പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വേണ്ട, മോദി വിശ്രമിക്കുന്നത് വിമാനത്താവള ലോഞ്ചുകളില്‍: അമിത് ഷാ

വിദേശത്തേക്കുള്ള യാത്രയില്‍ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ എണ്ണം പ്രധാനമന്ത്രി കുറച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ വേണ്ട, മോദി വിശ്രമിക്കുന്നത് വിമാനത്താവള ലോഞ്ചുകളില്‍: അമിത് ഷാ

ന്യൂഡല്‍ഹി: വിദേശയാത്രയ്ക്കിടെയുള്ള വിശ്രമ വേളകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിമാനത്താവളങ്ങളിലെ ലോഞ്ചുകളാണ് ഉപയോഗിക്കാറുള്ളത് എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം അദ്ദേഹം സ്വയം വേണ്ടെന്നു വച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ലോക്‌സഭയില്‍ നടന്ന എസ്.പി.ജി ഭേദഗതി ബില്ലില്‍ സംസാരിക്കവെയാണ് ഷായുടെ പ്രതികരണം.

'വിദേശയാത്രയ്ക്കിടെയുള്ള സാങ്കേതിക വിശ്രമവേളയില്‍ (വിമാനത്തിന് ഇന്ധനം നിറയ്ക്കുക പോലെയുള്ള) മോദി പഞ്ച നക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിക്കാറില്ല. വിമാനത്താവള ടെര്‍മിനലില്‍ വിശ്രമിക്കാനും അവിടെ നിന്ന് കുളിക്കാനുമാണ് അദ്ദേഹത്തിന് ഇഷ്ടം. പൊതുവെ ഇത്തരം വേളകളില്‍ പ്രധാനമന്ത്രിയും സംഘവും പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസം. അത് പൊതുഖജനാവിന് വന്‍ ബാദ്ധ്യതയുണ്ടാക്കുന്നതുമാണ്' - ഷാ പറഞ്ഞു.

വിദേശത്തേക്കുള്ള യാത്രയില്‍ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ എണ്ണം പ്രധാനമന്ത്രി കുറച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

'സ്വകാര്യ പൊതു ജീവിതത്തില്‍, മോദി അച്ചടക്കമുള്ള ഭരണാധികാരിയാണ്. ഉദാഹരണത്തിന് മോദി വിദേശത്തേക്കു പോകുമ്പോള്‍ 20 ശതമാനം ജീവനക്കാര്‍ മാത്രമാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടാകുക. അതു പോലെ ഔദ്യോഗിക സംഘത്തില്‍ കൂടുതല്‍ കാറുപയോഗിക്കുന്നതും അദ്ദേഹം നിരുത്സാഹപ്പെടുത്തുന്നു. നേരത്തെ, വെവ്വേറെ കാറുകളാണ് ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ബസോ വലിയ വാഹനങ്ങളോ ആണ് ഉപയോഗിക്കുന്നത്' - ഷാ കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ചയില്‍ നെഹ്‌റു കുടുംബത്തെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. 20 വര്‍ഷമായി ഒരു കുടുംബം സുരക്ഷാ കവചങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നും അത് അവര്‍ പദവിയുടെ പ്രതീകമായി വച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Next Story
Read More >>