ഇടത്-ന്യൂനപക്ഷങ്ങൾ പ്രസക്തമാകുന്ന 2019

'വിചാരധാര' വിവരിക്കും വിധം ആദ്യം ഉൻമൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തര ശത്രു കമ്യൂണിസ്റ്റുകളോ മുസ്ലിംകളോ എന്നത് ആര്‍.എസ്.എസിനു സാഹചര്യത്തിനനുസരിച്ച് തിരിച്ചിടാവുന്ന മുൻഗണനയുടെ മാത്രം പ്രശ്നമാണ്. എന്നാൽ രണ്ടു വിഭാഗവും മറ്റിതര കീഴാള വിഭാഗങ്ങളും സംഘ്പരിവാർ സ്വപ്നത്തിലുള്ള കലർപ്പില്ലാത്ത വംശീയ സംസ്കാരിക ദേശ രാഷ്ട്രസങ്കൽപത്തിൽ നിന്ന് നിഷ്കാസിതരാകപ്പെടേണ്ടവരാണ് എന്ന തരത്തിൽ വലിയ ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ തന്നെയുള്ള വായനയാണ് 2019 ആവശ്യപ്പെടുന്നത്.

ഇടത്-ന്യൂനപക്ഷങ്ങൾ പ്രസക്തമാകുന്ന 2019

മസ്ഹറുദ്ദീൻ

പതിനേഴാമത് ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗം മുറുകുന്നതിനിടയിൽ വലതുപക്ഷ മാദ്ധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും കൂടെ ചില ന്യൂനപക്ഷ സംഘടനകളും കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി എന്തിന് മത്സരിക്കുന്നു എന്ന് പരിഹാസ്യരൂപേണ ചോദിയ്ക്കുന്നുണ്ട്. സി. പി. ഐ (എം)അടക്കമുള്ള പാർട്ടികളുടെ പ്രസക്തി പശ്ചിമ ബംഗാളിലെയും തൃപുരയിലേയും ശോഷിച്ച സാനിധ്യത്തെ മുൻനിർത്തി ചോദ്യം ചെയ്യുന്നുമുണ്ട്. ഇനി തെരഞ്ഞെടുക്കപ്പെട്ടാൽ തന്നെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ നൽകുക എന്ന രാഷ്ട്രീയ നിസ്സഹായതക്കപ്പുറം ഒന്നും ചെയ്യാനില്ല എന്നും ഇവർ വാദിക്കുന്നു. ഇന്ത്യൻ ഇടതുപക്ഷ രാഷ്ട്രീയധാരയെ തന്നെ റദ്ദ് ചെയ്യും വിധം ഈ വാദഗതി പുരോഗമിക്കുന്നത് ഇന്ത്യൻ സംഘ് പരിവാർ ഫാസിസത്തെ ഏറെ ആഹ്ലാദിപ്പിക്കുന്നുണ്ട് എന്ന് ഇതിന്റെ പ്രചാരണരംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന ന്യൂനപക്ഷവാദികളെങ്കിലും മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക പരിസരത്ത് അതുയർത്തുന്ന ദൂരവ്യാപകമായ അപകടം തിരിച്ചറിയാനുള്ള ദീർഘദൃഷ്ടി ന്യൂന പക്ഷം കാണിക്കേണ്ട അതിനിർണായക രാഷ്ട്രീയ ദശാസന്ധിയിലൂടെയാണ് രാജ്യം നീങ്ങികൊണ്ടിരിക്കുന്നത്.

"വിചാരധാര" വിവരിക്കും വിധം ആദ്യം ഉൻമൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തര ശത്രു കമ്യൂണിസ്റ്റുകളോ മുസ്ലിംകളോ എന്നത് ആര്‍.എസ്.എസിനു സാഹചര്യത്തിനനുസരിച്ച് തിരിച്ചിടാവുന്ന മുൻഗണനയുടെ മാത്രം പ്രശ്നമാണ്. എന്നാൽ രണ്ടു വിഭാഗവും മറ്റിതര കീഴാള വിഭാഗങ്ങളും സംഘ്പരിവാർ സ്വപ്നത്തിലുള്ള കലർപ്പില്ലാത്ത വംശീയ സംസ്കാരിക ദേശ രാഷ്ട്രസങ്കൽപത്തിൽ നിന്ന് നിഷ്കാസിതരാകപ്പെടേണ്ടവരാണ് എന്ന തരത്തിൽ വലിയ ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ തന്നെയുള്ള വായനയാണ് 2019 ആവശ്യപ്പെടുന്നത്. അതിനിടയിൽ സി.പി ഐ (എം) പ്രവർത്തകർ തികച്ചും പ്രദേശികമായി നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെ ഈതിപ്പെരുപ്പിച്ച് സംഘ്പരിവാര ഫാസിസത്തിന് രാജ്യത്തെ കാവിയിൽ മുക്കിയെടുക്കാനുള്ള പണി എളുപ്പമാക്കി കൊടുക്കന്നതിൽ നിന്ന് ന്യൂനപക്ഷങ്ങളെങ്കിലും പിന്തിരിയേണ്ടിയിരിക്കുന്നു.

