നെഫീസക്ക് പത്രം അലങ്കാരപാത്രം; അലങ്കാര വസ്തുക്കള്‍ പത്രപേപ്പറില്‍ നിര്‍മ്മിക്കുന്ന വീട്ടമ്മ

പെന്‍ സ്റ്റാന്റ്, ചെറിയ ബക്കറ്റുകള്‍, ട്രേകള്‍, ടിഷ്യു സ്റ്റാന്റുകള്‍ ഇവയെല്ലാം പത്രങ്ങളിലാണ് നെഫീസ ഉണ്ടാക്കുന്നത്.

നെഫീസക്ക് പത്രം അലങ്കാരപാത്രം;  അലങ്കാര വസ്തുക്കള്‍ പത്രപേപ്പറില്‍ നിര്‍മ്മിക്കുന്ന വീട്ടമ്മ

കൊച്ചി: വായിച്ച് കഴിഞ്ഞ പത്രങ്ങളുടെ സ്ഥാനം ആക്രിക്കടയാണ്. അല്ലെങ്കില്‍ ആവശ്യ സാധനങ്ങള്‍ പൊതിയാനോ, അലമാരകളില്‍ അടി വിരിക്കാനോ എടുക്കും. ഇതൊന്നുമല്ലാതെ ഉപയോഗ ശൂന്യമായ പഴയ പത്രങ്ങള്‍കൊണ്ട് ചിലത് ചെയ്യാനാകുമെന്ന് തെളിയിച്ചിരിക്കുകയാണൊരു വീട്ടമ്മ. മനോഹരമായ അലങ്കാര വസ്തുക്കളും സമ്മാനങ്ങളും ഫ്ളര്‍ വെയ്സുമെല്ലാം പഴയപത്രങ്ങള്‍ കൊണ്ട് ഉണ്ടാക്കാമെന്നും തെളിയിച്ചിരിക്കുകയാണ് കണ്ണൂരുകാരിയായ നെഫീസ ഷാഫി.


കൊച്ചിയില്‍ നടന്ന സീസണ്‍സ് പ്രദര്‍ശനമേളയില്‍ തന്റെ കരവിരുത് കാട്ടി ശ്രദ്ധ നേടിയിരിക്കുകയാണ് ഈ വീട്ടമ്മ. പെന്‍ സ്റ്റാന്റ്, ചെറിയ ബക്കറ്റുകള്‍, ട്രേകള്‍, ടിഷ്യു സ്റ്റാന്റുകള്‍ ഇവയെല്ലാം പത്രങ്ങളിലാണ് നെഫീസ ഉണ്ടാക്കുന്നത്. പഴയ പത്രങ്ങള്‍ മാത്രമാണ് ഇവയെല്ലാം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.നിര്‍മ്മാണ ശേഷം ഇനാമെല്‍ കോട്ടിങ് ചെയ്യുന്നതിനാല്‍ അല്‍പം നനഞ്ഞാലും പത്രങ്ങള്‍കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ക്ക് ഒന്നും പറ്റില്ല. മുളയിലും പ്ലാസ്റ്റിക്കിലും നിര്‍മ്മിക്കാന്‍ കഴിയുന്ന അലങ്കാര വസ്തുക്കളെല്ലാം പേപ്പറുകൊണ്ട് നെഫീസ നിര്‍മ്മിക്കും. മനോഹരമായ വര്‍ണ്ണങ്ങള്‍കൂടി ചാലിച്ച് കഴിഞ്ഞാല്‍ സംഗതി റെഡി. 50 രൂപ മുതല്‍ 1500 രൂപ വരെയുള്ള അലങ്കാര വസ്തുക്കളും മറ്റുമാണ് നെഫീസയുടെ പക്കലുള്ളത്.


പ്രദര്‍ശനത്തില്‍ നിന്നും നല്ല കച്ചവടം ലഭിച്ചതായി നെഫീസ പറയുന്നു. ആദ്യമായാണ് കൊച്ചിയിലേക്ക് നെഫീസ തന്റെ കരവിരുത് പ്രദര്‍ശിപ്പിക്കാന്‍ എത്തിയത്. കച്ചവടം സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴിയും നടത്താറുണ്ട്. ഇതിനായി പ്രത്യേകം ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളുമുണ്ട്. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കൊറിയര്‍ വഴിയാണ് സാധനങ്ങള്‍ എത്തിക്കുന്നത്. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ നെഫീസ ഒന്നര വര്‍ഷം മുമ്പാണ് പരിപാടി തുടങ്ങിയത്. യൂടൂ്യബിലും മറ്റും വീഡിയോകള്‍ കണ്ടാണ് തുടക്കം. മുളയിലും പ്ലാസ്റ്റിക്കിലും മറ്റും ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്തുകൊണ്ട് പേപ്പറില്‍ ഉണ്ടാക്കിക്കൂട എന്ന ചിന്തയാണ് നെഫീസയെ ഇവിടെ വരെ എത്തിച്ചത്.ആദ്യമൊന്നും ശരിയായ രീതിയില്‍ നിര്‍മ്മിക്കാന്‍ സാധിച്ചിരുന്നില്ല.കുറേനാള്‍ തന്നെത്താനെ ചെയ്തുപഠിച്ചാണ് ശരിയായത്. നെഫീസ പറയുന്നു.


ആദ്യം ചെറിയ പെന്‍ സ്റ്റാന്റുകളാണ് ഉണ്ടാക്കിയിരുന്നത്. നാലടി വരെയുള്ള ഫ്ളവര്‍ വെയ്സുകള്‍ വരെ നെഫീസ ഇപ്പോള്‍ നിര്‍മ്മിക്കാറുണ്ട്. കൗതുകത്തിന് തുടങ്ങിയതാണെങ്കിലും ഇപ്പോള്‍ ബെംഗലൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരെയാണ് ഓര്‍ഡറുകള്‍ ലഭിക്കുന്നത്. നെഫീസയുടെ കഴിവിന് ഭര്‍ത്താവ് മുഹമ്മദ് ഷാഫിയും പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ആദ്യമൊക്കെ കണ്ണൂരിന് പുറത്ത് പോകാന്‍ മടിയായിരുന്നെങ്കിലും നല്ല കച്ചവടം കിട്ടി തുടങ്ങിയതോടെ ഇനിയും ഇതപോലെയുള്ള എക്സിബിഷനുകള്‍ക്ക് തയ്യാറെടുക്കുകയാണ് നെഫീസ.

Read More >>