ഏകാധിപത്യം ജനാധിപത്യക്കസേരയിൽ

ഡിസംബർ 30നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഹസീനയുടെ ഏകാധിപത്യം വ്യക്തമായിരുന്നു. നവംബർ എട്ടിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷം 14000 ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പ്രവർത്തകരെയാണ് ജയിലിൽ അടച്ചത്‌

ഏകാധിപത്യം   ജനാധിപത്യക്കസേരയിൽ

'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' ഇതാണ് ബംഗ്ലാദേശിലെ അവസ്ഥ. അധികാരക്കൊതിയിൽ എതിരാളികളെ ഏതുവിധേനെയും ഇല്ലായ്മചെയ്യുന്ന അവസ്ഥ. നാലാംതവണയും പ്രധാനമന്ത്രിപദത്തിലെത്തുന്ന ഷെയ്ഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തിൽ പൊറുതിമുട്ടുന്നത് സാധാരണക്കാരാണ്. ബംഗ്ലാദേശിന്റെ ചരിത്രത്തിൽ നാലുതവണ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യവ്യക്തിയാണ് ഷെയ്ഖ് ഹസീന. ചിലർ ഉരുക്കുവനിതയെന്ന് വാഴ്ത്തുമ്പോഴും സ്വേച്ഛാധിപത്യത്തിന്റെ ആൾരൂപമെന്ന വിശേഷണം ഹസീനയ്ക്ക് ചാർത്തിനൽകുന്നവർ ഏറെയാണ്. പ്രതിപക്ഷശബ്ദം ഇല്ലാതാക്കിയാണ് ഹസീനയുടെ ജൈത്രയാത്ര. ഇതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് പ്രതിപക്ഷനേതാവ് ഖാലിദ സിയ.

1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവാണ് ബീഗം ഖാലിദ സിയ. 1991ൽ അധികാരത്തിലെത്തിയപ്പോൾ രാഷ്ട്രചരിത്രത്തിൽ ഒരു ജനാധിപത്യ ഭരണകൂടത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിത കൂടിയായി ഇവർ. 1988-1990 കാലഘട്ടത്തിൽ പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്ക് ശേഷം ഇസ്ലാമികലോകത്ത് ഈ ബഹുമതി നേടുന്ന രണ്ടാമത്തെ സ്ത്രീയായിരുന്നു ഖാലിദ സിയ. തന്റെ ഭർത്താവായിരുന്ന പ്രസിഡന്റ് സിയാവൂർ റഹ്മാൻ 1970കളുടെ അവസാനം സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി.) കക്ഷിയുടെ നേതാവുമാണ് ഖാലിദ സിയ. അഴിമതിക്കേസിൽപ്പെട്ടല്ല, അഴിമതിക്കേസിൽ കുടുക്കി കഴിഞ്ഞ ഫെബ്രുവരി മുതൽ 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണ് 73കാരിയായ ഖാലിദ സിയ. കുടുംബരാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന്, ചിരവൈരികളായ ഖാലിദയും ഹസീനയും മാറി മാറി ഭരണം കയ്യാളിയിരുന്നു. കഴിഞ്ഞ 10 വർഷം കൊണ്ടാണു ഖാലിദയെ ഒതുക്കി ഹസീന അതിശക്തയായത്. ശരീരം ഭാഗികമായി തളർന്ന് ഖാലിദ തീർത്തും അവശയാണെന്നാണ് റിപ്പോർട്ട്. ഖാലിദയുടെ മകനും ബി.എൻ.പി ആക്ടിങ് മേധാവിയുമായ താരീഖ് റഹ്മാൻ, ഹസീനയ്‌ക്കെതിരെ 2004ൽ നടന്ന ഗ്രനേഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയായി ലണ്ടനിൽ കഴിയുകയാണ്.

