മോദി ഭരണത്തില്‍ പണിയില്ല; പുരുഷ തൊഴിലാളികളുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

2011-12 കാലയളവില്‍ നടത്തിയ പഠനത്തില്‍ 30.4 കോടിയായിരുന്നു പുരുഷ തൊഴിലാളികളെങ്കില്‍ 2017-18 ആയപ്പോഴേക്കും ഇത് 28.6 കോടിയായി ചുരുങ്ങിയെന്നാണ് സര്‍വേ കണ്ടെത്തിയത്.

മോദി ഭരണത്തില്‍ പണിയില്ല;  പുരുഷ തൊഴിലാളികളുടെ എണ്ണം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ പുരുഷ തൊഴിലാളികളുടെ എണ്ണം വളരേ കുറഞ്ഞതായി ദേശീയ സാമ്പിള്‍ സര്‍വേയുടെ പഠനം. 2011-12 കാലയളവില്‍ നടത്തിയ പഠനത്തില്‍ 30.4 കോടിയായിരുന്നു പുരുഷ തൊഴിലാളികളെങ്കില്‍ 2017-18 ആയപ്പോഴേക്കും ഇത് 28.6 കോടിയായി ചുരുങ്ങിയെന്നാണ് സര്‍വേ കണ്ടെത്തിയത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ പൂര്‍ത്തിയായ പഠന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ ഇതുവരേ പുറത്തിറക്കിയിട്ടില്ല. ദേശീയ സ്ഥിവിവര കണക്ക് കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ റിപ്പോര്‍ട്ട് സര്‍ക്കാറിനെ ഗുരുതരമായി ബാധിക്കാതിരിക്കാനാണ് ഈ പൂഴ്ത്തിവയ്പ്പെന്ന് കരുതപ്പെടുന്നു.


1993-94 കാലയളവില്‍ 21.9 കോടി പുരുഷന്‍മാരായിരുന്നു രാജ്യത്ത് ജോലിയുള്ളവര്‍. അതിന് ശേഷം ഇതില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നിലവില്‍ ജോലിയുള്ള പുരുഷന്‍മാര്‍ക്ക് ജോലി നഷ്ടമാവുകയോ പുതിയ ആളുകള്‍ക്ക് ജോലി ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഈ പ്രവണത കാണപ്പെടുന്നു എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാജ്യത്തെ ഗ്രാമങ്ങളില്‍ പുരുഷന്‍മാരിലെ തൊഴിലില്ലായ്മ 7.1 ശതമാനവും നഗരങ്ങളില്‍ 5.8 ശതമാനവുമാണ്.

രാജ്യത്ത് കോടിക്കണക്കിന് തൊഴിലവസരമുണ്ടാക്കിയെന്ന മോദി സര്‍ക്കാറിന്റെ അവകാശവാദത്തിന് തിരിച്ചടിയാണ് സര്‍വേ റിപ്പോര്‍ട്ട്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കണക്കുകളാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

2011-12 കാലയളവിനെ അപേക്ഷിച്ച് 4.3 കോടി തൊഴില്‍ നഷ്ടമാണ് രാജ്യത്തെ ഗ്രാമങ്ങളിലുണ്ടായിട്ടുള്ളത്. 0.4 കോടി തൊഴില്‍ നഷ്ടം നഗരങ്ങളിലും സംഭവിച്ചു. ഗ്രാമങ്ങളിലെ തൊഴില്‍ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയാണെന്നാണ് പഠനം പറയുന്നത്. ആകെ പറഞ്ഞാല്‍ ദേശീയ തൊഴില്‍ശക്തി 4.7 കോടിയോളം കുറഞ്ഞതായാണ് പഠനം വ്യക്തമാക്കുന്നത്. ഇത് ഏകദേശം സൗദി അറേബ്യയുടെ ജനസംഖ്യയേക്കാള്‍ വലുതാണ്. രാജ്യത്ത് തൊഴിലില്ലായ്മ 2011-12 കാലയളവില്‍ 2.2 ശതമാനമായിരുന്നെങ്കില്‍ 2018 ആയപ്പോഴേക്കും 6.1 ശതമാനമായി വര്‍ദ്ധിച്ചു.

Read More >>