ദേവീന്ദറിന് ഒരു ലക്ഷം രൂപ കൊടുക്കാന്‍ ആഭരണം വരെ വിറ്റു; വെളിപ്പെടുത്തലുമായി അഫ്സല്‍ ഗുരുവിന്റെ ഭാര്യ

പാര്‍ലമെന്റ് ആക്രമണത്തില്‍ ചാവേറായി കൊല്ലപ്പെട്ട മുഹമ്മദ് എന്നയാളെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിച്ചത് ദേവീന്ദറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു

ദേവീന്ദറിന് ഒരു ലക്ഷം രൂപ കൊടുക്കാന്‍ ആഭരണം വരെ വിറ്റു; വെളിപ്പെടുത്തലുമായി അഫ്സല്‍ ഗുരുവിന്റെ ഭാര്യ

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് കടത്താന്‍ ഒത്താശ ചെയ്യവെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിങിനെതിരെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസ്സും. ദേവീന്ദറിന് ഒരു ലക്ഷം രൂപ നല്‍കിയെന്നും തന്റെ ആഭരണം വിറ്റാണ് ഇതിനായി പണം കണ്ടെത്തിയത് എന്നും അവര്‍ വെളിപ്പെടുത്തി.

ടൈംസ് ഓഫ് ഇന്ത്യയാണ് തബസ്സുമിന്റെ ആരോപണം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, തിഹാര്‍ ജയിലില്‍ നിന്ന് അഭിഭാഷകന്‍ സുശീല്‍ കുമാറിനെഴുതിയ കത്തില്‍ അഫ്‌സല്‍ ദേവീന്ദറുമായുള്ള ബന്ധം വെളിപ്പെടുത്തിയിരുന്നു.

പാര്‍ലമെന്റ് ആക്രമണത്തില്‍ ചാവേറായി കൊല്ലപ്പെട്ട മുഹമ്മദ് എന്നയാളെ കശ്മീരില്‍ നിന്ന് ഡല്‍ഹിയിലേക്ക് എത്തിച്ചത് ദേവീന്ദറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നാണ് കത്തില്‍ ആരോപിച്ചിരുന്നത്. മുഹമ്മദിന് ഡല്‍ഹിയില്‍ ഫ്‌ളാറ്റ് എടുത്തു നല്‍കിയതതും കരോള്‍ ബാഗില്‍ നിന്ന് കാര്‍ വാങ്ങാന്‍ സഹായിച്ചതും പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു എ്ന്നും അഫ്‌സല്‍ കത്തില്‍ എഴുതിയിരുന്നു.

അതിനിടെ, ദേവീന്ദറിന്റെ അറസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി രംഗത്തെത്തി. എന്തു കൊണ്ടാണ് മോദിയും ഷായും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മിണ്ടാത്തത് എന്ന് അദ്ദേഹം ചോദിച്ചു. പുല്‍വാമ ആക്രമണത്തില്‍ ദേവീന്ദറിന്റെ പങ്ക് എന്തായിരുന്നു? മറ്റ് ഏതെല്ലാം ഭീകരവാദികളെ ദേവീന്ദര്‍ സഹായിച്ചിട്ടുണ്ട്? ആരാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നത്, അത് എന്തു കൊണ്ടാണ്? തുടങ്ങിയ ചോദ്യങ്ങളും രാഹുല്‍ ഉന്നയിച്ചു.

Next Story
Read More >>