ഡിസംബർ 30നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഹസീനയുടെ ഏകാധിപത്യം വ്യക്തമായിരുന്നു. നവംബർ എട്ടിന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു ശേഷം 14000 ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പ്രവർത്തകരെയാണ് ജയിലിൽ അടച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 13 പേർ കൊല്ലപ്പെടുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. എതിർശബ്ദത്തിന് പ്രസക്തിയില്ലാത്ത രാജ്യത്ത് ഒരു ഏകാധിപതി നിരന്തരം അധികാരത്തിലെത്തുന്നതിൽ വലിയ പുതുമയൊന്നുമില്ല. 350 അംഗ പാർലമെന്റിൽ തിരഞ്ഞെടുപ്പു നടന്ന 299 സീറ്റുകളിൽ 288 എണ്ണവും ഹസീനയുടെ അവാമി ലീഗും സഖ്യകക്ഷികളും നേടി. ആകെ വോട്ടിൽ 82 ശതമാനവും ഭരണസഖ്യത്തിനാണ്. ഖാലിദ സിയയുടെ പാർട്ടിയായ ബി.എൻ.പിക്കും സഖ്യകക്ഷികൾക്കും കൂടി ആകെ ലഭിച്ചത് ഏഴു സീറ്റ് മാത്രം. ചിന്താശേഷിയും പ്രതികരണശേഷിയുമുള്ള ജനങ്ങൾ ഉണ്ടായിട്ടും ജനാധിപത്യം അട്ടിമറിച്ച് അധികാരക്കസേര സ്വന്തമാക്കുന്ന പ്രതിനിധികൾ ലോകത്ത് ഉയർന്നുവരുന്നത് ദൗർഭാഗ്യകരം തന്നെ.

ജൂലിയൻ അസാൻജ്; മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ ഇര

സത്യങ്ങൾ പുറത്തുകൊണ്ടുവന്നതിന്റെ പേരിൽ ഭരണകൂടത്തിന്റെ വേട്ടയാടലുകൾക്ക് വിധേയനായ മാദ്ധ്യമപ്രവർത്തകനാണ് ജൂലിയൻ അസാൻജ്. മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ പകൽവെളിച്ചത്തിലെത്തിക്കുകയും അത് ആഗോളതലത്തിൽ ചർച്ചയാകുകയും ചെയ്തതോടെ ഇരുട്ടിലായത് അസാൻജിന്റെ ജീവിതവും ഭാവിയുമാണ്. യു.എസ് സർക്കാരിന്റെ രഹസ്യാന്വേഷണ രേഖകൾ വിക്കിലീക്‌സ് പുറത്തുവിട്ടതു മുതൽ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയ അസാൻജ് 2012 മുതൽ ബ്രിട്ടണിലെ ഇക്വഡോർ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. യു.എസ്സിന്റെ ഭീഷണിയും സൈനിക നടപടികളും ഭയന്നാണ് അസാൻജ് ബ്രിട്ടണിലെത്തിയത്.

അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു.എസ് നടത്തിയ രഹസ്യപ്രവർത്തനങ്ങളുടെ രേഖകൾ ചോർത്തി പുറത്തുവിട്ടതോടെയാണ് അസാൻജ് ലോകശ്രദ്ധ നേടുന്നത്. നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളും ഇപ്രകാരം പുറത്തുവന്നു. 2010ന്റെ അവസാനം മൂന്നുലക്ഷത്തിൽ അധികം പേജുകൾ വരുന്ന രേഖകളുടെ പുറത്തുവിടലോടെ യു.എസ്സിന്റെ കണ്ണിലെ കരടായി അസാൻജ് മാറി. എല്ലാ രാജ്യങ്ങളിലുമുള്ള യു.എസ് എംബസികൾ വഴി ചാരപ്രവർത്തനം നടന്നിരുന്നു എന്നതും, സഖ്യരാജ്യങ്ങളുടെ തലവന്മാരെപ്പറ്റി തരംതാണ രീതിയിൽ യു.എസ് നേതാക്കൾ പരാമർശം നടത്തി എന്നുമുള്ള വെളിപ്പെടുത്തലുകൾ ഭരണകൂടത്തെ അന്താരാഷ്ട്രതലത്തിൽ പ്രതിരോധത്തിലാക്കി. യു.എസ്സിനു പുറമേ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്മാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ പുറത്തുവരികയുണ്ടായി. കേബിൾഗേറ്റ് വിവാദം എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ അസാൻജിനെ ശത്രുവായി ചാപ്പകുത്താനും അദ്ദേഹത്തെ പിടികൂടുവാനും യു.എസ് ശ്രമങ്ങളാരംഭിച്ചു. അസാൻജിനെ സഹായിച്ചെന്നു സംശയമുള്ള അമേരിക്കൻ സൈനിക ഉദ്യോഗസ്ഥർക്കെതിരേ 'ശത്രുവിനു വിവരം നൽകൽ' എന്ന ഗുരുതരമായ കുറ്റം ചുമത്താനും യു.എസ് തീരുമാനിച്ചു.