കമ്യൂണിസത്തിന് മേൽകൈയുള്ള തൊഴിലാളി സർവാധിപത്യ ഗവൺമെന്റെ് രാജ്യത്ത് നിലവിൽ വരുമ്പോൾ മതങ്ങളെ ഉൻമൂലനം ചെയ്യുമെന്നും വിശിഷ്യ ചൈനയിൽ ഇപ്പോൾ നടക്കുന്ന പോലെ ഇസ്ലാമിനെ തുറങ്കിലിടുമെന്നതടക്കമുള്ള ഉട്യോപ്യൻ സൈന്ധാന്തികത മുൻനിർത്തിയുമല്ല സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തെ സമീപിക്കേണ്ടത്. എല്ലാ ഹിംസകളം അപലപനീയമാണ് എന്ന മാനവികതാ വാദം ഉയർത്തുന്നതാടാപ്പം തന്നെ രാഷ്ട്രീയ കൊലകൾ ആരോഗ്യകരമായ ഒരു ജനാധിപത്യ സംവാദ പരിസരത്ത് തീർത്തും അനഭലഷണീയ പ്രവണതയുമാണ് എന്നും എല്ലാവരും അടിവരയിടുന്ന അഭിപ്രായമാണ്. എന്നാൽ ഇക്കാര്യം സി.പി ഐ എം നെ അല്ല, രാജ്യവ്യാപകമായി അത് അജണ്ടയായി നടപ്പിലാക്കുന്ന സംഘ് പരിവാറിനേയാണ് ഓർമിപ്പിക്കേണ്ടത് എന്നതാണ് വസ്തുത. പേശീബലം കൊണ്ടും ഉൻമാദത്തിലാണ്ട ആൾകൂട്ടങ്ങളെ കൊണ്ടും പരിശീലനം ചെയ്തെടുത്ത അർദ്ധ മിലിട്ടൻസി രൂപമായ RSS വളണ്ടിയർമാരെ ഉപയോഗിച്ചും തെരുവുകളെയും ഗ്രാമങ്ങളേയും നഗരങ്ങളെയും അടക്കി വാഴാം എന്ന മസ്കൂലിൻ പൊളിറ്റിക്സിനെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കേണ്ടത് ബാലറ്റു പേപ്പറിലൂടെയാണെങ്കിലും, മർദ്ദിതനുനേരെ ഓങ്ങുന്ന കൈ പിടിച്ചുകൊണ്ടു കൂടിയാകണമെന്നതും സമകാലീന ഇന്ത്യൻ അവസ്ഥ നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. പെഹ്ലുഖാനും ജുനൈദും അഹ് ലാഖും ഒക്കെ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരായിരുന്നു എന്നും അവരെ നിർദാക്ഷിണ്യം സംഘ് പരിവാർ പ്രചാരകർ അടങ്ങിയ/ നിയന്ത്രണത്തിലുള്ള ആൾകൂട്ടങ്ങളാണ് കൊന്നു തള്ളിയതെന്നും ആരും മറക്കരുത്.

കഴിഞ്ഞ ദിവസം പോലും ഹരിയാനയിലെ ഗുഡ്ഗാവിൽ വെറുപ്പിന്റെ പേയിളകിയ ആൾകൂട്ടം മുസ്ലിം കുടുംബത്തെ തല്ലിച്ചതച്ചത് യാദൃശ്ചികമല്ല, മറിച്ച് സംഘ്പരിവാർ നിർമിച്ചെടുത്ത ഒരു പോളിസിയുടെ ട്രയൽ റണ്ണാണ് നടന്നുകൊണ്ടിരിക്കുന്നത്. സുബോന്ത്കാന്തെന്ന പോലീസ് ഓഫിസറെ പോലിസ് സ്റ്റേഷൻ ആക്രമിച്ച് തല്ലി കൊന്നതും നിസ്സഹായനായ അഫ്റാസുൽഖാനെ രാജസ്ഥാനിലെ രാജസ്മന്തിൽ മഴുവിന് വെട്ടിയും മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊന്ന് വീഡിയോയിൽ പകർത്തിയ നിഷ്ഠൂരനായ ശമ്പുനാഥ് റായ്ഗറും ആവർത്തിക്കാവുന്ന ദുരന്തങ്ങളാണ്.

