ഫൈനല്‍ വിസിലിനരികെ കാല്‍പന്ത് പിപ്ലവം: ലുഷ്‌നിക്കിനിയിൽ തീ പാറും

ലുഷ്‌നിക്കി: മുപ്പത് ദിവസത്തെ സഞ്ചാരത്തിനു ശേഷം കാൽപ്പന്ത് റഷ്യയിലെ യാത്ര അവസാനിപ്പിക്കുന്നു. ജൂൺ പതിനാലിന് ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ ആരംഭിച്ച...

ഫൈനല്‍ വിസിലിനരികെ കാല്‍പന്ത് പിപ്ലവം: ലുഷ്‌നിക്കിനിയിൽ തീ പാറും

ലുഷ്‌നിക്കി: മുപ്പത് ദിവസത്തെ സഞ്ചാരത്തിനു ശേഷം കാൽപ്പന്ത് റഷ്യയിലെ യാത്ര അവസാനിപ്പിക്കുന്നു. ജൂൺ പതിനാലിന് ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ ആരംഭിച്ച പ്രയാണത്തിന് അതേ മൈതാനത്ത് ഇന്ന് അവസാനം. ഫിഫ 2018 റഷ്യൻ ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് ക്രൊയേഷ്യ പോരാട്ടം രാത്രി 8.30ന് ആരംഭിക്കും.

മുപ്പത്തി രണ്ട് ടീമുകൾ,അറുപത്തി നാല് മത്സരങ്ങൾ,ഗ്രൂപ്പ് ഘട്ടം,പ്രീ ക്വാർട്ടർ,ക്വാർട്ടർ,സെമി ഫൈനൽ ഇങ്ങനെ ആറു കളികൾ കടന്നെത്തിയ രണ്ടു ടീമുകൾ. ഫ്രാൻസും ക്രൊയേഷ്യയും. ഇരുപത് വർഷങ്ങൾക്കു മുന്നേയുള്ള ഫ്രാൻസ് ലോകകപ്പുമായി ഇരു ടീമുകളെയും ബന്ധപ്പെടുത്താം. സെമിയിൽ ആദ്യ ലോകകപ്പിനത്തിയ ക്രൊയേഷ്യയെ ലിലിയൻ തുറാമിന്റെ ഏക ഗോളിൽ മടക്കിയ ഫ്രഞ്ച് പട സ്വന്തം നാട്ടിൽ ആദ്യമായും അവസാനമായും ലോകകിരീടത്തിൽ മുത്തമിട്ടു. അന്ന് കിരീടം ഏറ്റുവാങ്ങിയ നായകൻ ദിദിയർ ദെഷാംപ്‌സ് ഇന്ന് ബ്ലൂസിന്റെ പരിശീലകനാണ്. കന്നി ലോകകപ്പിൽ തന്നെ അവിസമരണീയ തേരോട്ടമാണ് ഡേവർ സക്കറെന്ന മുന്നേറ്റ നിരക്കാരന്റെ നേതൃത്വത്തിൽ നടത്തിയത്. അന്ന് മൂന്നാം സ്ഥാനം കൊണ്ട് മടങ്ങിയ ടീമിന് ഇരുപത് വർഷങ്ങൾക്കിപ്പുറം മധുര പ്രതികാരത്തിന്റെ കൂടി അവസരം കാൽപ്പന്ത് നൽകിയിരിക്കുന്നു. ചരിത്രത്തിലേക്ക് കപ്പുയർത്താൻ ക്രൊയേഷ്യയും രണ്ടാം കിരീടത്തിനായി ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ കോടിക്കണക്കിന് ആരാധകർക്ക് ഹൃദയം നിറയുന്ന കാൽപ്പന്ത് കളിയുടെ സൗന്ദര്യം ആസ്വദിക്കാമെന്നുറപ്പ്.

