ഗുഡ് ബൈ, ഷറപ്പറവ

വോഗ് ആന്‍ഡ് വാനിറ്റി ഫെയര്‍ മാസികയില്‍ എഴുതിയ കുറിപ്പിലാണ് വിരമിക്കല്‍ പ്രഖ്യാപനം.

ഗുഡ് ബൈ, ഷറപ്പറവ

മോസ്‌കോ: ടെന്നിസിലെ സൗന്ദര്യ റാണി മരിയ ഷറപ്പോവ റാക്കറ്റഴിച്ചു. 17-ാം വയസ്സില്‍ വിംബിള്‍ഡണ്‍ കിരീടം നേടി കോര്‍ട്ടില്‍ വിസ്മയം തീര്‍ത്ത ഷറപ്പോവ പരിക്കുകളെ തുടര്‍ന്ന് മുടന്തിപ്പോയ കരിയറിന് ഒടുവിലാണ് 32-ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്.

വോഗ് ആന്‍ഡ് വാനിറ്റി ഫെയര്‍ മാസികയില്‍ എഴുതിയ കുറിപ്പിലാണ് വിരമിക്കല്‍ പ്രഖ്യാപനം. നാളുകളായി പരിക്കിന്റെ പിടിയിലായിരുന്നു താരം. ഈ വര്‍ഷം ആസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയെങ്കിലും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

അഞ്ച് ഗ്രാന്റ് സ്ലാം നേട്ടത്തിനൊപ്പം ഉത്തേജക മരുന്ന് വിവാദവും ഏറെ നാളുകളായുള്ള പരിക്കിനും പിന്നാലെയാണ് ഷറപ്പോവ കോര്‍ട്ട് വിടുന്നത്. ഒരു കാലത്ത് ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഷറപ്പോവ 373-ാം റാങ്കിലെത്തി നില്‍ക്കെയാണ് കളി അവസാനിപ്പിക്കുന്നത്.


' ഗുഡ് ബൈ ടെന്നീസ്.... ജീവിതം ടെന്നിസിനായി സമര്‍പ്പിച്ചപ്പോള്‍ ടെന്നീസ് തന്നതാണ് ഇന്നുള്ള ജീവിതം. ഓരോ ദിവസവും എനിക്ക് മിസ് ചെയ്യും. ദിവസേനയുള്ള പരിശീലനം, ഇടതുകാലില്‍ ആദ്യം ഷൂ കെട്ടുന്നത്... അങ്ങനെ ഓരോ കാര്യങ്ങളും എനിക്കിനി മിസ് ചെയ്യും. പരിശീലന കോര്‍ട്ടിലെ ബെഞ്ചില്‍ അച്ഛനൊപ്പം ഇരിക്കുന്നത്, ജയിച്ചാലും തോറ്റാലും മത്സരശേഷമുള്ള ഹസ്തദാനം, അറിഞ്ഞോ അറിയാതെയോ എന്നിലെ മികച്ച കളിക്കായി പ്രോത്സാഹിപ്പിച്ച സഹതാരങ്ങള്‍. എല്ലാം ഞാന്‍ മിസ് ചെയ്യും. തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ കാണുന്നത് ടെന്നീസ് എന്ന പര്‍വതമാണ്. കയറ്റിറക്കങ്ങളിലൂടെയായിരുന്നു യാത്ര. പക്ഷേ, കൊടുമുടിയില്‍ നിന്നുള്ള കാഴ്ച അതിമനോഹരമായിരുന്നു. 28 വര്‍ഷങ്ങള്‍ക്കും അഞ്ച് ഗ്രാന്റ് സ്ലാം നേട്ടങ്ങള്‍ക്കിപ്പുറം ജീവിതത്തിലെ മറ്റൊരു പര്‍വതാരോഹണത്തിനുള്ള ഒരുക്കത്തിലാണ്' - ഷറപ്പോവ കുറിപ്പില്‍ പറയുന്നു.