അവിടങ്ങളിലൊന്നും തന്നെ ഈ വെറുപ്പിന്റെ തത്വശാസ്ത്രത്തെ എതിരിടുന്ന ആശയക്ലിഷ്ടതയുള്ള മതനിരപേക്ഷ സംഘങ്ങളോ ഇടതുപക്ഷ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളോ ഭൂരിപക്ഷ സമുദായത്തിൽ സജീവമല്ല എന്നതാണ് ആ കൈയെന്ന് കയറിപിടിക്കാനാ അരുതെന്ന് പറയാനോ ആവാതെ പോയതെന്നതാണ് യാഥാർത്ഥ്യം. എന്നാൽ അത്തരം ആളുകൾ സംഘ്പരിവാർ പാർട്ടി ഗ്രാമങ്ങളായി അടക്കിവാഴുന്നിടത്ത് തീർത്തും ഇല്ലാതയതല്ല,മറിച്ച് അങ്ങനെ മാനവികപക്ഷത്ത് നിൽക്കുന്നവരെ പോലും നിശ്ശബ്ദരാക്കുകയൊ ഭയപ്പെടുത്തി കീഴ്പെടുത്തുകയോ ചെയ്യുന്ന രാഷ്ട്രീയ/ഭരണ പരിസരം സംഘ്പരിവാരം സൃഷ്ടിച്ചെടുത്തു എന്നതാണ് സത്യം. ഇവരെ തെരുവിൽ നിലക്കു നിർത്താൻ മതനിരപേക്ഷ ആൾകൂട്ടങ്ങളും സജീവമാകേണ്ടതുണ്ട്. എന്നാൽ ആർ എസ്സ് എസ്സ് ലക്ഷ്യമിടുന്നതുപോലുള്ള വർഗീയ ഏറ്റുമുട്ടലായല്ല അതൊക്കെ പരിണമിക്കേണ്ടത്. പ്രഫ:എം. എൻ വിജയൻ ഈ ആശയ പരിസരത്തെ ഒരിയ്ക്കൽ വിപുലീകരിച്ച് പറഞ്ഞത്, ഫാസിസത്തെ നെഞ്ചു കൊണ്ടും നേരിടേണ്ടി വരുമെന്നാണ് .

എന്നാൽ രാജ്യത്ത് നടക്കുന്ന ഈ വക കാര്യങ്ങൾ പാർലമെന്റിൽ ശക്തമായും വ്യക്തമായും വലിയ ആശയ വ്യക്തതയോടെ ഉന്നയിക്കുമ്പോഴാണ് രാജ്യത്ത് ഫാസിസത്തിനെതിരെ വലിയ അഭിപ്രായങ്ങൾ രൂപപ്പെടുകയും മാധ്യമങ്ങൾ ഏറ്റെടുക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുക. ഈ ദൌത്യം സംഘ്പരിവാർ ഫാസിസത്തെ ആശയപരമായും സൈന്ധാന്തികമായും ഏറ്റുമുട്ടുന്നവർ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്. അവിടെയാണ് ഇടതുപക്ഷം പ്രസക്തമാവുന്നത്. ജനങ്ങൾക്ക് വേണ്ടി, വിശിഷ്യാ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി

