നിര്‍മാണ മേഖലയില്‍ പ്രതിസന്ധി; മുന്‍വര്‍ഷം ഇടിഞ്ഞത് 2.7 ശതമാനം- മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയില്‍

രാജ്യത്തിന്റെ മൊത്തം ജി.ഡി.പി 7.2 ശതമാനം വര്‍ദ്ധിച്ച കാലയളവാണ് 2017-18 സാമ്പത്തിക വര്‍ഷം

നിര്‍മാണ മേഖലയില്‍ പ്രതിസന്ധി; മുന്‍വര്‍ഷം ഇടിഞ്ഞത് 2.7 ശതമാനം- മൂന്നു വര്‍ഷത്തെ താഴ്ന്ന നിലയില്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നിര്‍മാണ മേഖലയിലെ നിക്ഷേപത്തില്‍ വന്‍ ഇടിവ് സംഭവിക്കുന്നതായി ആന്വല്‍ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസ് (എ.എസ്.ഐ) റിപ്പോര്‍ട്ട്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10.3 ശതമാനത്തിലേക്ക് നിക്ഷേപം കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു. മുന്‍വര്‍ഷത്തേതില്‍ നിന്ന് 2.7 ശതമാനമാണ് ഇടിവ് സംഭവിച്ചത്.

രാജ്യത്തെ വ്യവസായ സ്ഥിതി വിവരക്കണക്കുകളുടെ സമഗ്രമായ ചിത്രം അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ് എ.എസ്.ഐ.

2017-18ലെ മൊത്ത സ്ഥിര മൂലധന രൂപീകരണം (ഗ്രോസ് ഫിക്‌സഡ് കാപിറ്റല്‍ ഫോര്‍മേഷന്‍-ജി.എഫ്.സി.എഫ്) 3.31 ലക്ഷം കോടിയായി ചുരുങ്ങിയിട്ടുണ്ട്. മുന്‍ വര്‍ഷത്തില്‍ ഇത് 3.69 കോടി ആയിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന വിഹിതമാണിത്.

അതേസമയം, 2017-18ല്‍ വ്യവസായ ശാലകളുടെ എണ്ണത്തില്‍ 1.2 ശതമാനം വളര്‍ച്ചയുണ്ടായിട്ടുണ്ട്. തൊഴിലാളികളുടെ എണ്ണവും വര്‍ദ്ധിച്ചു. 2016-17ല്‍ ഇത് 11.6 ദശലക്ഷമായിരുന്നു എങ്കില്‍ അടുത്ത വര്‍ഷം ഇത് 12.2 ദശലക്ഷമായി; 4.8 ശതമാനം വര്‍ദ്ധന. തൊഴിലാകള്‍ക്കു നല്‍കിയ വേതനത്തിലും വര്‍ദ്ധനയുണ്ടായി. 1.73 ലക്ഷം കോടിയില്‍ നിന്ന് ഇത് 1.92 ലക്ഷം കോടിയായി.

2018 നവംബറിനും 2019 ജൂണിനും ഇടയിലാണ് സര്‍വേ നടത്തിയത് എന്ന് എ.എസ്.ഐ വെബ് പോര്‍ട്ടല്‍ പറയുന്നു.

2022 ഓടെ മൊത്തം ജി.ഡി.പിയുടെ 25 ശതമാനം നിര്‍മാണ മേഖലയില്‍ നിന്ന് ഉണ്ടാക്കണമെന്നാണ് കേന്ദ്രം ലക്ഷ്യം വച്ചിട്ടുള്ളത്.

രാജ്യത്തിന്റെ മൊത്തം ജി.ഡി.പി 7.2 ശതമാനം വര്‍ദ്ധിച്ച കാലയളവാണ് 2017-18 സാമ്പത്തിക വര്‍ഷം. ഇക്കാലയളവിലാണ് നിക്ഷേപത്തില്‍ കുറവുണ്ടായത്. 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ അഞ്ചു ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. അതു കൊണ്ടു തന്നെ ഈ നിക്ഷേപങ്ങളില്‍ എല്ലാം ഇനിയും കുറവുണ്ടാകാനുള്ള സാദ്ധ്യതയാണുള്ളത്.

Next Story
Read More >>