വിംബിള്‍ഡൺ; സെറീനയെ കാഴ്ചകാരിയാക്കി സിമോണയ്ക്ക് കിരീടം

വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ റൊമാനിയന്‍ താരമെന്ന റെക്കോഡ് സിമോണ കരസ്ഥമാക്കി

വിംബിള്‍ഡൺ; സെറീനയെ കാഴ്ചകാരിയാക്കി സിമോണയ്ക്ക് കിരീടം

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതുചരിത്രമെഴുതി റൊമാനിയന്‍ താരം സിമോണ ഹാലെപ്. ലോക പത്താം റാങ്കുകാരിയായ സെറീന വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ച ഏഴാം റാങ്കുകാരിയായ സിമോണ വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടു. ഇതോടെ വിംബിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ റൊമാനിയന്‍ താരമെന്ന റെക്കോഡ് ഈ ഇരുപത്തിയേഴുകാരിയുടെ പേരിനൊപ്പം ചേര്‍ന്നു.

സെറീനയുടെ പരിചയസമ്പത്ത് സിമോണയുടെ കരുത്തിന് മുന്നില്‍ തകരുന്ന കാഴ്ചയ്ക്കാണ് ടെന്നീസ് ആരാധകര്‍ സാക്ഷിയായത്. ഒരു ഘട്ടത്തില്‍ പോലും സിമോണയ്ക്ക് വെല്ലുവിളിയാകാന്‍ സെറീനയ്ക്ക് കഴിഞ്ഞില്ല. അഞ്ചില്‍ നാല് ബ്രേക്ക് പോയിന്റുകള്‍ റൊമാനിയന്‍ താരം നേടിയപ്പോള്‍ സെറീനയ്ക്ക് ലഭിച്ചത് ഒരു ബ്രേക്ക് പോയിന്റാണ്. പക്ഷേ അത് വിജയിക്കാനായില്ല. സ്‌കോര്‍: 6-2,6-2.

സിമോണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. 2018-ല്‍ സിമോണ ഫ്രഞ്ച് ഓപ്പണര്‍ കിരീടം നേടിയിരുന്നു. അതേ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും റൊമാനിയന്‍ താരം കളിച്ചു. 2015-ല്‍ യു.എസ് ഓപ്പണിന്റെ സെമിഫൈനലിലെത്തി.

Read More >>