അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; സി.എ.എക്കെതിരെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ്

നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധത്തില്‍ അണിനിരന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം; സി.എ.എക്കെതിരെ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ്

ന്യൂഡല്‍ഹി: കോളജ് ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളിലൊന്നില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. സംഘ്പരിവാര്‍ ആക്രമണം അഴിച്ചുവിട്ട ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളോടും സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു ക്ലാസ് ബഹിഷ്‌കരണം.

കോളജിന് പുറത്തെ പുല്‍ത്തകടിയില്‍ ഒരുമിച്ചു കൂടിയ വിദ്യാര്‍ത്ഥികള്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും ആസാദി മുദ്രാവാക്യം വിളിക്കുകയും ചെയ്തു. നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പ്ലക്കാര്‍ഡുമായി പ്രതിഷേധത്തില്‍ അണിനിരന്നു.

'ഇന്ന് സെന്റ് സ്റ്റീഫന്‍സിലെ വിദ്യാര്‍ത്ഥികള്‍ ഭരണഘടനയുടെ ആമുഖം വായിക്കാന്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു (വളരെ, വളരെ അപൂര്‍വ്വം). ഞങ്ങള്‍ ജെ.എന്‍.യുവിന് ഒപ്പം നില്‍ക്കുന്നു, സി.എ.എയും എന്‍.ആര്‍.സിയും വേണ്ട എന്നു പറയാനും ക്ലാസ് ബഹിഷ്‌കരിച്ചു' - എന്ന് കോളജ് അലുംനി ട്വിറ്റര്‍ അക്കൗണ്ടായ സ്‌റ്റെഫാനിയന്‍സ് കുറിച്ചു.

രാഷ്ട്രീയമില്ലാത്ത കോളജുകളില്‍ ഒന്നായാണ് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് അറിയപ്പെടുന്നത്.

ഡല്‍ഹി സര്‍വകലാശാലയിലെ ആര്‍ട് ഫാക്കല്‍റ്റി കെട്ടിടത്തിനു നേരെ മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികള്‍ ഇസ് ബാര്‍ നഹി അം ചോഡേംഗെ, ഇതിഹാസ് കി ധരാ മോദേംഗെ (ഇത്തവണ നഷ്ടപ്പെടുത്തില്ല, ഞങ്ങള്‍ ചരിത്രഗതി മാറ്റിയെഴുതും), ഇന്‍ക്വിലാബ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

പ്രതിഷേധിക്കാന്‍ മാത്രമാണ് പുറത്തെത്തിയത് എന്നും ഒരു രാഷ്ട്രീയകക്ഷിയുമായും ബന്ധമില്ലെന്നും സംഘാടകര്‍ പറഞ്ഞു. 'രാജ്യത്തുടനീളം പ്രക്ഷോഭം നടന്നു കൊണ്ടിരിക്കുന്നു. ആ പ്രതിഷേധങ്ങള്‍ ഇല്ലാതാകാന്‍ ഡല്‍ഹി സ്റ്റീഫന്‍സിലെ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നില്ല. അതു കൊണ്ട് ഞങ്ങള്‍ അതില്‍ പങ്കുചേര്‍ന്നു' - സംഘാടകരില്‍ ഒരാളായ മേഘ്‌ന പറഞ്ഞു.

Next Story
Read More >>