വിമ്പിള്‍ഡണ്‍ ഫൈനലില്‍ ഫെഡറര്‍- ജോകോവിച്ച് പോരാട്ടം

ജോകോവിച്ചും ഫെഡററും 47 തവണനേര്‍ക്കുനേര്‍ ഏറ്റുമുട്ടി. 25 തവണ തവണ ജോകോവിച്ചും 22 തവണ ഫെഡററും ജയിച്ചു.

വിമ്പിള്‍ഡണ്‍ ഫൈനലില്‍ ഫെഡറര്‍- ജോകോവിച്ച് പോരാട്ടം

വിമ്പിള്‍ഡണ്‍ പുരുഷവിഭാഗം ഫൈനലില്‍ ഫെഡറര്‍ - ജോകോവിച്ച് പോരാട്ടം. നാളെ വൈകിട്ട് 6.30നാണ് ഫൈനല്‍. സെമിയില്‍ റാഫേല്‍ നദാലിനെയാണ് റോജര്‍ ഫെഡറര്‍ പരാജയപ്പെടുത്തിയത്. നാല് സെറ്റ് നീണ്ട സൂപ്പര്‍ പോരാട്ടത്തിനൊടുവിലാണ് ഫെഡററുടെ ജയം. സ്‌കോര്‍. 7-6, 1-6, 3-6, 6-4. ഫെഡററുടെ 31ാം ഗ്രാന്‍ഡ് സ്ലാം ഫൈനലാണിത്. ജോകോവിച്ചിന്റെ 25ാം ഗ്രാന്‍ഡ്സ്ലാം ഫൈനലും.

മൂന്നാം സീഡായ സ്വിസ് താരം ഫെഡററും രണ്ടാം സീഡ് സ്പാനിഷ് താരം നദാലും വിംബിള്‍ഡണില്‍ 11 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്നലെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. 2008 വിമ്പിള്‍ഡണ്‍ ഫൈനലായിരുന്നു അവസാന പോരാട്ടം. 2006, 07, 08 വിമ്പിള്‍ഡണ്‍ ഫൈനലുകളില്‍ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യ രണ്ടു തവണ നദാലും 2008ല്‍ ഫെഡററും ജയിച്ചു. ഇന്നലെ ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ അന്തിമ ജയം നേടിയത്. നദാലിന്റെ സെര്‍വില്‍ നിന്ന് ആദ്യ പോയിന്റ് നേടി ഫെഡററുടെ തുടക്കം. ആദ്യഘട്ടത്തില്‍ ഫെഡറര്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് നദാലിനു മുന്നേറാന്‍ സാധിച്ചു. അവസാനത്തോടെ ഫെഡറര്‍ വീണ്ടും കളിയുടെ നിയന്ത്രണം തിരിച്ചു പിടിച്ചു. നാല്‍പതാം ഫെഡറര്‍- നദാല്‍ പോരാട്ടമാണ് ഇന്നലെ കഴിഞ്ഞത്. 40 തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ 24 തവണ നദാലും 16തവണ ഫെഡററും വിജയിച്ചു. സ്പാനിഷ് താരം ബൗട്ടിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-2, 4-6, 6-3, 6-2.

വിമ്പിള്‍ഡണ്‍ നിലവിലെ ജേതാവാണ് സെര്‍ബിയന്‍ താരവും ഒന്നാം സീഡുമായ ജോക്കോവിച്ച്. അഞ്ച് തവണ വിമ്പിള്‍ഡണ്‍ ഫൈനലിലെത്തിയപ്പോള്‍ നാല് തവണ കിരീടമുയര്‍ത്തി. ജയിച്ചത് 2011, 14,15,18 വര്‍ഷങ്ങളില്‍.പരാജയപ്പെട്ടത് 2013ല്‍ ആന്‍ഡി മുറേയോട്. ഇതുവരെ നേടിയത് 15 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍. ഈ സീസണില്‍ ഓസ്ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ചിനായിരുന്നു.