മുൻ യു.എസ് സൈനികൻ ബ്രാഡ്ലി മാനിങ് അസാൻജിന് രഹസ്യങ്ങൾ ചോർത്തിക്കൊടുത്തു എന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ്. കേബിൾഗേറ്റ് വിവാദം ലോകത്തുണ്ടാക്കിയത് സമ്മിശ്ര പ്രതികരണമായിരുന്നു. അദ്ദേഹത്തെ വീരനായകനായി കാണുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒട്ടനവധി പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ടുവന്നപ്പോഴും, പല ഭരണകൂടങ്ങളും വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളും അസാൻജിന്റെയും വിക്കിലീക്‌സിന്റേയും ശ്രമങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. യു.എസ്, ഓസ്‌ട്രേലിയ, ചൈന തുടങ്ങി ഒട്ടനവധി രാജ്യങ്ങൾ വിക്കിലീക്‌സ് നിരോധിക്കുകയോ, അതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തു. ഫേസ്ബുക്ക്, ഓൺലൈൻ സാമ്പത്തിക സ്ഥാപനങ്ങളായ വിസ, മാസ്റ്റർകാർഡ്, ആമസോൺ, ആപ്പിൾ ഐ.എൻ.സി തുടങ്ങിയവ വിക്കിലീക്‌സിനെതിരെ സേവന നിരോധനം കൊണ്ടുവന്നു. ഇത് വൻ പ്രതിഷേധങ്ങൾക്കും വിക്കിലീക്‌സിനോട് അനുഭാവം പ്രകടിപ്പിക്കുന്ന ഹാക്കർ ഗ്രൂപ്പുകളുടെ പ്രതികാര നടപടികൾക്കും കാരണമായി.

