ആന്റണിയെ എന്ത്കൊണ്ട് വിമര്‍ശിച്ചുകൂടാ..!

അധികാരത്തിന്റെയും പദവികളുടെയും അപ്പവും വീഞ്ഞും ആന്റണിയോളം നുകര്‍ന്നവര്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നു പറയാം. ആന്റണിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് തിട്ടൂരം പുറപ്പെടുവിച്ച് രംഗത്തുവന്നിട്ടുള്ള വി.എം സുധീരന്‍,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരൊക്കെ ആന്റണിയുടെ കൃപാകടാക്ഷത്തിന് പാത്രീഭൂതരാണ്.

ആന്റണിയെ എന്ത്കൊണ്ട് വിമര്‍ശിച്ചുകൂടാ..!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ് ദയനീയ പരാജയത്തിന്റെ കാര്യകാരണങ്ങള്‍ തേടുകയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ. രാജിയില്‍ ഉറച്ചു നില്‍ക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു പ്രധാന ചര്‍ച്ച. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം എറ്റെടുത്തു രാഹുല്‍ രാജിക്കൊരുങ്ങുമ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മലയാളി മുഖമായ എ.കെ ആന്റണിയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത്.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ വിലങ്ങുതടിയായത് ആന്റണിയാണെന്ന വാദമാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. ഡല്‍ഹി, ആന്ധ്രാപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം രാഹുല്‍ സഖ്യത്തെ അനുകൂലിച്ചപ്പോള്‍ ആന്റണി എതിര്‍ത്തുവെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നത്. ഈയൊരവസരത്തിലാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് കുറിപ്പ് ശ്രദ്ധേയമാകുന്നത്. കുറിപ്പിലൂടെ എ.കെ ആന്റണിക്കെതിരെ തുറന്നടിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ആന്റണി എന്തുകൊണ്ട് വിമര്‍ശിക്കപ്പെട്ടുകൂടാ?

കോണ്‍ഗ്രസില്‍ എ.കെ ആന്റണി വിമര്‍ശിക്കപ്പെടരുത് എന്നത് ഗ്രൂപ്പുനേതാക്കള്‍ ചേര്‍ന്നെടുത്തിട്ടുള്ള അലിഖിത നിയമമാണ്. അക്ഷരംപ്രതി അത് പാലിക്കാന്‍ നേതാക്കള്‍ മല്‍സരത്തിലാണെന്നും. 2001-2006 കാലയവ് പൂര്‍ത്തിയാക്കാതെ,

മുഖ്യമന്ത്രിയായിരിക്കെ രാജിവച്ചൊഴിഞ്ഞതിന് ശേഷം ആന്റണി പിന്നീട് ഗ്രൂപ്പിന്റെ അപ്പോസ്തലനായില്ല. അതുവരെ ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും നയിച്ച ഗ്രൂപ്പിന്റെ നേതാവ് ആന്റണിയായിരുന്നു. മുന്നില്‍ നിന്നും കരുണാകരനും പിന്നില്‍ നിന്നും ചാണ്ടിയും കുത്തിയപ്പോഴാണ് ആന്റണി ഗ്രൂപ്പ് രാഷ്ട്രീയം വിട്ടത്. അതിന് ശേഷം ഗ്രൂപ്പ് ഭേദമന്യേ എല്ലാനേതാക്കളും വഴിപാട് നടത്തുന്നത് ആന്റണിക്ക് മുന്നിലായിരുന്നു. തോല്‍വിയുടെ പതനം ഏറ്റെടുത്ത് രാഹുല്‍ രാജിക്കൊരുങ്ങിയപ്പോള്‍ ആദ്യം രാജി വയ്ക്കേണ്ടിയിരുന്നത് ആന്റണിയായിരുന്നു,എന്നാല്‍ അതുണ്ടായില്ല. വയലാര്‍ രവിയും മറ്റും ചേര്‍ന്ന് കെ.എസ്.യു രൂപീകരിച്ചതിന് ശേഷമാണ് ആന്റണി നേതൃത്വത്തിലെത്തിയത്. പിന്നീട് ഇങ്ങോട്ട് സ്ഥാനമാനങ്ങളില്ലാത്ത ആന്റണിയെ ആരും കണ്ടിട്ടില്ല.

