമില്ലെങ്കിലും ഇന്ത്യൻ പൗരത്വം വ്യവസ്ഥ ചെയ്യുന്ന ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.ലോക്‌സഭയിൽ ബില്ലിനെ എതിർക്കണമെന്ന് അഭ്യർത്ഥിച്ച് സമസ്ത രാജ്യത്തെ മുഴുവൻ എംപിമാർക്കും കത്തയച്ചിട്ടുണ്ട്.

പൗരന്റെ മൗലിക അവകാശങ്ങളും ഭരണഘടനാപരമായ തുല്യതയും ഇല്ലാതാക്കുന്ന ബില്ലിനെതിരെ മുന്നോട്ടു നീങ്ങാനാണ് സംഘടനകളുടെ തീരുമാനം. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന അദ്ധ്യക്ഷൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ എന്നിവർ ഇന്ന് വൈകിട്ട് കോഴിക്കോട് ചേരുന്ന യോഗത്തിനെത്തും.

ബില്ലിൽനിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണാൻ സമയം ചോദിച്ചു. ഇന്ത്യയുടെ മതേതരത്വ മുഖം ഇല്ലാതാക്കുന്ന ബില്ലിനെതിരെ പാർലമെന്റിനകത്തും പുറത്തും പ്രക്ഷോഭം ഉണ്ടാകണമെന്നാണ് മുസ്‌ലിം സംഘടനകളുടെ ആവശ്യം.

Next Story
Read More >>