ബഹുസ്വരത ഇന്ത്യയുടെ ആത്മാവ്, സംവാദം ജനാധിപത്യത്തിന്റെ സത്ത- കേന്ദ്രത്തെ പരോക്ഷമായി വിര്‍ശിച്ച് പ്രണബ് മുഖര്‍ജി

എന്നത്തേക്കാള്‍ കൂടുതല്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഓര്‍ക്കേണ്ട കാലമാണ് ഇതെന്നും അഹിംസ മാത്രമല്ല, പരസ്പര വിശ്വാസവും ഗാന്ധിയുടെ പ്രധാന ഉപദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹുസ്വരത ഇന്ത്യയുടെ ആത്മാവ്, സംവാദം ജനാധിപത്യത്തിന്റെ സത്ത- കേന്ദ്രത്തെ പരോക്ഷമായി വിര്‍ശിച്ച് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവെന്നും പരസ്പര സംവാദങ്ങള്‍ ജനാധിപത്യത്തിന്റെ ആന്തരിക സത്തയാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നോര്‍ത്ത് ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

'ഒരു വ്യക്തിയോ, കുട്ടിയോ, സ്ത്രീയോ ആക്രമിക്കപ്പെടുന്ന ഓരോ വേളയിലും ഇന്ത്യയുടെ ആത്മാവിനാണ് മുറിവേല്‍ക്കുന്നത്. വിദ്വേഷ പ്രകടനങ്ങള്‍ നമ്മുടെ സാമൂഹിക പാരസ്പര്യത്തെയാണ് പിച്ചിച്ചീന്തുന്നത്. ഓരോ ദിവസങ്ങളും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. ഈ അശാന്തിയുടെ ഹൃദയം ഇരുട്ടാണ്, ഭയമാണ്, അവിശ്വാസമാണ്' - അദ്ദേഹം പറഞ്ഞു.

'പൊതുസംവാദങ്ങളില്‍ ഭിന്നനിലപാടുകള്‍ അംഗീകരിക്കപ്പെടേണ്ടതുണ്ട്. നമ്മള്‍ തര്‍ക്കിക്കും, തര്‍ക്കിക്കാതിരിക്കും. അഭിപ്രായവൈവിധ്യത്തിന്റെ പ്രാധാന്യത്തെ നിരാകരിക്കാനാകില്ല. നൂറ്റാണ്ടുകളായി ആശയങ്ങളുടെ സ്വാംശീകരണങ്ങളിലൂടെയാണ് സമൂഹത്തില്‍ ബഹുസ്വരത കൈവന്നത്. മതേതരത്വവും എല്ലാവരെയും ഉള്‍ക്കൊള്ളലും നമുക്ക് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഈ സാംസ്‌കാരിക വൈവിദ്ധ്യമാണ് നമ്മെ ഒരു രാഷ്ട്രമാക്കുന്നത്' - പ്രണബ് കൂട്ടിച്ചേര്‍ത്തു.

എന്നത്തേക്കാള്‍ കൂടുതല്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഓര്‍ക്കേണ്ട കാലമാണ് ഇതെന്നും അഹിംസ മാത്രമല്ല, പരസ്പര വിശ്വാസവും ഗാന്ധിയുടെ പ്രധാന ഉപദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാറിനെതിരെയുള്ള മുന്‍ രാഷ്ട്രപതിയുടെ പരോക്ഷ വിമര്‍ശനങ്ങള്‍.

Read More >>