ഇന്ധന വിലവർദ്ധന: പുതിയ സമരമുഖം തുറക്കണം

ഇന്ധനവിലയിലുണ്ടാവുന്ന ഭീമമായ വർദ്ധന ഏറ്റവുമധികം ബാധിക്കുക കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെയാണ്. ഏതാണ്ട് മിക്ക വസ്തുക്കളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മൾ

ഇന്ധന വിലവർദ്ധന: പുതിയ സമരമുഖം തുറക്കണം

പ്രതിപക്ഷ പാർട്ടികളുടെ കണ്ണുതള്ളിച്ച വൻ ഭൂരിപക്ഷത്തിൽ രണ്ടാമൂഴം ഉറപ്പിച്ച നരേന്ദ്ര മോദി സർക്കാർ തുടക്കം ഇത്ര നിരാശപ്പെടുത്തുമെന്ന് കരുതിയതല്ല. ജനങ്ങളെ ഇത്രമാത്രം ദ്രോഹിക്കാൻ സർക്കാർ മികച്ച സമയമാണ് തെരഞ്ഞെടുത്തത്. ഇനി ഭരണകാലയളവ് അവസാനിക്കാൻ നേരത്ത്, തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ ആഴ്ചകൾക്കു മുമ്പ് എന്തെങ്കിലും കൺകെട്ട് വിദ്യയിലൂടെ പ്രതിഷേധത്തിന്റെ മുനയൊടിക്കാമെന്നു അവർ കരുതിക്കാണും. കേരളത്തിൽ നിന്ന് ജനപ്രതിനിധിയില്ലെങ്കിലും അനീതിയുണ്ടാവില്ലെന്ന മോദിയുടെ വാക്ക് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിലൂടെ കീറച്ചാക്കാണെന്നു തെളിഞ്ഞു. വോട്ട് ചെയ്തവരെയും ചെയ്യാത്തവരെയും ഒരുപോലെ ശിക്ഷിക്കാൻ മോദി സർക്കാറിനായി. എന്നാൽ വൻകിട കുത്തകകളുടെ കാര്യത്തിൽ തീർത്തും ഉദാരസമീപനം തുടരാൻ സർക്കാറിനു തടസ്സമുണ്ടായതുമില്ല.

രണ്ടാം മോദി സർക്കാരിന്റെ കന്നി ബജറ്റിൻമേലുള്ള ചർച്ച ഇന്ന് പാർലമെന്റിൽ ആരംഭിച്ചിരിക്കുകയാണ്. ധനാഭ്യർത്ഥനകളുടെ മേലുള്ള ചർച്ചകളും വോട്ടെടുപ്പും ഈ മാസം 11 മുതൽ 17വരെ തുടരും. ഇക്കാര്യത്തിൽ ഏതളവുവരെ തിരുത്തൽ പ്രക്രിയ ഉണ്ടാകുമെന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങളുടെ ഭാവി.

രാജ്യത്ത് ജനജീവിതം കൂടുതൽ ദുസ്സഹമാവുന്നതിനിടെയാണ് ഇന്ധനവിലയിൽ വൻ വർദ്ധനവുണ്ടാക്കിയിരിക്കുന്നത്. രൂക്ഷമായ വിലക്കയറ്റംകൊണ്ടു പൊറുതി മുട്ടിയ ജനങ്ങളുടെ തലയിലാണ് വീണ്ടും ഇന്ധനവില വർദ്ധന അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഡീസലിനും പെട്രോളിനും ലിറ്ററിന് ഒരു രൂപ സെസ്സാണു ചുമത്തിയിരിക്കുന്നത്. അതു കേരളത്തിൽ എത്തുമ്പോൾ എക്‌സൈസ് നികുതിയടക്കം ഒരു ലിറ്ററിൽ രണ്ടര രൂപയോളമാണ് വർദ്ധിക്കുക. ഇന്ധനവില വർദ്ധിക്കുമ്പോൾ ചരക്കുകൂലിയിലും വർദ്ധനയുണ്ടാകും. അതോടെ നിത്യോപയോഗ വസ്തുക്കളുടെ വിലയിൽ വൻ വർദ്ധന വരും. ചുരുക്കിപ്പറഞ്ഞാൽ നിത്യോപയോഗ വസ്തുക്കൾക്ക് അധികനികുതി ചുമത്താതെ തന്നെ അതിരൂക്ഷമായ വിലക്കയറ്റത്തിനു വഴിയൊരുക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ‌്ത്തുന്നതാണീ സർക്കാർ തീരുമാനം. അതിസമ്പന്നർക്ക്‌ കൂടുതൽ ഇളവുകൾ നൽകി സാധാരണക്കാരെ കൂടുതൽ ദുരിതക്കയത്തിലാക്കുന്നതാണ് സർക്കാർ സമീപനം. ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കും കർഷകർക്കും ഒരു പരിഗണനയും നൽകാത്ത ബജറ്റിൽ സർക്കാർ തൊഴിലുറപ്പ്‌ പദ്ധതിക്കും സാമൂഹ്യക്ഷേമ പദ്ധതികൾക്കുമെല്ലാം തുക കുത്തനെ വെട്ടിക്കുറച്ചിട്ടുമുണ്ട്.

