ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ യുഗം; സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡണ്ടാകും

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാണ് സൗരവ്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ യുഗം; സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡണ്ടാകും

മുംബൈ: ക്രിക്കറിലെ മഹാരഥന്മാരായ കളിക്കാരില്‍ ഒരാളും ടീം ഇന്ത്യ മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്തേക്ക്. പ്രസിഡണ്ട് പദത്തിലേക്ക് സമവായ സ്ഥാനാര്‍ത്ഥി ആയാണ് സൗരവ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ്ഷാ ബി.സി.സി.ഐ സെക്രട്ടറിയാകും. അരുണ്‍ ധുമല്‍ ട്രഷററും. ബി.സി.സി.ഐ മുന്‍ പ്രസിഡണ്ടും കേന്ദ്ര ധനസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് ധുമല്‍.

തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം. രണ്ടാഴ്ച നീണ്ട തിരക്കിട്ട കൂടിയാലോചനകള്‍ക്കും ലോബ്ബിയിങിനും ഒടുവിലാണ് 47കാരനായ സൗരവ് ഈ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെടുന്നത്.

നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാണ് സൗരവ്. തമിഴ്‌നാട്ടില്‍ നിന്നുള്ള എന്‍ ശ്രീനിവാസന്റെ പിന്തുണയോടെ ബ്രിജേഷ് പട്ടേലാണ് തസ്തികയിലേക്കുണ്ടായിരുന്ന മറ്റൊരാള്‍. എന്നാല്‍ മിക്ക സംസ്ഥാന യൂണിറ്റുകളും ഗാംഗുലിയോട് താത്പര്യം പ്രകടിപ്പിച്ചത് ബ്രിജേഷിനെ പിന്മാറാന്‍ നിര്‍ബന്ധിതമാക്കുകയായിരുന്നു.

ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം നിലവില്‍ വന്ന ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ബോഡി ഇതോടെ ഇല്ലാതാകും. 33 മാസമാണ് അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ക്രിക്കറ്റ് ബോര്‍ഡ് ഭരിച്ചത്.

>ഇന്ത്യയുടെ ദാദ

ക്രിക്കറ്റ് ആരാധകര്‍ ദാദ (മൂത്ത ജ്യേഷ്ഠന്‍) എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് സൗരവ് ഗാംഗുലി. കളം വിട്ട് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ക്രിക്കറ്റിലെ ഇഷ്ടതാരമാണ് ഈ ബംഗാളി. ടീം ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ്. കളിക്കുന്ന കാലത്ത് ഓഫ്് സൈഡിലെ ദൈവം എന്നാണ് സൗരവ് വിശേഷിപ്പിക്ക്‌പ്പെട്ടിരുന്നത്.

1992 മുതല്‍ 2008 വരെയാണ് സൗരവ് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്. 1996 ജൂണ്‍ 20ന് ഇംഗ്ലണ്ടിനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം. 113 ടെസ്റ്റുകളില്‍ നിന്ന് 7,212 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 311 ഏകദിനങ്ങളില്‍ നിന്ന് 11636 റണ്‍സും.

Read More >>