വിദേശസന്ദര്‍ശനം വിജയമെന്ന് മുഖ്യമന്ത്രി; കേരളത്തില്‍ എത്തുന്നത് 200 കോടിയുടെ വിദേശ നിക്ഷേപം

നീറ്റ ജലാറ്റിന്‍ കമ്പനി. തോഷിബ, ടൊയോട്ട തുടങ്ങിയ വന്‍കിട കമ്പനികള്‍ കേരളത്തില്‍ നിക്ഷേപിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്

വിദേശസന്ദര്‍ശനം വിജയമെന്ന് മുഖ്യമന്ത്രി; കേരളത്തില്‍ എത്തുന്നത് 200 കോടിയുടെ വിദേശ നിക്ഷേപം

തിരുവനന്തപുരം: ജപ്പാന്‍, കൊറിയ രാജ്യങ്ങളിലെ വിദേശ ന്ദര്‍ശനം വിജയകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകാതെ കേരളത്തിലേക്ക് ഈ രാഷ്ട്രങ്ങളില്‍ നിന്ന് 200 കോടിയുടെ വിദേശനിക്ഷേപം എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വിവാദങ്ങളോടു പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസം ആരോഗ്യം, ഭക്ഷ്യസംസ്‌കരണം, മത്സ്യസംസ്‌കരണം, ചെറുകിട-ഇടത്തരം വ്യവസായം, ദുരന്തനിവാരണം തുടങ്ങി വിവിധ മേഖലകളില്‍ ഗുണകരമാകാവുന്ന സന്ദര്‍ശനമാണ് പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള ഒട്ടേറെ നിക്ഷേപക സാദ്ധ്യതകള്‍ തുറക്കാനും നടപടികള്‍ക്കു തുടക്കമിടാനും സന്ദര്‍ശനം കൊണ്ടു സാധിച്ചു.

നീറ്റ ജലാറ്റിന്‍ കമ്പനി. തോഷിബ, ടൊയോട്ട തുടങ്ങിയ വന്‍കിട കമ്പനികള്‍ കേരളത്തില്‍ നിക്ഷേപിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തോഷിബയുമായി വൈകാതെ കരാറൊപ്പിടും. സാങ്കേതിക കൈമാറ്റത്തിനുള്ള ധാരണാപത്രം ഒപ്പിട്ടു കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനവുമായി സഹകരിച്ച് തോഷിബ ലിഥിയം ടൈറ്റാനിയം ഓക്സൈഡ് ബാറ്ററി നിര്‍മ്മിക്കാനാണ് പദ്ധതി. ജപ്പാനിലെ വിവിധ സര്‍വകലാശാലകളുമായി വിദ്യാഭ്യാസ രംഗത്തു സഹകരിക്കാനുള്ള സാദ്ധ്യതയും തേടി. തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള വികസന സാദ്ധ്യതകള്‍ സംബന്ധിച്ചു ജപ്പാന്‍ സന്ദര്‍ശനത്തിലൂടെ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ചെറുകിട-ഇടത്തരം വ്യാവസായങ്ങളുടെ വികസനത്തിനു ജപ്പാനുമായി സഹകരിക്കാനും തീരുമാനിച്ചു. സാങ്കേതിക വിദ്യാ കൈമാറ്റമാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ജപ്പാനിലെ ചില കമ്പനികള്‍ നിക്ഷേപത്തിനു തയ്യാറായത് വലിയ പ്രതീക്ഷ പകരുന്ന കാര്യമാണ്. കേരളത്തെ കുറിച്ച് ജപ്പാനു വലിയ മതിപ്പുണ്ട്്. കേരളം ജാപ്പാനീസ് നിക്ഷേപങ്ങള്‍ക്കു അനുയോജ്യമാണെന്നാണ് അവര്‍ വിലയിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More >>