പാർലമെന്റിൽ പേർത്തും പേർത്തും ഫാസിസത്തിന്റെയും വംശീയതയുടേയും വിപത്തുകൾ ഉന്നയിക്കപ്പെടണം. അതിനാലാണ് ഇടതുപക്ഷം ചെറുതാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും പതിനേഴാമത് ഇന്ത്യൻ പാർലമെന്റെിൽ അവശ്യം വേണ്ട അനിവാര്യതയാകുന്നത്. കേരളത്തിൽ നിന്നടക്കം പോകുന്ന ആ എം.പി മാർ പ്രസരിപ്പിക്കുന്ന ഊർജം വലിയ തോതിൽ ഇന്ത്യൻ മതേതരത്വത്തെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും. പാർലമെന്റിൽ നിന്ന് ഇടതു വിഭാഗത്തിൽ പെട്ട എം.പിമാർ തെരുവിലേക്കിറങ്ങി വന്ന് ഇരകളോടൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കുന്ന സാഹചര്യം സൃഷ്ടിക്കുമ്പോൾ ഇരകൾക്ക് ലഭിക്കുന്ന സുരക്ഷിത ബോധം അനിർവചനീയമാണ്. യച്ചൂരിക്കും ബൃന്ദാ കാരാട്ടിനും മുഹമ്മദ് റിയാസിനും എംബി രാജേഷിനും സമ്പത്തിനും ജുനൈദിന്റെയും അഹ്ലാഖിന്റെയും വീടുകളിലേക്ക് പോകാനായതും പിണറായി വിജയന് ജുനൈദിന്റെ ഉമ്മയെ കാണാനായതും സംഘ് പരിവാർ ഫാസിസത്തെ ആശയപരിസരത്ത് വെച്ച് നേരിടുമെന്ന കരുത്താണ് കാണിച്ചുതരുന്നത്. ഈ ആശയ സംഘർഷം സൃഷ്ടിക്കാൻ ഒരിക്കലും മധ്യ വലതു രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസിന് അത്രത്തോളം കഴിയില്ല എന്നിടത്താണ് ഇടതു എംപിമാർ പാർലമെന്റെിൽ തീർച്ചയായും ഉണ്ടാകണമെന്ന് ന്യൂനപക്ഷത്തിന് നിഷ്കർഷ ഉണ്ടാവേണ്ടത്. അത്തരം സന്ദർഭങ്ങളിൽ അളിഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയമോ മൃദുഹിന്ദുത്വ സമീപനമോ ഇടതുപക്ഷ എംപിമാർ സ്വീകരിക്കില്ലെന്ന് ഇടതു രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവർക്ക് ഉറപ്പുണ്ട്, ചരിത്രത്തിന്റെ പിൻബലവും അതിനുണ്ട്.