ഇന്ധനവില വർദ്ധിക്കുന്നതോടെ വിലക്കയറ്റം അതിരൂക്ഷമാകും. അതിനിടെ, പെട്രോളിനും ഡീസലിനും ലിറ്ററിന‌് മൂന്നു രൂപ വീതം കൂടി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കമുള്ളതായും റിപ്പോർട്ടുകളുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിനൊപ്പം പാർലമെന്റിൽ അവതരിപ്പിച്ച ധനബില്ലിലാണ‌് ഇക്കാര്യമുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ‌് പ്രസംഗത്തിൽ സെസ‌് ചുമത്തി ലിറ്ററിന‌് രണ്ടുരൂപ വീതം വർദ്ധനയാണ‌് പ്രഖ്യാപിച്ചത‌്. എന്നാൽ ധനബില്ലിൽ ഇത് അഞ്ചുരൂപ വീതം വർദ്ധിപ്പിക്കാനാണ‌് ശിപാർശയുള്ളത്. ബജറ്റിനൊപ്പം ധനബില്ല‌് പാർലമെന്റ‌് പാസ്സാക്കിയാൽ എപ്പോൾ വേണമെങ്കിലും ഈ വർദ്ധന സർക്കാരിന‌് നടപ്പാക്കാനാവും. അത്തരമൊരു സ്ഥിതി സംജാതമായാൽ കാര്യങ്ങൾ അതീവ ഗുരുതരാവസ്ഥയിലെത്തും. കോർപറേറ്റുകൾക്ക‌് നൽകി വരുന്ന നികുതി ആ­നുകൂല്യങ്ങളുടെ ഭാഗമായി വരുമാനത്തിലുണ്ടായ കുറ­വ‌് പെട്രോൾ-ഡീസൽ എ‌ക‌്സൈസ‌് തീരുവ വർദ്ധനവിലൂടെ നികത്താനാണ‌് സർക്കാർ ശ്രമിക്കുന്നത്. ഈ അന്യായം തുടരാൻ അനുവദിച്ചൂകൂടാ. ഇത് തിരുത്തിക്കാവുന്ന ഒരു പ്രതിപക്ഷമില്ല എന്നതാണ് അതിനേക്കാളേറെ സങ്കടകരം. അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ ഈ സർക്കാറിന് രണ്ടാമൂഴം ലഭിക്കുമായിരുന്നില്ലല്ലോ എന്നതാണ് മറ്റൊരു സത്യം.

ഇന്ധനവിലയിലുണ്ടാവുന്ന ഭീമമായ വർദ്ധന ഏറ്റവുമധികം ബാധിക്കുക കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളെയാണ്. ഏതാണ്ട് മിക്ക വസ്തുക്കളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മൾ. തൊഴിലില്ലായ്മ, ഉള്ള തൊഴിലിനു തന്നെ ലഭിക്കുന്ന തുച്ഛമായ വേതനം, അതു തന്നെയും യഥാസമയത്തു ലഭിക്കാത്ത അതിഭീകരമായ സ്ഥിതി എന്നിവ മൂലം ഇപ്പോൾത്തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്ക് ഇന്ധനവില വർദ്ധന താങ്ങാവുന്നതിനും അപ്പുറമാവും. പെട്രോളിയം ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്ത് ഉപഭോഗം നടത്തുന്ന രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ രാജ്യാന്തര വിപണിയിൽ നിലനിൽക്കുന്ന വിലയുമായി ബന്ധപ്പെട്ടാണ് ഇവിടത്തെ വില നിലവാരം വരേണ്ടത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ വില താരതമ്യേന താഴുമ്പോഴും ഇവിടെ വില കുതിച്ചുയരുന്ന കള്ളക്കളികളാണ് പലപ്പോഴും അനുഭവയാഥാർത്ഥ്യം. വിലനിർണയത്തിന്റെ രീതി മാറ്റുക എന്നതാണ് ഇവിടെ കരണീയമായ മറ്റൊരു കാര്യം. മുമ്പ് യു.പി.എ സർക്കാർ സ്വീകരിച്ച തെറ്റായ നയം തിരുത്തുകയാണ് ഇതിന് ആദ്യം വേണ്ടത്. വില നിർണയാധികാരം പെട്രോളിയം കമ്പനികളിൽനിന്നും തിരിച്ചുപിടിച്ച് സർക്കാരിൽത്തന്നെ നിക്ഷിപ്തമാക്കുന്നതിനുള്ള അടിയന്തര നടപടികളാണുണ്ടാവേണ്ടത്. അത്തരമൊരു നടപടിക്രമങ്ങളിലേക്കു നീങ്ങാൻ സർക്കാറിനെ പ്രേരിപ്പിക്കുംവിധത്തിലുള്ള കടുത്ത പ്രക്ഷോഭമുഖം തുറക്കേണ്ടതുണ്ട്. ഇത് ഏതെങ്കിലും ഒരു പാർട്ടിയുടെയോ മുന്നണിയുടെയോ ആവശ്യമല്ല, രാജ്യത്തിന്റെ പൊതു ആവശ്യമായി ഉയർന്നേ മതിയാവൂ.

Read More >>