കൂടുതൽ വെളിപ്പെടുത്തലുകളുമായി അസാൻജ് എത്തുകയും മാദ്ധ്യമശ്രദ്ധ വർദ്ധിക്കുകയും ചെയ്തതോടെ, സ്വീഡനിൽ അദ്ദേഹത്തിനെതിരേ രണ്ട് ലൈംഗികാരോപണങ്ങൾ ഉയരുകയും സ്വീഡിഷ് സർക്കാർ അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഇത് യു.എസ്സിന്റെ സമ്മർദ്ദത്തിനു വഴങ്ങി കെട്ടിച്ചമച്ച കേസാണെന്ന് വ്യാപക വിമർശനം ഉയരുകയുണ്ടായി. തന്നെ പിടികൂടി യു.എസ്സിനു കൈമാറാനുള്ള ശ്രമമാണു നടക്കുന്നതെന്ന് അസാൻജും ആരോപിച്ചു. 2010 നവംബർ-30ന് അസാൻജിനെതിരെ ലൈംഗികാതിക്രമങ്ങളുമായിബന്ധപ്പെട്ട കേസിൽ ഇന്റർപോൾ റെഡ് വാറണ്ട് നോട്ടീസ് പുറപ്പെടുവിച്ചു. അറസ്റ്റ് ഭീഷണി മൂലം പല രാജ്യങ്ങളിലായി മാറി മാറി താമസിച്ചു. കുരുക്ക് മുറുകിയതോടെ ബ്രിട്ടണിലെ കോടതിയിൽ കീഴടങ്ങിയ അസാൻജിനെ തടവിലാക്കി. അപ്പോഴും ലോകമെമ്പാടു നിന്നും ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങൾ വഴി വൻ പിന്തുണയാണ് അസാൻജിന് ലഭിച്ചുകൊണ്ടിരുന്നത്. ബ്രിട്ടീഷ് കോടതി വിധിച്ച ജാമ്യത്തുക കണ്ടെത്താൻ ഈ പിന്തുണ സഹായകരമായി. തക കെട്ടിവച്ചതോടെ 2010 ഡിസംബർ 17ന് അസാൻജിനു ജാമ്യം ലഭിച്ചു. നാടകീയമായി ലണ്ടനിലെ ഇക്വഡോർ എംബസ്സിയിൽ അഭയം തേടിയ അസാൻജിന്, ഇക്വഡോർ ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചു. ഇത് ബ്രിട്ടനും ഇക്വഡോറും തമ്മിലുള്ള ബന്ധങ്ങളിൽ ചെറിയ ഉലച്ചിലുണ്ടാക്കിയെങ്കിലും ഇക്വഡോർ എംബസ്സിയുടെ പരമാധികാരത്തിൽ കൈകടത്തി അസാൻജിനെ അറസ്റ്റ് ചെയ്യാൻ ബ്രിട്ടൺ തുനിഞ്ഞില്ല.

അതിനിടെ അസാൻജിന് നൽകിയിരുന്ന ഇന്റർനെറ്റ് സൗകര്യം രണ്ടുതവണ ഇക്വഡോർ റദ്ദാക്കി. ജൂലിയൻ അസാൻജിന് ലണ്ടനിലെ ഇക്വഡോർ എംബസിക്ക് പുറത്തേക്ക് ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങളാണ് എടുത്തുകളഞ്ഞത്. യൂറോപ്യൻ യൂണിയന്റെയും മറ്റ് രാജ്യങ്ങളുടെയും കാര്യങ്ങളിൽ ഇടപെടരുതെന്ന കരാറിലാണ് അഭയം നൽകിയതെന്നും എന്നാൽ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അസാൻജ് കരാർ ലംഘിച്ചതായും ഇക്വഡോർ ആരോപിച്ചു. അസാൻജിന്റെ സോഷ്യൽമീഡിയ കുറിപ്പുകൾ ബ്രിട്ടണുമായുള്ള നയതന്ത്രബന്ധത്തെ ബാധിച്ചതായും ഇക്വഡോർ പത്രക്കുറിപ്പിൽ പറഞ്ഞു. എന്നാൽ ഏത് സന്ദേശമാണ് കരാർലംഘനത്തിനു കാരണമായതെന്ന് വ്യക്തമാക്കിയില്ല. ഇക്വഡോറുമായി ഇങ്ങനെയൊരു കരാറിൽ അസാൻജ് ഏർപ്പെട്ടിരുന്നില്ലെന്ന് വിക്കിലീക്സ് ട്വിറ്ററിൽ അറിയിച്ചിരുന്നു.

ഇക്വഡോർ എംബസ്സിയിൽ നിന്ന് ഇറങ്ങുന്ന ആ നിമിഷം യു.എസ് അസാൻജിനെ പിടികൂടി തടവിലാക്കും. അസാൻജിലൂടെ പുറത്തുവരുന്ന രേഖകൾ തങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാണെന്ന വ്യക്തമായ ബോധം യു.എസ്സിന് ഉള്ളതുകൊണ്ടു തന്നെ പിന്നീടൊരു മോചനം സാദ്ധ്യമാകുകയുമില്ല.

Next Story
Read More >>