ഇനി നാലുനാൾ, പാലായിൽ പോരു മുറുകി; പ്രചാരണം നയിച്ച് മുഖ്യമന്ത്രിയും എ.കെ ആന്‍റണിയും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുതൽ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത് ഇടതു അണികളെ ആവേശത്തിലാക്കി.

ഇനി നാലുനാൾ, പാലായിൽ പോരു മുറുകി; പ്രചാരണം നയിച്ച് മുഖ്യമന്ത്രിയും എ.കെ ആന്‍റണിയും

പാലാ: പോരാട്ടച്ചൂടിൽ തിളച്ചുമറിയുന്ന പാലാ ബൂത്തിലെത്താൻ ഇനി നാലുനാൾ മാത്രം. അവസാനഘട്ടത്തിൽ അരയും തലയും മുറുക്കിയുള്ള പ്രചാരണത്തിരക്കിലാണ് മൂന്നു മുന്നണികളും. വീടുകൾ കയറിയുള്ള മൂന്നും നാലും വട്ട വോട്ടഭ്യർത്ഥനകൾക്കു പിന്നാലെ കുടുംബ യോഗങ്ങൾ, പൊതുയോഗങ്ങൾ എന്നിവയും പൂർത്തിയായി. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ അണികളിൽ ആവേശം നിറയ്ക്കാൻ നേതാക്കളുടെ പടതന്നെ പാലായിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ മുതൽ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയത് ഇടതു അണികളെ ആവേശത്തിലാക്കി. പ്രതിപക്ഷത്തെ കണക്കറ്റു വിമർശിച്ചാണ് മുഖ്യമന്ത്രി പാലായിൽ പ്രചാരണതേരോട്ടത്തിനു തുടക്കമിട്ടത്. സംസ്ഥാന സർക്കാരിന്‍റെ ഭരണനേട്ടങ്ങളോടൊപ്പം പ്രതിപക്ഷത്തെ അനൈക്യവും മുഖ്യമന്ത്രിയുടെ പ്രസം​ഗവിഷയമാണ്. എന്നാൽ, ഭരണപക്ഷത്തിനെതിരെ പ്രളയവും കാർഷിക പ്രതിസന്ധിയും ചൂണ്ടിക്കാട്ടി കുറ്റപത്രം നിരത്തുകയാണ് പ്രതിപക്ഷം.

യു.ഡി.എഫ് പ്രചാരണവേദിയിലെ താരം എ.കെ ആൻറണിയാണ്. പ്രചാരണത്തിനു നേതൃത്വം നൽകുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സജീവമായി പാലായിലുണ്ട്. എ.കെ ആന്റണി പാലായിലെത്തിയതോടെ പ്രചാരണരംഗത്തു വ്യക്തമായ മേൽക്കൈ നേടാനായി എന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.

തുടക്കത്തിൽ കെ.എം മാണിയുടെ ഓർമ്മകൾ ഉയർത്തിക്കാട്ടിയായിരുന്നു യു.ഡി.എഫിന്റെ മുഖ്യപ്രചാരണം. പ്രചാരണം മുറുകിയതോടെ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ നിരത്തിയുള്ള ആക്രമണത്തിലേക്കു മാറി. ഇതിനിടെ ശബരിമലയും നവോത്ഥാന സമിതിയിലെ വിള്ളലും യു.ഡി.എഫ് ആയുധമാക്കി. വിശ്വാസികൾക്കെതിരാണ് സർക്കാരെന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണം അതേപടി പാലായിലും യു.ഡി.എഫ് ആവർത്തിക്കുമ്പോൾ ലക്ഷ്യമിടുന്നത് ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകളിലാണ്. സ്ഥാനാർത്ഥി ജോസ് ടോമിൻരെ സ്വീകാര്യതയും ലാളിത്യവും തങ്ങൾക്കു മുതൽക്കൂട്ടാവുമെന്ന പ്രതീക്ഷയും യു.ഡി.എഫിനുണ്ട്.

അതേസമയം, മാണി സി.കാപ്പനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന അമിത പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. പ്രത്യേകിച്ചും കേരളാ കോൺഗ്രസിലെ ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങളുടെ തർക്കം തങ്ങളെ തുണയ്ക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. പരസ്പരം പോരടിക്കുന്നതിൽ മനംമടുത്ത വലിയവിഭാഗം അണികൾ തങ്ങൾക്കൊപ്പം ചേരുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.

കെ. എം മാണിയുടെ കുത്തക മണ്ധലമായിട്ടും വികസനകാര്യത്തിൽ പാലാ പിന്നാക്കമാണെന്നും എൽ.ഡി.എഫ് വിശദീകരിക്കുന്നു. പഴുതില്ലാത്ത പ്രചാരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കോട്ടയത്തു തന്നെ ക്യാമ്പു ചെയ്യുന്നതും, തങ്ങളുടെ സാദ്ധ്യതയെ ഉറപ്പിച്ചുനിർത്താൻ വേണ്ടിയാണ്.

ഭൂരിപക്ഷ സമുദായത്തിലെ ദ്രൂവീകരണം എൻ.ഹരിയുടെ സാദ്ധ്യത വർദ്ധിപ്പിച്ചു എന്ന വിലയിരുത്തലിലാണ് എൻ.ഡി.എ ക്യാമ്പ്. എൻ.എസ്.എസ്, ബി.ഡി.ജെ.എസ് വഴി എസ്.എൻ.ഡി.പി എന്നീ സമുദായ സംഘടനകളുടെ നിലപാടുകളും തങ്ങൾക്കു സഹായകരമാകുമെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വം കണക്കുകൂട്ടുന്നു. കേന്ദ്രഭരണത്തിന്റെ നേട്ടങ്ങളും വികസന പദ്ധതികളും എണ്ണിപ്പറഞ്ഞുള്ള പ്രചാരണമാണ് എൻ.ഡി.എ നടത്തുന്നത്.

സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരൻപിള്ള, ദേശീയ നിർവാഹക സമിതി അംഗങ്ങളായ പി.കെ കൃഷ്ണദാസ്, എം.ടി രമേശ് തുടങ്ങിയ നേതാക്കൾ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മണ്ഡലത്തിൽ തങ്ങുകയാണ്.

Read More >>