പ്രിയങ്കയും സ്മൃതിയും വയനാട്ടിലേക്ക്

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയതലത്തില്‍ ശ്രദ്ധേയമായ വയനാട്ടിലേക്ക് ഇത് പ്രിയങ്കയുടെ രണ്ടാം വരവാണ്.

പ്രിയങ്കയും സ്മൃതിയും വയനാട്ടിലേക്ക്

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയും വയനാട്ടിലേക്ക്. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയതലത്തില്‍ ശ്രദ്ധേയമായ വയനാട്ടേക്ക് ഇത് പ്രിയങ്കയുടെ രണ്ടാം വരവാണ്. നേരത്തെ, പത്രികാ സമര്‍പ്പണത്തിനായി രാഹുലിനൊപ്പം പ്രിയങ്ക എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ മണ്ഡലത്തിലെത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി പ്രിയങ്കയും എത്തുന്നത്.

മാനന്തവാടിയിലും അരീക്കോടും നിലമ്പൂരിലും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രിയങ്കാ ഗാന്ധി പ്രസംഗിക്കും. ശനിയാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്ററിലാണ് മാനന്തവാടിയിലെത്തുന്നത്. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കുന്നുമുണ്ട്. പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തില്‍ പങ്കെടുത്ത ശേഷം അരീക്കോട്ടെത്തും. ശനിയാഴ്ച രാത്രി വൈത്തിരിയില്‍ തങ്ങുന്ന ഇവര്‍ ഞായറാഴ്ച രാവിലെ മടങ്ങും.

അമേഠിയില്‍ രാഹുലിനെ എതിരിടുന്ന സ്മൃതി ഇറാനി ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിലും തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുക്കും. നേരത്തെ, വയനാട്ടിലെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സ്മൃതി വിമര്‍ശിച്ചിരുന്നു. അമേഠിയിലെ ജനങ്ങളെ അപമാനിക്കുകയാണ് രാഹുല്‍ ചെയ്യുന്നത് എന്നായിരുന്നു വിമര്‍ശം. വയനാട്ടിനെ പാകിസ്താനോട് ഉപമിച്ച ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വിവാദ പ്രസ്താവനയ്ക്ക് ശേഷമാണ് കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി വയനാട്ടിലെത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ കഴിഞ്ഞ ദിവസം കേരളത്തില്‍ പ്രചാരണം നടത്തിയിരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലായിരുന്നു ഷായുടെ സന്ദര്‍ശനം. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരനു വേണ്ടിയാണ് മോദിയെത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയുടെ ഒരു റാലി കൂടി സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്.

Read More >>