ഏഷ്യാകപ്പ് ചരിത്രം ഇങ്ങനെ

2000വരെ കാത്തിരിക്കേണ്ടി വന്നു പാക്കിസ്ഥാന് ഏഷ്യയുടെ സുല്‍ത്താനാകാന്‍. ശ്രീലങ്കയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഏഷ്യാകപ്പ് നേടി.

ഏഷ്യാകപ്പ് ചരിത്രം ഇങ്ങനെ

ദുബൈ: ഏഷ്യാകപ്പ് ചരിത്രത്തില്‍ ആറ് തവണ ചാമ്പ്യന്‍മാരായ ഇന്ത്യ തന്നെയാണ് കരുത്തന്‍മാര്‍. കഴിഞ്ഞ നാല് എഡിഷനുകളിലായി മൂന്നിലും ഫൈനലിലെത്താന്‍ ബംഗ്ലാദേശിനും സാധിച്ചു. ഏഷ്യാകപ്പിന്റെ ചരിത്രത്തിലൂടെ.

1984ലാണ് എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏഷ്യാകപ്പ് ആരംഭിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളായിരുന്നു യു.എ.ഇയില്‍ നടന്ന ആദ്യ ഏഷ്യാകപ്പില്‍ മത്സരിച്ചത്. റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമന്റെില്‍ പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായി. പാക്കിസ്ഥാനെ തോല്‍പ്പിച്ച ശ്രീലങ്ക രണ്ടാം സ്ഥാനക്കാരുമായി.

അടുത്ത തവണ 1986ല്‍ ശ്രീലങ്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ നയതന്ത്ര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യ പിന്മാറി. ഇന്ത്യയ്ക്ക് പകരം ബംഗ്ലാദേശാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. പാക്കിസ്ഥാനെ തോല്‍പ്പിച്ച് ശ്രീലങ്ക രണ്ടാം ഏഷ്യാകപ്പില്‍ മുത്തമിട്ടു.

1988ല്‍ ബംഗ്ലാദേശിലായിരുന്നു ടൂര്‍ണമെന്റ്. ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ രണ്ടാം വട്ടം ചാമ്പ്യന്‍മാരായി. 1990-91 ല്‍ ഇന്ത്യയില്‍ നടന്ന ഏഷ്യാകപ്പില്‍ ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പാക്കിസ്ഥാന്‍ വിട്ടു നിന്നു. ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളുടെ പേരില്‍ 1993 ല്‍ ടൂര്‍ണമെന്റ് റദ്ദാക്കി.

1995 ല്‍ യു.എ.ഇയില്‍ ഇന്ത്യ ശ്രീലങ്കയെ വീണ്ടും തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ 1997 ല്‍ സ്വന്തം നാട്ടില്‍ വച്ച് ശ്രീലങ്ക പകരം വീട്ടി.

2000വരെ കാത്തിരിക്കേണ്ടി വന്നു പാക്കിസ്ഥാന് ഏഷ്യയുടെ സുല്‍ത്താനാകാന്‍. ശ്രീലങ്കയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഏഷ്യാകപ്പ് നേടി.

2004 ശ്രീലങ്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ യു.എ.ഇയും ഹോങ് കോങും അടക്കം ആറ് ടീമുകള്‍ പങ്കെടുക്കുന്ന രീതിയിലേക്ക് ഏഷ്യാകപ്പ് മാറി. സൂപ്പര്‍ ഫോര്‍ രീതി ഈ ടൂര്‍ണമെന്റിലായിരുന്നു തുടക്കം. ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയോട് തോല്‍ക്കുകയായിരുന്നു. 2008ലും ഇതേ വിജംയം ആവര്‍ത്തിച്ചു.

2010ല്‍ വീണ്ടും നാല് രാജ്യങ്ങള്‍ മാത്രം പങ്കെടുക്കുന്ന ടൂര്‍ണമെന്റായി ഏഷ്യാകപ്പ് മാറി. ശ്രീലങ്കയെ തോല്‍പ്പിച്ച് വീണ്ടും ഇന്ത്യ ചാമ്പ്യന്‍മാരായി.

2012 എഡിഷനിലാണ് ആദ്യമായി ബംഗ്ലാദേശ് ഫൈനലിലെത്തുന്നത്. പാക്കിസ്ഥാനോട് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. 2014ലാണ് അഫ്ഗാന്‍ ആദ്യ ഏഷ്യാകപ്പ് കളിക്കുന്നത്. പാക്കിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക കപ്പടിച്ചു.

2016ല്‍ നടന്ന ടൂര്‍ണമെന്റ് 20-20യായിരുന്നു. ബംഗ്ലാദേശിനെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് കപ്പ് നേടി.

2018 ല്‍ വീണ്ടും എകദിന രൂപത്തിലേക്ക് ഏഷ്യാ കപ്പ് വന്നു. ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. അഫ്ഗാനിസ്ഥാനോട് സമനിലയും ഹോങ് കോങ് , ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവരോട് ഇന്ത്യ വിജയിക്കുകയും ചെയ്തു.

Read More >>