കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ എല്ലാം 'ഓ.കെ'

ഏതു അപരിചിതനും ആണോ പെണ്ണോ കുട്ടികളോ ആവട്ടെ, ധൈര്യമായി ചെന്നിറങ്ങാവുന്ന ഇടമാണ് കൊണ്ടോട്ടി ബസ് സ്റ്റാന്റ്. അവർക്കവിടെ വഴിതെറ്റുകയില്ല, അവരെ വഴിതെറ്റിക്കാൻ ആർക്കും ആവുകയുമില്ല. കാരണം അവിടെ ഒ.കെയുണ്ടാവും. യാത്രികർക്കു വഴി കാണിക്കൽ മാത്രമല്ല, അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യും. രോഗിയോ, വിശപ്പു സഹിക്കാനാവാത്തവരോ ആരുമാവട്ടെ ഒ.കെ അതു പരിഹരിച്ചിരിക്കും.

കൊണ്ടോട്ടി ബസ് സ്റ്റാൻഡിൽ എല്ലാം ഓ.കെ

കൊണ്ടോട്ടി: കഴിഞ്ഞ അര നൂറ്റാണ്ടിലേറെക്കാലമായി ഒ.കെയെ അറിയാത്തവരായി ആരും കൊണ്ടോട്ടി ബസ്‌സ്റ്റാന്റുവഴി കടന്നു പോയിക്കാണില്ല. രാവിലെ ആറുമണി മുതൽ രാത്രി ഏഴുമണിവരെയോ അതിലധികമോ സമയമാണ് ഒ.കെ ബസ്റ്റാന്റിൽ ഉണ്ടാവുക. നാലാം ക്ലാസിൽ പഠിക്കവെ പിതാവ് ഉണ്ണീൻ കുട്ടിയുടെ കൈയും പിടിച്ച് ബസ്സ്റ്റാന്റിൽ എത്തിയതാണ്; ഏതാണ്ട് പത്തു വയസുള്ളപ്പോൾ. ഇപ്പോൾ 76 വയസിന്റെ നിറവിലാണ് ഒ.കെ മുഹമ്മദ്. ഇതിനിടയിൽ വിവാഹം ചെയ്ത് എട്ടുമക്കളായി. ഒരാണും ഏഴു പെണ്ണും. മക്കയിൽ പോയി ഹാജിയുമായി.

ഏതു അപരിചിതനും ആണോ പെണ്ണോ കുട്ടികളോ ആവട്ടെ, ധൈര്യമായി ചെന്നിറങ്ങാവുന്ന ഇടമാണ് കൊണ്ടോട്ടി ബസ് സ്റ്റാന്റ്. അവർക്കവിടെ വഴിതെറ്റുകയില്ല, അവരെ വഴിതെറ്റിക്കാൻ ആർക്കും ആവുകയുമില്ല. കാരണം അവിടെ ഒ.കെയുണ്ടാവും. യാത്രികർക്കു വഴി കാണിക്കൽ മാത്രമല്ല, അവരുടെ പ്രശ്‌നങ്ങളിൽ ഇടപെടുകയും ചെയ്യും. രോഗിയോ, വിശപ്പു സഹിക്കാനാവാത്തവരോ ആരുമാവട്ടെ ഒ.കെ അതു പരിഹരിച്ചിരിക്കും.

