കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ അല്‍പേഷ് താക്കൂറിന് തോല്‍വി; ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറു സീറ്റുകലില്‍ നാലിടത്തും കോണ്‍ഗ്രസാണ് മുന്നില്‍

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ അല്‍പേഷ് താക്കൂറിന് തോല്‍വി; ഗുജറാത്തില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം

അഹ്മദാബാദ്: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പി പാളയത്തിലേക്ക് കൂടുമാറിയ അല്‍പേഷ് താക്കൂറിന് ഗുജറാത്ത് ഉപതെരഞ്ഞടുപ്പില്‍ കനത്ത തോല്‍വി. അല്‍പേഷിനൊപ്പം ബി.ജെ.പിയിലേക്ക് ചേക്കേറിയ ധവല്‍സിന്‍ഹ സാലയും തോറ്റു. ജയിച്ചാല്‍ ബി.ജെ.പി മന്ത്രിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അല്‍പേഷിന്റെ തോല്‍വി.

രാധ്‌നാപൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നാണ് ഇദ്ദേഹം ജനവിധി തേടിയിരുന്നത്. കോണ്‍ഗ്രസിന്റെ രഘു ദേശായിയോട് 8700 വോട്ടിനാണ് തോല്‍വി. കഴിഞ്ഞ ഏപ്രിലിലാണ് ഇദ്ദേഹം ബി.ജെ.പിയിലേക്ക് കൂടുമാറിയത്.

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറു സീറ്റുകളില്‍ നാലിടത്തും കോണ്‍ഗ്രസാണ് മുന്നില്‍. രണ്ടിടത്ത് ഭരണകക്ഷിയായ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നു.

അര്‍വാലി മണ്ഡലത്തിലാണ് സാല മത്സരിക്കുന്നത്. 743 വോട്ടുകള്‍ക്കാണ് ഇദ്ദേഹം കോണ്‍ഗ്രസിന്റെ ജാഷു പട്ടേലിനോട് തോറ്റത്. അഹമ്മദാബാദിലെ അമരൈവാദി സീറ്റില്‍ കോണ്‍ഗ്രസിന്റെ ധര്‍മേന്ദ്ര പട്ടേല്‍ നാലായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

കോണ്‍ഗ്രസ് എം.എല്‍.എമായിരുന്ന ഇവര്‍ രാജിവച്ചതു കൊണ്ടാണ് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മറ്റു നാലിടങ്ങളിലെ എം.എല്‍.എമാര്‍ പാര്‍ലമെന്റ് അംഗങ്ങളായതോടെ ഒഴിവു വരികയായിരുന്നു.

Next Story
Read More >>