പടിയ്ക്ക് പുറത്ത്

സി.ആർ നീലകണ്ഠൻ ഇനിയെന്തുചെയ്യുമെന്ന് ചോദിക്കരുത്-പഴയ ഊർജ്ജത്തോടെ അദ്ദേഹം ഇനിയുമുണ്ടാവും, പൊതുരംഗത്ത്.

പടിയ്ക്ക് പുറത്ത്

ആഴ്ച്ചക്കാഴ്ച്ച / ആരിഫ്

നമ്പൂതിരിയെ മനുഷ്യനാക്കൂ എന്ന് ആഹ്വാനം ചെയ്തു പണ്ട് വി.ടി ഭട്ടതിരിപ്പാട്. ഈ മഹാവിപ്ലവത്തിന്റെ പിന്തുടർച്ചാ വഴിയിലൂടെ കടന്നുവന്ന നമ്പൂതിരിമാരുടെ പ്രതിനിധികളിലൊരാളാണ് സി.ആർ നീലകണ്ഠൻ. കൃത്യമായിപ്പറഞ്ഞാൽ തൃശൂർ കരുവണ്ണൂരിലെ സി.പി രാമൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജ്ജനത്തിന്റെയും ഉണ്ണി. മനുഷ്യനാവാനുള്ള യാത്രയുടെ ഭാഗമായി നീലകണ്ഠൻ നമ്പൂതിരി വാൽമുറിച്ചു സി.ആർ നീലകണ്ഠനായി. എസ്.എഫ്.ഐയിൽ ചേർന്നു സമരമുഖങ്ങളിൽ ജ്വലിച്ചു നിന്നു. സംഘടനയുടെ ജില്ല- സംസ്ഥാന നേതാവായി. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയിലായി. പരിസ്ഥിതി പ്രസ്ഥാനങ്ങളിൽ സജീവമായി. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ഈ യാത്ര അവസാനിച്ചത്, ഒടുവിൽ അവരെ ആദ്മി മാത്രമല്ല ആം ആദ്മി കൂടി ആക്കുക എന്ന യത്നത്തിലാണ്. 2014 ൽ അരവിന്ദ് കെജ്‌രിവാൾ ഉണ്ടാക്കിയ ആംആദ്മി പാർട്ടി(എ.എ.പി)യിൽ ചേർന്ന സി.ആർ നീലകണ്ഠൻ പലരും വഴിയിൽ വിട്ടേച്ചുപോയിട്ടും ഉറച്ചു നിന്ന ആളാണ്-പക്ഷേ ഒടുവിൽ കിട്ടിയതെന്ത്? ഇപ്പോൾ പാർട്ടിയ്ക്ക് പുറത്ത്.

കമ്മ്യൂണിസ്റ്റ് ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട സി.ആർ നീലകണ്ഠൻ, ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ ആംആദ്മി പാർട്ടിയിലെത്തിയതിന്റെ ചരിത്രം ചികഞ്ഞാൽ അത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരിട്ട അപചയത്തിന്റെ ചരിത്രം ചികയൽ കൂടിയാവും. നല്ല വിദ്യാർത്ഥിയായിരുന്ന നീലകണ്ഠൻ എൻജിനിയറിങ് മാത്രമല്ല രാഷ്ട്രീയവും സാമൂഹ്യശാസ്ത്രവും ചരിത്രവുമെല്ലാം നന്നായി പഠിച്ചിട്ടുണ്ട്. തൃശൂർ ഗവൺമെന്റ് എൻജിനിയറിങ് കോളജിൽ നിന്ന് ബിരുദമെടുത്ത അദ്ദേഹം പിന്നീട് മുംബൈയിൽ ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ പരിശീലനം നേടി, 1981 ൽ കെൽട്രോണിൽ എൻജിനിയറായി. 2015 ൽ ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിൽ നിന്നാണ് വിരമിച്ചത്. അതിനിടയ്ക്ക് ഹൈദരാബാദിലേക്കൊരു സ്ഥലംമാറ്റം. അതാകട്ടെ പഴയ നേതാവായ പിണറായിവിജയനെ വിമർശിച്ചതിന്റെ പേരിലായിരുന്നുപോലും. ഏതായാലും ദീർഘകാലം, പാർട്ടിയെ സേവിക്കുകയും ശാസ്ത്ര സാഹിത്യപരിഷത്ത് പോലെയുള്ള പാർട്ടിയനുബന്ധ ഘടകങ്ങൾക്ക് നിരന്തരം ഊർജ്ജം നല്കുകയും ചെയ്തു സി.ആർ നീലകണ്ഠൻ കുലംകുത്തിയായി മാറിയതിനുപിന്നിൽ, അദ്ദേഹം കൈക്കൊണ്ട നിലപാടുകൾ തന്നെ കാരണം. താൻ ഭാഗമായ പ്രസ്ഥാനത്തിന്റെ വികസന പരിപ്രേക്ഷ്യങ്ങളാണ് സി.ആറിനെ മടുപ്പിച്ചത്. ഇപ്പോഴിതാ താൻ കൊണ്ടുനടന്ന ആം ആദ്മി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ കൊതിക്കെറുവുകൾ അദ്ദേഹത്തെ രണ്ടാമതൊരിക്കൽ കൂടി കുലം കുത്തിയാക്കിയിരിക്കുന്നു. അച്ചടക്കമുള്ള ആളായതിനാൽ നേതൃത്വത്തിന്ന് അപ്പീൽ നല്കാനാണത്രെ സി.ആറിന്റെ തീരുമാനം. ആംആദ്മിയുടെ ഇപ്പോഴത്തെ ഘടന വെച്ചുനോക്കിയാൽ സി.ആറിന്റെ വിധി ചിന്ത്യം.

