വിഭജനവാദത്തിന്റെ വഴി

ഇന്ത്യാ വിഭജനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുസ്‌ലിംകളുടെയും മുസ്‌ലിം ലീഗിന്റെയും തലയിൽ കെട്ടിവയ്ക്കാൻ സഹായകമായ ആഖ്യാനങ്ങൾക്ക് ഏറെ പഴക്കമുണ്ട്. മുസ്‌ലിം വിരുദ്ധവും ലീഗ് വിരുദ്ധവുമായ നിലപാടുകളിൽനിന്നാണ് വസ്തുതാവിരുദ്ധവും നീതിപൂർവ്വകമല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങൾ ചരിത്രത്തിൽ കടന്നു കൂടിയത്. വിഭജനം എന്ന ചിന്തയുടെ ഉല്പത്തിയെക്കുറിച്ച് തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്

വിഭജനവാദത്തിന്റെ വഴി

ഡോ. കെ.പി. ശംസുദ്ദീന്‍

ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടോ ചരിത്രം പഠിക്കാൻ ശ്രമിക്കാത്തതുകൊണ്ടോ അല്ലെങ്കിൽ ബോധപൂർവ്വമോ ആയിരിക്കണം യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഭജനത്തെക്കുറിച്ചും മുസ്‌ലിം ലീഗിനെക്കുറിച്ചും വിഷലിപ്തമായ പ്രസ്താവന നടത്തിയത്. ചരിത്രത്തെ ഗഹനമായി പഠിക്കാൻ ശ്രമിക്കുന്ന ഓരോരുത്തർക്കും ഇതിനു മറുപടി നൽകാൻ ധാർമ്മികമായ ബാദ്ധ്യതയുണ്ട്. ഇന്ത്യാ വിഭജനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുസ്‌ലിംകളുടെയും മുസ്‌ലിം ലീഗിന്റെയും തലയിൽ കെട്ടിവയ്ക്കാൻ സഹായകമായ ആഖ്യാനങ്ങൾക്ക് ഏറെ പഴക്കമുണ്ട്. മുസ്‌ലിം വിരുദ്ധവും ലീഗ് വിരുദ്ധവുമായ നിലപാടുകളിൽനിന്നാണ് വസ്തുതാവിരുദ്ധവും നീതിപൂർവ്വകമല്ലാത്തതുമായ ഒട്ടേറെ കാര്യങ്ങൾ ചരിത്രത്തിൽ കടന്നു കൂടിയത്. വിഭജനം എന്ന ചിന്തയുടെ ഉല്പത്തിയെക്കുറിച്ച് തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്.

1890ൽ ഘോരക്പൂരിൽവെച്ച് ചേർന്ന ഒരു പൊതുയോഗത്തിൽ ലാലാ ലജ്പത് റായ് ആണ് വിഭജനം എന്ന ആശയം ആദ്യമായി ഉന്നയിച്ചത്. അദ്ദേഹത്തിന്റെ സെക്രട്ടറിയും ഗാന്ധി ശിഷ്യനുമായ പണ്ഡിറ്റ് സുന്ദർലാൽ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. 1917 മുതൽ ദ്വിരാഷ്ട്രവാദത്തിന്റെ വക്താവായി രംഗപ്രവേശനം ചെയ്ത് ഹിന്ദു മഹാസഭയുടെ ആചാര്യനായ വി.ഡി. സവർക്കർ ആയിരുന്നു. 1923ൽ സവർക്കർ എഴുതി: ''സിന്ധു നദി മുതൽ കടൽ വരെയുള്ള ഭാരത വർഷത്തെ മാതൃഭൂമിയായും വിശുദ്ധ ഭൂമിയായും തന്റെ മതത്തിന്റെ കളിത്തൊട്ടിലായും കരുതുന്നവനാണ് യഥാർത്ഥ ഹിന്ദു. ഹിന്ദുക്കൾ ഒരു രാഷ്ട്രമാണ്. എന്നാൽ, മുസ്‌ലിംകൾ വെറുമൊരു സമുദായമാണ്.''

1924 നവംബർ 26 മുതൽ ഡിസംബർ 7 വരെയുള്ള ദിവസങ്ങളിൽ 'ദി ട്രിബ്യൂൺ' പത്രത്തിൽ വിഭജനം ആവശ്യപ്പെട്ടുകൊണ്ടുള്ള ലാലാ ലജ്പത് റായ് യുടെ ലേഖന പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. 1937ൽ അഹമ്മദാബാദിൽ ചേർന്ന ഹിന്ദു മഹാസഭയുടെ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വി.ഡി. സവർക്കർ പ്രസംഗിച്ചത് ഇങ്ങനെയായിരുന്നു: ''ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്പിക്കാൻ സാദ്ധ്യമല്ല, മറിച്ച് അത് മുഖ്യമായും രണ്ട് രാഷ്ട്രങ്ങളാണ്. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും. പരസ്പരം ശത്രുക്കളായ ഈ രണ്ട് രാഷ്ട്രങ്ങൾ ഇന്ത്യയിൽ അടുത്തടുത്ത് ജീവിക്കുകയാണെന്ന് വേണം കരുതാൻ.''