ശക്തരാണ് ഫ്രാൻസ്. കളത്തിലായാലും കടലാസിലായാലും. ക്രൊയേഷ്യയേക്കാൾ എന്തു കൊണ്ടും സാധ്യത കൽപ്പിക്കപ്പെടുന്നതും ഹ്യൂഗോ ലോറിസിനും സംഘത്തിനുമാണ്. ഇത്രയും സന്തുലിതമായ ടീമിനെ റഷ്യയിൽ കണ്ടിട്ടില്ല. ഗോൾ കീപ്പർ മുകൽ മുന്നേറ്റ താരം വരെ ഒന്നിനൊന്ന് മികച്ചതും എല്ലാകളികളിലും വലിയ സംഭാവന ചെയ്തവരുമാണ്. വലയ്ക്കു കീഴിൽ നായകൻ ഹ്യൂഗോ ലോറിസ് ചോരാത്ത കൈയ്യുമായി തന്നെ കാവലായുണ്ട്. പ്രതിരോധത്തിൽ സാമുവൽ ഉംറ്റിറ്റി,റാഫേൽ വരാന,ബെഞ്ചമിൻ പവാർഡ് എന്നിവരും മധ്യനിരയിൽ പോൾ പോഗ്ബ,എൻഗോള കാന്റെ,മട്ടൂഡി തുടങ്ങിയവർ,ഗ്രീസ്മാൻ,എംബാപ്പെ എന്നിവർ മുന്നേറ്റത്തിലും. ഇതിൽ കാന്റെയും പോഗ്‌ബേയും പ്രതിരോധത്തിലും മുന്നേറ്റത്തിലും ഇറങ്ങി കളിക്കാൻ പോകുന്ന താരങ്ങളാണ്. ഇങ്ങനെ ഒരുപിടി മിന്നു താരങ്ങളാണ് ഫ്രഞ്ച് നിരയുടെ പ്രതീക്ഷയും കരുത്തും.

റഷ്യയിൽ ഒത്തിണക്കത്തോടേ കൃത്യമായ തന്ത്രങ്ങളോടേ കളിച്ച് ജയിച്ചു കയറിയ ടീമാണ് ക്രൊയേഷ്യ. സ്ലാക്ടോ ഡാലിച്ചിന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി കളത്തിൽ നടപ്പാക്കിയപ്പോൾ ഏവരും പ്രീക്വാർട്ടർ വരെ മുന്നേറുമെന്ന പ്രതീക്ഷിച്ച ക്രൊയേഷ്യ ആദ്യമായി കലാശ പോരിന് ടിക്കറ്റെടുത്തു. ഗ്രൂപ്പ് ഡിയിൽ ലയണൽ മെസ്സിയുടെ അർജന്റീനയെ മൂന്നു ഗോളിന് തകർത്തതോടേ റഷ്യയുടെ കറുത്ത കുതിരകൾ ആരെന്നത് വ്യക്തമായി. മധ്യനിരയാണ് ടീമിന്റെ പ്രധാന ശക്തി. നായകൻ ലൂക്കാ മോഡ്രിച്ചും ബാഴ്‌സലോണയുടെ ഇവാൻ റാകിട്ടിച്ചും ചേർന്ന് നയിക്കുന്ന മധ്യനിരയിൽ കേന്ദ്രീകരിച്ചാണ് ടീം കളി മെനയുന്നത്. ഏക സ്‌ട്രൈക്കറായ മരിയോ മാൻഡുസുകിച്ച് പന്ത് കിട്ടുമ്പോളോക്കെ എതിരാളികൾക്ക് ഭീക്ഷണിയാണ്. പ്രതിരോധത്തിൽ വ്രസാൽജകോ,ലോവ്‌റെൻ,വിഡ എന്നിവരും ബാറിന് കീഴിൽ സുബാസിച്ചും കൂടി ചേരുന്നതേടേ ക്രൊയേഷ്യൻ നിരയും ആർക്കൊപ്പവും പോന്ന ടീമാകും. ജയിക്കാനുള്ള ആത്മവീര്യവും താരങ്ങൾ തമ്മിലുള്ള ഒത്തിണക്കവുമാണ് കളിക്കപ്പുറത്ത് ടീമിന്റെ പ്ലസ് പോയിന്റ്. ഇതാണ് ഇംഗ്ലണ്ടിനെതിരെ സെമിഫൈനൽ പോലോരു കളിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം സമ്മർദങ്ങൾക്ക് കീഴടങ്ങാതെ രണ്ടു ഗോളടിച്ച് കളി നേടാൻ ടീമിന് കഴിഞ്ഞത്. ഫ്രാൻസിന്റെ സന്തുലിതയോ ക്രൊയേഷ്യൻ സംഘശക്തിയോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം അകലെ.

Story by
Read More >>