സച്ചിനെ സുച്ചിനാക്കി, സ്വാമി വിവേകാനന്ദനെ വിവേകമാനന്‍ ആക്കി; ട്രംപിന്റെ പ്രസംഗത്തില്‍ നിറയെ ഉച്ചാരണപ്പിഴവുകള്‍!

സച്ചിന് പുറമേ, ടീം ഇന്ത്യ നായകന്‍ വിരാട് കോലിയും പരാമര്‍ശിക്കപ്പെട്ടു.

സച്ചിനെ സുച്ചിനാക്കി, സ്വാമി വിവേകാനന്ദനെ വിവേകമാനന്‍ ആക്കി; ട്രംപിന്റെ പ്രസംഗത്തില്‍ നിറയെ ഉച്ചാരണപ്പിഴവുകള്‍!

അഹമ്മദാബാദ്: മൊട്ടേര സ്‌റ്റേഡിയത്തിലെ സ്വീകരണ പരിപാടിയില്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയത് ഇന്ത്യയെ മനസ്സില്‍ കണ്ട പ്രസംഗം. ക്രിക്കറ്റും ബോളിവുഡും എല്ലാം ട്രംപിന്റെ പ്രസംഗത്തില്‍ ഇടംപിടിച്ചു.

എന്നാല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പല വാക്കുകളും ട്രംപ് തെറ്റായി ആണ് ഉച്ചരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ സുച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നും ചായ്‌വാലയെ (മോദിയുടെ ആദ്യകാലം ഉദ്ദേശിച്ച്) ചീവാല എന്നുമാണ് ട്രംപ് പറഞ്ഞത്.

ബോളിവുഡ് സിനിമ ഷോലെയെ ഷോജെ എന്നാണ് ഉച്ചരിച്ചത്. ദ വേദാസ് എന്ന് പറയേണ്ടിടത്ത് പറഞ്ഞത് ദ വെസ്റ്റാസ് എന്ന്. സ്വാമി വിവേകാനന്ദന്റെ പേരും തെറ്റിച്ചു പറഞ്ഞു. സ്വാമി വിവേകമാനന്‍ എന്നാണ് ട്രംപ് പറഞ്ഞത്.

ഷോലെയ്ക്ക് പുറമേ, ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേങ്കെയെയും ട്രംപ് പരാമര്‍ശിച്ചു. സച്ചിന് പുറമേ, ടീം ഇന്ത്യ നായകന്‍ വിരാട് കോലിയും പരാമര്‍ശിക്കപ്പെട്ടു.

സ്വന്തം പ്രസംഗങ്ങളില്‍ മോദിയും ട്രംപും മത്സരിച്ചു പുകഴ്ത്തി. പ്രശംസ കഴിഞ്ഞാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറാണ് ട്രംപിന്റെ പ്രസംഗത്തില്‍ പ്രധാനമായി പരാമര്‍ശിക്കപ്പെട്ടത്. ഇന്ത്യയുമായി മൂന്ന് ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറാണ് യു.എസ് ഒപ്പു വയ്ക്കുന്നത്.

'എന്റെ രാജ്യത്തിന് നിങ്ങള്‍ ചെയ്ത സംഭാവനകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അമേരിക്കയുടെ സാമ്പത്തിക രംഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ബന്ധം വികസിപ്പിക്കാനാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള എന്റെയും മോദിയുടെയും സംഭാഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയും യു.എസും തമ്മിലുള്ള സംയുക്ത സേനാ അഭ്യാസത്തിലൂടെ - ടൈഗര്‍ ട്രിംഫ്- അതു പുതിയ വഴിത്തിരിവിലെത്തി. ഏറ്റവും മികച്ച സൈനിക ആയുധങ്ങളാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ അത് ഇന്ത്യയുമായി കരാര്‍ ആകുകയാണ്. നാളെ മൂന്നു ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യയുമായി ഒപ്പുവയ്ക്കും. ഞങ്ങളുടെ പ്രീമിയം പ്രതിരോധ പങ്കാളിയായി ഇന്ത്യയെ ഞങ്ങള്‍ ആഗ്രഹിക്കുന്നു' - ട്രംപ് പറഞ്ഞു.

Next Story
Read More >>