നവോത്ഥാനത്തെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്

ശബരിമലയിലെ മണ്ഡലകാലം കഴിയുകയും ലോക്സഭാ തെരഞ്ഞെടുപ്പ് ആഗതമാവുകയും ചെയ്തതോടെ നവോത്ഥാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണ വിരാമമായി

നവോത്ഥാനത്തെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്

നവോത്ഥാനത്തെ കുറിച്ചായിരുന്നു നമ്മള്‍, കേരളീയര്‍ സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്തത്. സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയിലെ യുവതീപ്രവേശം ചൂടേറിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒരുവേള അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കും നിമിത്തമായപ്പോഴാണ് ആ ചര്‍ച്ച സജീവമായത്. അത് നാം പിന്നിട്ട രണ്ടു നൂറ്റാണ്ടു കാലത്തെ സംഘര്‍ഷഭരിതവും പരിവര്‍ത്തനോന്മുഖവും ആയ നിരവധി ചരിത്ര സംഭവങ്ങളിലേക്കും മുഹൂര്‍ത്തങ്ങളിലേക്കും നമ്മുടെ ഓര്‍മ്മകളെ പുനരാനയിച്ചു. എത്രമാത്രം ത്യാഗഭരിതമായ വഴികള്‍ പിന്നിട്ടാണ് നമ്മളെങ്ങനെ നമ്മളായെന്ന് എന്ന തിരിച്ചറിവിലേക്ക്, കേരളത്തിന്റെ മുക്കിലും മൂലയിലും നടന്ന നവോത്ഥാന സംവാദങ്ങള്‍ മലയാളികളെ; വിശേഷിച്ച് യുവതലമുറയെ കൊണ്ടെത്തിച്ചു.

ശബരിമലയിലെ യുവതീ പ്രവേശത്തെ ആസ്പദമാക്കിയായിരുന്നു ആ സംവാദങ്ങള്‍ എന്നതുകൊണ്ടു തന്നെ സ്വാഭാവികമായും അതിന്റെ കേന്ദ്രപ്രമേയം സ്ത്രീ-പുരുഷ സമത്വം, സ്ത്രീ വിമോചനം എന്നീ മേഖലകളെ ചുറ്റിപ്പറ്റിയായിരുന്നു.

ശബരിമലയിലെ മണ്ഡലകാലം കഴിയുകയും ലോക്സഭാ തെരഞ്ഞെടുപ്പ് ആഗതമാവുകയും ചെയ്തതോടെ നവോത്ഥാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ്ണ വിരാമമായി. അതിനെ നാം വഴിയില്‍ എവിടെയോ ഉപേക്ഷിച്ചു. എന്നാല്‍, കേരളത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന ചില സമീപകാല സംഭവങ്ങള്‍, ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയേണ്ട ഒരു പാഴ് വാക്കല്ല നവോത്ഥാനം എന്ന് പേര്‍ത്തും പേര്‍ത്തും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. തങ്ങളുടെ രാഷ്ട്രീയ ദുഷ്‌കൃതികള്‍ക്ക് ന്യായീകരണം ചമക്കാന്‍ പണ്ഡിതരായ പാണന്മാരെക്കൊണ്ട് പാടിത്തീര്‍ക്കാവുന്നതല്ല നവോത്ഥാനത്തിന്റെ വീരഗാഥകള്‍ എന്ന തിരിച്ചറിവ് ആദ്യം ഉണ്ടാവേണ്ടത് ഇവിടുത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാണ്. കാരണം, കേരളീയ നവോത്ഥാനത്തിന്റെ, അതിന്റെ നായിക-നായകന്മാരുടെ ഉദ്വേഗങ്ങള്‍ മനുഷ്യത്വത്തെ ചൊല്ലിയായിരുന്നു. ജാതി, മത ഭേദങ്ങള്‍ ഇല്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാകുന്ന ഒരു കേരളത്തെ പറ്റിയായിരുന്നു ശ്രീ നാരായണ ഗുരുവും അയ്യന്‍ കാളിയും വി.ടി ഭട്ടതിരിപ്പാടും പൊയ്കയില്‍ ശ്രീകുമാര ഗുരുവും വക്കം മൗലവിയും മറ്റും ആകുലപ്പെട്ടത്. താന്താങ്ങളുടെ സമുദായ ചുറ്റുപാടുകളെ കൂടുതല്‍ മനുഷ്യത്വപൂര്‍ണ്ണമാക്കാന്‍ അവര്‍ ഓരോരുത്തരും സ്വകീയമായ വഴികള്‍ സ്വീകരിച്ചു. അതിനായി അനാചാരങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനും ആചാരധ്വംസനം നടത്താനും അവര്‍ ഒരുമ്പെട്ടു.

അനാചാരങ്ങളുടെ ഭ്രാന്താലയമെന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ച ഇടത്തു നിന്ന് മനുഷ്യര്‍ സോദരേത്വന വസിക്കുന്ന മാതൃകാ സ്ഥാനമാക്കി കേരളത്തെ മാറ്റിയ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അന്തഃസത്തയെയാണ് ആന്തൂരിലെ യുവ സംരംഭകന്റെ ആത്മഹത്യ, സിവില്‍ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകം തുടങ്ങിയ സമീപകാല സംഭവങ്ങള്‍ ചോദ്യം ചെയ്യുന്നത്.