ഹിന്ദു മഹാസഭയുടെ പരമോന്നത നേതാവായിരുന്ന പരമാനന്ദ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ''സിന്ധിനു പുറത്തുള്ള പ്രദേശങ്ങൾ അഫ്ഗാനിസ്ഥാനിൽ ലയിപ്പിക്കുക. വടക്കു പടിഞ്ഞാറൻ പ്രവിശ്യകളിൽ മുസൽമാന്മാരുടെ ഭരണം വരിക. ഇതാണ് എന്റെ ആശയം. ഈ പ്രദേശങ്ങളിലുള്ള ഹിന്ദുക്കൾ അവിടെനിന്ന് വിട്ടുപോരണം. അതേസമയം മറ്റു ഭാഗങ്ങളിലുള്ള മുസ്‌ലിംകൾ ഈ പ്രദേശങ്ങളിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയും വേണം.''

സവർണ്ണ വർഗ്ഗീയതയുടെ വക്താക്കളാണ് രാജ്യവിഭജനത്തിന് വഴി വെട്ടിയതെന്ന് സമർത്ഥിക്കാൻ ഇതില്പരം എന്തു തെളിവാണ് വേണ്ടത്. പിന്നെ പച്ചയോടാണ് ഹിംസാത്മക ദേശീയതക്കാർക്ക് അരിശം. പച്ചപ്പതാക ഇന്ത്യയിൽ മുസ്‌ലിം ലീഗിന് മാത്രമല്ല ഉള്ളത്. ഇന്ത്യയുടെ ദേശീയ പതാകയിലും പച്ചയുണ്ട്. ആ പച്ചനിറത്തിന്റെ സന്ദേശം തന്നെയാണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയും പകരുന്നത്. ആർ.എസ്.എസ്സിന്റെയും സംഘപരിവാർ സംഘടനകളുടെയും കാര്യാലയങ്ങൾക്കടുത്ത് ദേശീയ പതാക ഉയർത്താത്തവരാണ് ദേശീയ പതാകയെ ബഹുമാനാദരങ്ങളോടെ കാണുന്ന ന്യൂനപക്ഷങ്ങളെ അധിക്ഷേപിക്കാൻ ഉറഞ്ഞു തുള്ളുന്നത്.

മാംസത്തിന്റെ പേരിലും കല, സാഹിത്യം, ചലച്ചിത്രം, സംഗീതം തുടങ്ങിയ സർഗ്ഗാത്മകാവിഷ്‌കാരങ്ങളുടെ പേരിലും പച്ചക്ക് മനുഷ്യനെ കൊല്ലുന്നവർ കേരളത്തെ കുറിച്ചെങ്കിലും അറിയാനും അന്വേഷിക്കാനും തയ്യാറാകണം. ബാബരി മസ്ജിദ് തകർത്തതിന്റെ തുടർ ദിവസങ്ങളിൽ പോലും മതമൈത്രിയെ ആശ്ലേഷിച്ചതാണ് ഈ നാടിന്റെ പാരമ്പര്യം. അതിന് ഈ രാജ്യം കടപ്പെട്ടിരിക്കുന്നത് മുസ്‌ലിം ലീഗിനോടാണ്. ഏതായാലും യോഗിയുടെ വൈറസ് പരാമർശം പുതുതലമുറക്ക് സത്യസന്ധമായ ചരിത്രം പഠിക്കാൻ ഉപകാരപ്പെടുമെങ്കിൽ നല്ലത്. പ്രത്യേകിച്ച് ഇന്ത്യാ വിഭജനം, സർവ്വേന്ത്യാ മുസ്‌ലിം ലീഗ്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് എന്നിവ സംബന്ധിയായ പഠനമാണ് നടക്കേണ്ടത്. ഭാരതത്തിന്റെ ഭരണഘടനാ നിർമ്മാണ സഭയിൽ സൃഷ്ടിപരമായ പങ്ക് വഹിച്ച മുസ്‌ലിം ലീഗിനെ അറിയാൻ ശ്രമിച്ചാൽ വിഷം ചീറ്റലിന് അറുതിയാവും. ചരിത്രബോധമുള്ള കറ കളഞ്ഞ മതേതര സമൂഹം യോഗിക്കും പാർട്ടിക്കും കനത്ത മറുപടി നൽകുന്നത് കാണാൻ നമുക്ക് കാത്തിരിക്കാം.

Read More >>