ഒ.കെക്കു ആരും ഒന്നും കൊടുക്കേണ്ട. പക്ഷെ, ഒ.കെ ആവശ്യപ്പെടുന്നവർക്ക് നിങ്ങൾ സഹായം കൊടുക്കേണ്ടിവരും. കാൻസർ രോഗികൾ, വൃക്കരോഗികൾ, വീടില്ലാത്തവർ, ഓട്ടിസം ബാധിച്ചവർ..... ഇങ്ങനെ ജീവിതത്തിന്റെ ഉരുക്കങ്ങളിൽപ്പെട്ട ആർക്കും ഒ.കെയുടെ കൈത്താങ്ങുണ്ട്. നമ്മുടെ നാട്ടിൽ പല സംഘടനകളും അവശർക്കുവേണ്ടി സംഘടിത ഫണ്ട് സ്വരൂപം തുടങ്ങുന്നതിനുമുമ്പേ ഒ.കെ ഈ പ്രസ്ഥാനം ആരംഭിച്ചുകഴിഞ്ഞിരുന്നു. കൊണ്ടോട്ടി ബസ്‌ സ്റ്റാന്റിൽ എത്തുന്ന സാധാരണ ജനങ്ങളിൽ നിന്ന് നാണയത്തുട്ടുകൾ പിരിച്ച് ലക്ഷക്കണക്കിനു രൂപയുടെ റിലീഫ് പ്രവർത്തനമാണ് ഈ ഒറ്റയാൾക്കമ്മിറ്റി നടത്തുന്നത്. ഇക്കാലം വരെയും ഒ.കെക്കെതിരെ ഒരാളും ഒരു പഴിവാക്കു പറഞ്ഞിട്ടില്ല; അത്രക്ക് വിശ്വസ്തൻ.


വൃക്കരോഗികളെയും കാൻസർരോഗികളെയും സഹായിക്കുന്നതിന് ചില വ്യക്തികളെ സമീപിച്ച് ഗഡുക്കളായി പണം സ്വരൂപിച്ച് എത്തിച്ചു കൊടുക്കുന്ന പദ്ധതിയുമുണ്ട് ഒ.കെക്ക്. നാലു വൃക്കരോഗികൾക്കായി 48000 രൂപ ഈയടുത്തദിവസം അദ്ദേഹം നൽകി. പലരിൽ നിന്ന് ആയിരം രൂപ-വീതം ഗഡുക്കളായി വാങ്ങുകയായിരുന്നു.

വേങ്ങരയിലെ പരേതനായ പൂക്കോയ തങ്ങളുടെ മകൾ തസ്‌രിയയുടെ ചികിത്സക്ക് ബസ് യാത്രക്കാരിൽ നിന്ന് ഒ.കെ പിരിച്ചെടുത്ത അരലക്ഷം രൂപ കഴിഞ്ഞ മാർച്ച് 20 ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി യെ ഏൽപിച്ചു.

ഓട്ടിസം ബാധിച്ച് അവശനിലയിലായ പാലക്കാട്ടുകാരൻ സാബിറലിയുടെ ദയനീയ കഥ പത്രത്തിൽ വായിച്ച ഒ.കെ, സാബിറലിക്കുവേണ്ടി ബസ്സ്റ്റാന്റ് പിരിവുനടത്തി. 16000രൂപ കൊണ്ടോട്ടി എസ്.ബി.ഐ ബ്രാഞ്ചിൽ നിക്ഷേപിച്ചത് ഈയടുത്ത ദിവസമാണ്. മുസ്‌ലിംലീഗിന്റെ പഴയ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്ന ആദർശവാൻ കൂടിയാണ് ഒ.കെ എന്ന മുഹമ്മദാജി. ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമാരായിരുന്ന മുഹമ്മദ് ഇസ്മാഈൽ സാഹിബും ബാഫഖി തങ്ങളുമൊക്കെയായി അടുത്ത ബന്ധമുണ്ടായിരുന്നു. സി.എച്ച് മുഹമ്മദ്‌കോയ, പാണക്കാട്ട് തങ്ങൾ കുടുംബം..... ഇതൊക്കെ ഒ.കെ യുടെ എന്നത്തെയും ആവേശമാണ്. കുട്ടിക്കാലത്ത് മുസ്‌ലിം ലീഗിനുവേണ്ടി അനേകം നാഴികകൾ സൈക്കിൾ ജാഥ നടത്തിയ കഥകളും പറയാനുണ്ട് വയോധികനായ ഈ അത്യുത്സാഹിക്ക്.
Read More >>