'ആത്മഹത്യക്കും കൊലക്കുമിടയിലൂടാര്‍ത്ത നാദം പോലെ പായുന്ന' ഒന്നായി കേരളീയരുടെ ജീവിതം മാറിത്തീര്‍ന്നിരിക്കുന്നു എന്നാണ് ഈ സംഭവങ്ങള്‍ വെളിവാക്കുന്നത്. ചരിത്രത്തിന്റെ വീരഗാഥകളുടെയും തറവാടിത്ത മഹിമകളുടെയും കേവല പ്രഘോഷണങ്ങള്‍ക്കപ്പുറം വര്‍ത്തമാനകാല വെല്ലുവിളികളെ കൂടി അഭിസംബോധന ചെയ്യുമ്പോള്‍ മാത്രമേ നവോത്ഥാന ചര്‍ച്ചകള്‍ അര്‍ത്ഥപൂര്‍ണ്ണമാവൂ എന്ന ബോദ്ധ്യം നമുക്ക് ഉണ്ടായേപറ്റൂ.

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സജീവമായിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നിന്നും അമ്പേ മാറിപ്പോയ ഒരു കേരളത്തെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. അതിന്റെ പ്രശ്‌നങ്ങളുടെ മര്‍മ്മം അന്നത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്.

ലോകം കൊട്ടിഘോഷിച്ച കേരള മാതൃകയെ പറ്റിയുള്ള സ്തുതികളില്‍ നാം മതിമറന്നു നിന്നു. ഇപ്പോഴും നവോത്ഥാനത്തെ പറ്റിയുള്ള വാചകമടികളിലും ഗൃഹാതുരതകളിലും നാം സ്വയം നഷ്ടപ്പെടുന്നു. എവിടെയും പോയ്‌പോയ കാലത്തിന്റെ നന്മകളെ ഓര്‍ത്തുള്ള വിലാപങ്ങളും വിഷാദപ്രകടനവുമാണ്. ഒപ്പം അസഹനീയമായ ആത്മസ്തുതികളുടെ കുത്തൊഴുക്കും, വിശേഷിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍. വര്‍ത്തമാനകാല സമസ്യകളെ ധീരമായി നേരിടാനാവാത്ത തോറ്റ ജനതയായി കേരളീയര്‍ മാറിത്തീര്‍ന്നിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും സാങ്കേതികവിദ്യ സാദ്ധ്യമാക്കിയ നേട്ടങ്ങളും അനുബന്ധ സ്വപ്ന വ്യവസായങ്ങളും എത്രയെത്ര വ്യാമോഹങ്ങളിലേക്കും കമ്പോളത്തിന്റെ പൂര്‍ത്തീകരിക്കാനാവാത്ത മായക്കാഴ്ചകളിലേക്കും മലയാളിയെ നയിച്ചിട്ടില്ലാ..! അതുണ്ടാക്കിയ അതിസങ്കീര്‍ണ്ണമായ മനോവ്യാപാരങ്ങളുടെ തടവറയില്‍ നിന്ന് പൊട്ടിയൊലിക്കുന്ന വൈകൃതങ്ങള്‍ക്കാണ് കേരളീയ സമൂഹം ഇന്ന് സാക്ഷ്യം വഹിക്കുന്നത് എന്ന ക്രൂര യാഥാര്‍ഥ്യത്തിലേക്ക് നാം ഉണരണം. വ്യക്തികള്‍ മാത്രമല്ല രാഷ്ട്രീയ നേതൃത്വങ്ങളും ഈ വ്യാമോഹങ്ങളുടെ തടവറയിലാണ്. രാഷ്ട്രീയത്തിലും മാനുഷിക മൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. പൊതുജീവിതത്തില്‍ മാതൃകയാകേണ്ടവര്‍ക്ക് സമൂഹത്തിനു മുമ്പില്‍ തലതാഴ്ത്തി നില്‍ക്കേണ്ടി വരുന്നു. വിമര്‍ശനങ്ങള്‍ക്ക് നേരെ അക്ഷമരാവുന്ന രാഷ്ട്രീയ നേതൃത്വം മുട്ടാപ്പോക്ക് ന്യായങ്ങള്‍ ഉന്നയിച്ച് പരിഹാസ്യരാവുന്നു.

അതീവ ഗുരുതരമായ ഈ പ്രതിസന്ധിയില്‍ നിസ്സഹായരായി മൗനം പൂണ്ടിരിക്കുന്ന ഒരു ജനത ഇവിടെയുണ്ടെന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയ നേതൃത്വങ്ങള്‍ മറക്കരുത്. ഇത്തരം പ്രതിസന്ധികളില്‍ പെടുന്ന ഒരു സമൂഹത്തിന്റെ മുമ്പില്‍ പകരമെന്ത് എന്ന ചോദ്യത്തിന് ഉത്തരമായി എത്തുക അങ്ങേയറ്റം വിനാശകരമായ ശക്തികളാവും എന്ന് അവര്‍ അറിയണം.

കൈമോശം വന്ന മാനുഷികതയെ തിരിച്ചുപിടിക്കുന്നതിനൊപ്പം സമകാലിക ലോകം തീര്‍ത്ത സവിശേഷ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള രാഷ്ട്രീയ-സാംസ്‌ക്കാരിക പരിഹാരങ്ങളും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. അവിടെ ഭൂതകാല മാഹാത്മ്യങ്ങള്‍ ഉരുവിട്ടതുകൊണ്ട് കാര്യമില്ല.

Read More >>