മുഖ്യമന്ത്രി,കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്,എ.ഐ.സി.സി ജനറല്‍സെക്രട്ടറി,കേന്ദ്രമന്ത്രി,കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം,പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റിയിലെ പ്രധാനി......പദവികള്‍ ഒരുപാടെത്തി ഇക്കാലയളവില്‍. കോണ്‍ഗ്രസിന്റെ ദേശീയ പതനത്തിന്റെ ഉത്തരവാദികളുടെ കണക്കെടുത്താല്‍ അതില്‍ ആദ്യപേരുകളിലൊന്നും ആന്റണിയാണ്. അധികാരത്തിന്റെയും പദവികളുടെയും അപ്പവും വീഞ്ഞും ആന്റണിയോളം നുകര്‍ന്നവര്‍ കോണ്‍ഗ്രസില്‍ ഇല്ലെന്നു പറയാം. ആന്റണിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് തിട്ടൂരം പുറപ്പെടുവിച്ച് രംഗത്തുവന്നിട്ടുള്ള വി.എം സുധീരന്‍,രമേശ് ചെന്നിത്തല,മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരൊക്കെ ആന്റണിയുടെ കൃപാകടാക്ഷത്തിന് പാത്രീഭൂതരാണ്.

കേരളത്തില്‍ നിന്നും ആരെ പദവികളിലെടുക്കണമെങ്കിലും ആന്റണിയുടെ പേനയില്‍ നിന്നുള്ള ഒപ്പ് ആവശ്യമാണ്. അതുകൊണ്ട് ആന്റണിയിന്നും കോണ്‍ഗ്രസില്‍ വിശുദ്ധനാണ്,വാഴ്ത്തപ്പെട്ടവനാണ്. കരുണാകാരന്‍ മക്കളെ രാഷ്ട്രീയത്തിലിറക്കിയപ്പോള്‍,അതിനെതിരെ കേരളത്തിലങ്ങോളം ഗ്രൂപ്പിന്റെ റോഡ്ഷോ നടത്തിയത് ആന്റണിയുടെ അനുഗ്രഹാശിസുകളോടെ ചാണ്ടിയായിരുന്നുവെന്നത് ആരും മറന്നിട്ടില്ല. ഇന്ന് ആന്റണിയുടെ മകനാണ് കെ.പി.സി.സി ഐ.ടി സെല്ലിന്റെ തലവന്‍. കേരളത്തിലെ കോണ്‍ഗ്രസില്‍ കരുണാകരന് നീതി കിട്ടാത്തിടത്താണ് ആന്റണി വാഴ്ക.....വാഴ്കയെന്ന് ആരവം ഉയരുന്നത്. രണ്ട് യു.പി.എ സര്‍ക്കാരുകളിലും ഉന്നത പദവിയിലിരുന്ന ആന്റണി കേരളത്തിന്റെ സമഗ്രപുരോഗതിക്ക് എന്തു ചെയ്തു എന്നു അനുയായികള്‍ തുറന്നുപറയണം.

കഞ്ചിക്കോട് റെയില്‍ കോച്ച് ഫാക്ടറി പൊതുമേഖലയില്‍ തുടങ്ങിയിരുന്നെങ്കില്‍ ഇന്നത് യാഥാര്‍ഥ്യമായേനെ. അതിന് പകരം സര്‍ക്കാര്‍-സ്വകാര്യ സംയുക്ത സംരംഭമാക്കിയതാണ് അതിന്റെദുര്‍ഗതിക്ക് കാരണം. യു.പി.എയില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ രണ്ടാംസ്ഥാനക്കാരനായിരുന്ന ആന്റണിക്ക് കേരളത്തില്‍ ഒരു റയില്‍വേ സോണ്‍പോലും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. തമിഴ്നാട്ടില്‍ നിന്നുള്ള ചിദംബരം ആ നാടിന് കൊണ്ടുവന്ന വികസനം ആന്റണി ആരാധകര്‍ കണ്ണുതുറന്നു കാണണം. ആന്റണി ഒഴുക്കിനനുസരിച്ച നീന്തി കോണ്‍ഗ്രസിന്റെ കരപറ്റിയിരിക്കുന്ന നേതാവാണ്. ആന്റണി പാര്‍ട്ടിയുടെ വിശുദ്ധനുമല്ല,പുണ്യാളനുമല്ല. ആന്റണിയല്ല,ആരാലും വിമര്‍ശിക്കപ്പെടണം,വിശേഷിച്ചും എല്ലാം തെരുവില്‍ അലക്കുന്ന കോണ്‍ഗ്രസില്‍........

Read More >>