തന്റെ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നതായി വിമ്പിള്‍ഡണ്‍ ഫൈനല്‍ പ്രവേശനത്തെക്കുറിച്ച് ജോകോവിച്ച് പ്രതികരിച്ചു. വീണ്ടും ഒരു ഫൈനലിലെത്തുക എന്നത് സ്വപ്ന സാക്ഷാത്കാരമാണ്. വിമ്പിള്‍ഡണ്‍ ഫൈനല്‍ വേറിട്ട അനുഭവമാണ്. റോബര്‍ട്ടോയുടെ ആദ്യ സെമിയായിരുന്നു. അദ്ദേഹം നന്നായി കളിച്ചു- ജോകോവിച്ച് പറഞ്ഞു. ഫെഡറും നദാലും തമ്മിലുള്ള പോരാട്ടം തനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്. എല്ലാ കാലത്തെയും ഇതിഹാസതുല്യമായ പോരാട്ടമാണ് അവരുടേതെന്നും ജോകോവിച്ച് കൂട്ടിച്ചേര്‍ത്തു. നാല് വിമ്പിള്‍ഡണു പുറമേ ഏഴ് ഓസ്ട്രേലിയന്‍ ഓപ്പണ്‍, മൂന്ന് യുഎസ് ഓപ്പണ്‍, ഒരു ഫ്രഞ്ച് ഓപ്പണ്‍ എന്നിവയാണ് താരത്തിന്റെ ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടങ്ങള്‍.

ഒമ്പതാം കിരീടം ലക്ഷ്യമിട്ടാണ് 37കാരനായ ഫെഡറര്‍ നാളെ ഫൈനലിനിറങ്ങുന്നത്. ഫെഡറര്‍ ഇതുവരെ കളിച്ച 11 ഫൈനലുകളില്‍ എട്ടെണ്ണത്തില്‍ വിജയിച്ചു, മൂന്നു തവണ പരാജയപ്പെട്ടു. 2003 മുതല്‍ 2007 വരെ തുടര്‍ച്ചയായി വിമ്പിള്‍ഡന്‍ ചാമ്പ്യനായി. 2009, 12, 17 വര്‍ഷങ്ങളില്‍ മറ്റു കിരീടനേട്ടങ്ങള്‍. ഫൈനലില്‍ പരാജയപ്പെട്ടത് രണ്ടു തവണ ജോകോവിച്ചിനോടും ഒരു തവണ നദാലിനോടും. ആറ് ഓസ്ട്രേലിയന്‍ ഓപണ്‍, അഞ്ച് യുഎസ് ഓപണ്‍, ഒരു ഫ്രഞ്ച് ഓപണ്‍ ഫൈനലകളില്‍ വിജയിച്ചിട്ടുണ്ട്. വിമ്പിള്‍ഡണുകളില്‍ 100 മത്സരങ്ങള്‍ ജയിച്ച താരമെന്ന ഖ്യാതിയും ഫെഡറര്‍ക്ക് സ്വന്തം.

ജോകോവിച്ചും ഫെഡററും 47 തവണനേര്‍ക്കുനേര്‍ ഏറ്റുമുട്ടി. 25 തവണ തവണ ജോകോവിച്ചും 22 തവണ ഫെഡററും ജയിച്ചു. നാല് ഫൈനലും 10 സെമി ഫൈനലുമടക്കം ഗ്രാന്‍ഡ് സ്ലാമില്‍ ഇരുവരും 15 തവണ ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് തവണ ജോകോവിച്ചും ആറ് തവണ ഫെഡററും ജയിച്ചു.

2012 വിമ്പിള്‍ഡണ്‍ സെമിയില്‍ ഇരുതാരങ്ങളും ഏറ്റുമട്ടിയപ്പോള്‍ ഫെഡററും 2014 ഫൈനലില്‍ ജോകോവിച്ചും ജയിച്ചു. 2015 വിമ്പിള്‍ഡണ്‍ ഫൈനലിലും ജോകോവിച്ചും പെഡററും നേര്‍ക്കുനേര്‍ വന്നു. അന്ന് ജയം ജോകോവിച്ചിനൊപ്പം.

Read More >>