അതോടൊപ്പം സംഘ്പരിവാർ അതിന്റെ കൂർത്ത പല്ലുകൾ സകലമാന സംവിധാനങ്ങളിലും ആഴത്തിൽ ആഴ്ത്തി കഴിഞ്ഞു എന്നുള്ളത് തർക്കമറ്റ വിഷയമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നരേന്ദ്ര ദാമോദർ ദാസ് മോഡി എന്ന സംഘ് ചാലകിന്റെ കാർമികത്വത്തിൽ ഇനി വരാനിരിക്കുന്ന ഗവൺമെന്റുകൾക്ക് ഇളക്കി പ്രതിഷ്ഠിക്കാനാവാത്ത വിധം എല്ലാ സ്ഥാപനങ്ങളിലും സംഘിവത്കരണം നാഗ്പൂരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് പൂർണമാക്കി. കോൺഗ്രസ് ഭരണകാലത്ത് ആർ എസ്സ് എസ്സ് പയ്യെ പയ്യെ നുഴഞ്ഞുകയറി ചെയ്തുകോണ്ടിരുന്നത് , വാജ്പേയിയുടെ കാലത്ത് സോഷ്യലിസ്സ്റ്റ് സഹയാത്രികരുടെ കണ്ണുമൂടി ചെയ്തതിന്റെയും തുടർച്ചയായി ആരെയും കൂസാതെ പകൽവെളിച്ചത്തിൽ ധാർഷ്ട്യത്തോടെ തന്നെ ഡീപ് സ്റ്റേറ്റ് ഇന്ത്യയിൽ വിജയകരമായും വ്യവസ്ഥാപിതമായും സ്ഥാപിച്ചു കൊടുത്തു എന്നതിൽ ആർ എസ്സ് എസ്സ് എക്കാലത്തും മോഡിയോടും അമിത്ഷായോടും കടപ്പെട്ടിരിക്കും. ചരിത്ര കൗൺസിൽ, റിസർവ്ബാങ്ക്അടങ്ങുന്ന ഇൻസ്റ്റിറ്റ്യൂഷനുകൾ, എൻ സി ആർ ഇടി യുജിസി അടക്കമുള്ള വിദ്യാഭ്യാസ മേഖല, യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാർ, ജുഡീഷ്യറിയിൽ പുതുതായി നിയമിതരായ അസഖ്യം ജഡ്ജിമാർ, കലാ സാഹിത്യ അക്കാദമികളിലെ പുതിയ നിയമനങ്ങൾ, സിനിമാരംഗത്ത് പുതുതായി നിർമിച്ചെടുത്ത പരിവാർ അനുകൂല നിർമാതാക്കൾ, സംവിധായകർ അഭിനേതാക്കൾ അടക്കമുള്ള വൻ ശൃംഖല, മാധ്യമരംഗത്ത് നിക്ഷേപമായും മാധ്യമ പ്രവർത്തകാരായും സൃഷ്ടിച്ചെടുത്ത വലിയ തോതിലുള്ള സവർണ മീഡിയ സിണ്ടിക്കേറ്റ് അടക്കം നമുക്ക് മുന്നിലുണ്ട്. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ശ്രേണി ബന്ധിതമായ ബ്യൂറോക്രസിയുടെ എല്ലാ അടരുകളിലും പ്രതിഷ്ഠിച്ച അതീവ ലോയലിസ്റ്റുകളുടെ നീണ്ട നിരയേയും ചൂഴ്ന്നെടുത്ത് ഇളക്കി നോക്കാനെങ്കിലും സംഘ്പരിവാർ ഫാസിസത്തിന്റെ ആശയപരിസരത്തെ വായിച്ചും അപഗ്രഥിച്ചും ഏറ്റുമുട്ടിയും പരിചയമുള്ളവർക്കേ സാധിക്കൂ. അങ്ങനെ വരുമ്പോൾ ഇടതു എം പിമാരുടെ ഇന്ത്യൻ പാർലമെന്റെിലും ഗവൺമെന്റെിലുമുള്ള കരുത്തുറ്റ സാനിധ്യം ഇന്ത്യൻ ജനസാമാന്യത്തിന് ബോധ്യപ്പെടുമെന്നതും തീർച്ചയാണ്. അതോടൊപ്പം അന്വേഷണഏജൻസികളിലും പോലിസ് സേനയിലും എന്തിനേറെ രാജ്യത്തെ മിലിറ്ററിയിലും പാരമിലിറ്ററിയിലും തിരുകികയറ്റിയ അസഖ്യം സംഘ്പരിവാർ അനുകൂലികൾ! ഇതൊക്കെയാണ് ഇനി അധികാരത്തിൽ വരാനുള്ള ഗവൺമെന്റിന് തുടച്ചുവൃത്തിയാക്കാനുള്ള ഈജിയൻ തൊഴുത്ത്. രാംമാധവും ബയ്യാജി ജോഷിയും അടക്കമുള്ള RSSകാർ സ്റ്റേറ്റിൽ തിരുകി കയറി നടത്തിയ സാംസ്കാരിക നാഷണിലിസവും മനുഷ്യനുമേൽ പശുവിനെ പ്രതിഷ്ഠിച്ച പൊതുബോധ നിർമിതിയും ഉടച്ചുവാർക്കാൻ മധ്യപ്രദേശിലേയും രാജസ്ഥാനിലേയും പുതിയ ഗവൺമെന്റെുകളെ പോലും മുൻനിർത്തി കോൺഗ്രസിന് കഴിയുമെന്ന് ഉറപ്പുപറയാനാവില്ല.

പ്രഥമ പാർലമെന്റെിൽ പ്രധാനമന്ത്രി ജവഹർലാൽ പ്രതിപക്ഷ നേതാവ് എകെജിയുടെ പ്രസംഗം സാകൂതം കേട്ട് ഇടതു സാന്നിദ്ധ്യത്തെ ക്രയാത്മകമായി ഉൾകൊണ്ടപോലെയും ഒന്നാം യു പി എ ഗവൺമെന്റെിനെ പോളിസിയിൽ അടിസ്ഥാന പൌരപക്ഷ ഇടപെടൽ നടത്തിയ ഇടതുപക്ഷം വരുന്ന ലോകസഭയിലും ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ തേട്ടമാണ്. അത് സോഷ്യലിസ്റ്റുകളും ബി എസ് പിയുമടങ്ങിയ മൂന്നാംമുന്നണി ഗവൺമെന്റെിൽ ൽ പങ്കാളിത്തം വഹിച്ചായാലും കോൺഗ്രസ് ഗവൺമെന്റെിനെ പിന്തുണച്ചായാലും ആര് ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ബിജെപി അടങ്ങുന്ന വിശാല എൻ ഡി എ ഗവൺമെന്റെിനെ സഭയിൽ എതിരിടുന്ന കരുത്തുറ്റ പ്രതിപക്ഷമായാലും ഇടതുപക്ഷം ജയിച്ചുപോകേണ്ടത് രാജ്യത്തിന് അതിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവും അടിസ്ഥാന മൂല്യങ്ങളായി നിലനിർത്താൻ തീർത്തും അനിവാര്യമാണ്.


മസ്ഹറുദ്ദീൻ
Read More >>