ഇപ്പോഴെന്നല്ല എപ്പോഴും തികഞ്ഞ അച്ചടക്കം പുലർത്തിപ്പോന്ന വ്യക്തിയാണ് സി.ആർ; കൂട്ടത്തിൽ നമ്പൂതിരി നിസ്സംഗത കൂടിയുള്ളതിനാൽ ഇത്തരം ഉത്ഥാനപതനങ്ങളൊന്നും അദ്ദേഹത്തെ കാര്യമായി ബാധിക്കാനിടയില്ല. കെജ്‌രിവാൾ ആംആദ്മി പാർട്ടിയുണ്ടാക്കിയപ്പോൾ ഓടിക്കൂടി പാർട്ടി തൊപ്പി തലയിൽവെച്ച സാംസ്ക്കാരിക നായകർ പലരുണ്ട്. പ്രസംഗവും ലേഖനമെഴുത്തും പോലെ എളുപ്പമല്ല ഏതെങ്കിലുമൊരാശയത്തിനുവേണ്ടി പ്രവർത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞ അവരില്‍ പലരും പിന്നീട് അരങ്ങ് വിട്ടു. അപ്പോഴെല്ലാം തന്റെ ദൗത്യപൂർത്തീകരണത്തിന്നു വേണ്ടി ഉറച്ചുനിന്നു പ്രവർത്തിക്കാൻ സി.ആറിനെ പ്രേരിപ്പിച്ചത് പഴയ പാർട്ടി അച്ചടക്കവും ആത്മാർത്ഥതയുമാണ്. പക്ഷേ അത്തരം ഗുണവിശേഷങ്ങൾ സി.പി.എമ്മിനെന്നല്ല ആംആദ്മി പാർട്ടിക്കും വേണ്ട.

കേരളത്തിലെ ഏതാണ്ടെല്ലാ പാരിസ്ഥിതിക പ്രശ്നങ്ങളിലും പൗരാവകാശ സമരങ്ങളിലും സി.ആർ നീലകണ്ഠൻ ഇടപെടുകയും നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതിയെപ്പറ്റി ധാരാളം എഴുതി; ഒപ്പം അഴിമതിയും അദ്ദേഹം വിഷയമാക്കി. പരിസ്ഥിതിയും ആഗോളവൽക്കരണവും, പ്രകൃതിയുടെ നിലവിളികൾ, പരിസ്ഥിതിയുടെ വർത്തമാനങ്ങൾ എന്നിവയ്‌ക്കൊപ്പം ലാവ്‌ലിൻ രേഖകളിലൂടെ, ആംആദ്മി സാധാരണക്കാരുടെ പാർട്ടി തുടങ്ങിയ പുസ്തകങ്ങളും അദ്ദേത്തിന്റേതായുണ്ട്. മുകുന്ദൻ സി.മേനോൻ അവാർഡും എ.സുജനപാൽ അവാർഡുമുൾപ്പടെ പുരസ്ക്കാരങ്ങളുമുണ്ട് കണക്കിൽ. പക്ഷേ ഇങ്ങനെയുള്ള ഒരാളെ നമ്മുടെ നാട്ടിലൊരു പാർട്ടിക്കും വേണ്ട.

സി.ആർ നീലകണ്ഠൻ ഇനിയെന്തുചെയ്യുമെന്ന് ചോദിക്കരുത്-പഴയ ഊർജ്ജത്തോടെ അദ്ദേഹം ഇനിയുമുണ്ടാവും, പൊതുരംഗത്ത്.

Read More >>