> ഗുഡ് ബൈ, ഷറപ്പറവ

സൈബീരിയയില്‍ ജനനം

1987 ഏപ്രില്‍ 19ന് റഷ്യയിലെ സൈബീരിയയിലായിരുന്നു ജനനം. ചെര്‍ണോബില്‍ ആണവ റിയാക്ടര്‍ ദുരന്തത്തെത്തുടര്‍ന്ന് കുടുംബമൊന്നാകെ അമേരിക്കയിലേക്കു കുടിയേറി. 1994 മുതല്‍ അമേരിക്കയില്‍ സ്ഥിരതാമസം. അതോടെ ടെന്നീസില്‍ പുതിയ ഉയരങ്ങളിലേക്കു ഷറപ്പോവ കുതിപ്പ് തുടങ്ങി. 2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സെറീന വില്യംസിനെ വീഴ്ത്തി ആദ്യ ഗ്ലാന്റ് സ്ലാമില്‍ മുത്തമിട്ടതോടെയാണ് ഷറപ്പോവ ടെന്നീസ് പ്രേമികളുടെ സെന്റര്‍ കോര്‍ട്ടില്‍ ഇടംപിടിച്ചത്.


പിന്നീട് സെറീന- ഷറപ്പോവ പോരാട്ടങ്ങള്‍ക്ക് പല ഗ്ലാന്റ് സ്ലാമുകളും വേദിയായി. മൂന്നു ഗ്രാന്റ് സ്ലാമുകളില്‍ ഷറപ്പോവ അടിയറവ് പറഞ്ഞത് സെറീനയോടായിരുന്നു. 2005ല്‍ ലോക ഒന്നാം നമ്പര്‍ താരമായി. ഏറെക്കാലം ആദ്യ സ്ഥാനങ്ങളില്‍ തുടര്‍ന്നു. വിംബിള്‍ഡനു (2004) പുറമെ രണ്ടു തവണ ഫ്രഞ്ച് ഓപ്പണും (2012, 2014) ഓരോ തവണ യു.എസ് ഓപ്പണും (2006), ആസ്‌ട്രേലിയന്‍ ഓപ്പണും (2008) നേടി. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളി മെഡലും നേടി. സെറീനയോടായിരുന്നു ഫൈനലില്‍ തോറ്റത്. നാലു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റും ജയിക്കുകയെന്ന കരിയര്‍ സ്ലാം നേടുന്ന പത്താമത്തെ വനിതയാണ് ഷറപ്പോവ.

2016ലാണ് ഉത്തേജക മരുന്ന് വിവാദത്തില്‍ പെടുന്നത്. ആരോഗ്യ വര്‍ധനക്കായി ഉപയോഗിക്കുന്ന മെല്‍ഡേണിയം ഉപയോഗിച്ചതിനായിരുന്നു നടപടി. പിന്നാലെ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍ രണ്ടു വര്‍ഷത്തേക്കു വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍, കായികകാര്യങ്ങള്‍ക്കുള്ള രാജ്യാന്തര കോടതിയില്‍ (സി.എ.എസ്) മരിയ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നു വിലക്ക് 15 മാസത്തേക്കായി ചുരുക്കിയിരുന്നു.

അന്ന കൂര്‍ണിക്കോവക്കു ശേഷം ടെന്നീസിലെ റഷ്യന്‍ സൗന്ദര്യം കൂടിയായിരുന്ന ഷറപ്പോവ. ലോകത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ ഷറപ്പോവയുടെ പിന്നാലെയായിരുന്നു. 2004 മുതല്‍ 11 വര്‍ഷം ഫോബ്‌സ് പട്ടികയിലെ ഏറ്റവും സമ്പന്നയായ വനിത കായികതാരമായിരുന്നു. 2000 കോടിയിലധികമായിരുന്നു അക്കാലത്തെ പരസ്യ വരുമാനം.

Next Story
Read More >>