തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിൽ

ദുബൈ: ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിൽ. അജ്മാൻ പൊലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാൻ സെൻ...

തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിൽ

ദുബൈ: ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിൽ. അജ്മാൻ പൊലീസാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ തുഷാറിനെ പിന്നീട് അജ്മാൻ സെൻട്രൽ ജയിലിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകീട്ട് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പത്തു വർഷം മുമ്പ് നൽകിയ പത്ത് ദശലക്ഷം ദിർഹത്തിന്റെ ചെക്ക് സംബന്ധിച്ച തർക്കത്തിന്റെ തുടർച്ചയായാണ് അറസ്റ്റ്. എന്നാൽ വ്യാഴാഴ്ച തന്നെ ഇതുസംബന്ധിച്ച രേഖകൾ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു.

അജ്മാനിലെ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് അജ്മാൻ പൊലീസ് സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നൽകിയത്. എന്നാൽ കേസ് സംബന്ധിച്ച് തുഷാർ വെളളാപ്പള്ളിക്ക് വിവരമൊന്നും ഉണ്ടായിരുന്നില്ല.

പൊലീസിൽ പരാതി നൽകിയത് മറച്ചുവെച്ചുകൊണ്ട് ചെക്ക് കേസ് സംസാരിച്ചു തീർക്കാമെന്ന് പറഞ്ഞ് തുഷാറിനെ പരാതിക്കാർ കേരളത്തിൽ നിന്ന് അജ്മാനിലെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തുകയായിരുന്നു.ഇതിന്റെ ചർച്ചക്കിടയിലാണ് പരാതിക്കാർ നൽകിയ വിവരം അനുസരിച്ച് പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

അജ്മാനിൽ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കൺസ്ട്രക്ഷൻസിന്റെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിൽ അബ്ദുള്ളയുടെ കമ്പനി. എന്നാൽ പത്തുവർഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി.

അതേസമയം സബ് കോൺട്രാക്ടറായിരുന്ന നാസിൽ അബ്ദുള്ളക്ക് കുറച്ച് പണം നൽകാനുണ്ടായിരുന്നു. ഇതിന് പകരമായി നൽകിയ ചെക്കിന്റെ പേരിലായിരുന്നു പരാതി. തിയ്യതി വെക്കാതെ നൽകിയ ചെക്കായിരുന്നു ഇത്. യു.എ.യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവർത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകൾ നടത്തി. എന്നാൽ പരാതിക്കാർ കേസ് പിൻവലിക്കാത്തതിനാൽ ജാമ്യം ലഭിച്ചില്ല.

പത്തുവർഷം മുമ്പ് നൽകിയ ചെക്കിന് ഇപ്പോൾ സാധുത ഇല്ലെന്ന വാദവും തുഷാറിന്റെ കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. യു.എ.ഇ യിലെ ചില പ്രമുഖ പ്രവാസി വ്യവസായികൾ മുഖേന തുഷാറിനെ വ്യാഴാഴ്ച തന്നെ ജാമ്യത്തിൽ ഇറക്കാനാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചെക്ക് കേസ് ആയതിനാൽ പാസ്പോർട്ട് ജാമ്യത്തിൽ തന്നെ പുറത്തിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് അവർ.

Next Story
Read More >>