അറസ്റ്റിലായിട്ട് രണ്ടാഴ്ച, ദേവീന്ദര്‍സിങ് എവിടെ? സത്യം കുഴിച്ചുമൂടുമോ? ഒരു വിവരവും പുറത്തുവിടാതെ എന്‍.ഐ.എ

അറസ്റ്റിലായി പന്ത്രണ്ട് ദിവസമായിട്ടും ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ എന്‍.ഐ.എ തയ്യാറായിട്ടില്ല.

അറസ്റ്റിലായിട്ട് രണ്ടാഴ്ച, ദേവീന്ദര്‍സിങ് എവിടെ? സത്യം കുഴിച്ചുമൂടുമോ? ഒരു വിവരവും പുറത്തുവിടാതെ എന്‍.ഐ.എ

ന്യൂഡല്‍ഹി: ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ ഡല്‍ഹിയിലേക്ക് സുരക്ഷിതമായി കടത്തുന്നതിനിടെ പിടിയിലായ കശ്മീര്‍ ഡി.എസ്.പി ദേവീന്ദര്‍സിങിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ദേവീന്ദറിന് മാദ്ധ്യമശ്രദ്ധ നല്‍കിയത്.

എന്നാല്‍ അറസ്റ്റിലായി രണ്ടാഴ്ചയായിട്ടും ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാന്‍ എന്‍.ഐ.എ തയ്യാറായിട്ടില്ല. സത്യം മൂടിവയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ആരോപിച്ചു.

ദക്ഷിണ-മദ്ധ്യകശ്മീരിലെ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ നവീദ് ബാബുവന് ഒപ്പം ജമ്മുവില്‍ വെച്ച് ജനുവരി 11നാണ് ദേവീന്ദര്‍ അറസ്റ്റിലായത്. വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടത്താനുള്ള സ്‌ഫോടക വസ്തുക്കളാണ് ബാബുവിന്റെ കൈവശമുണ്ടായിരുന്നത് എന്നാണ് എന്‍.ഐ.എ പറയുന്നത്.

ഹിസ്ബുല്‍ കമാന്‍ഡര്‍ റിയാസ് നൈകുവിന് ശേഷം തൊട്ടുതാഴെയുള്ള കമാന്‍ഡറാണ് ബാബു. സുരക്ഷാ സേനയില്‍ നിന്ന് ആയുധം മോഷ്ടിച്ചതും സിവിലിയന്മാരെ കൊലപ്പെടുത്തിയതും ഇദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകളാണ്.

എന്‍.ഐ.എ ഇന്നലെ സിങിന്റെ ശ്രീനഗറിലെ വീട് പരിശോധിച്ചു. വീട്ടില്‍ ആരൊക്കെയാണ് സന്ദര്‍ശിച്ചിരുന്നത് എന്നതിന്റെ വിശദവിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇതിനായി വീട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്യും. ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഇയാള്‍ ആരെയെങ്കിലും അനധികൃതമായി വിമാനം കയറാന്‍ സഹായിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഇതിനായി വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും.

അറസ്റ്റിന് രണ്ടു മാസം മുമ്പ് നവീദ് ബാബു ജമ്മുവില്‍ താമസിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തിലേക്കുള്ള രണ്ടാം വരവിലാണ് ഇയാള്‍ പിടിക്കപ്പെട്ടത് എന്നാണ് ഒരുദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തത്.

അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ 2019 മാര്‍ച്ച് ഏഴിന് ജമ്മുവില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ തുടരന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Next Story
Read More >>