എന്റെ മകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കൂ- ബുര്‍ഖ വിവാദത്തില്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ മനസ്സു തുറന്നത്.

എന്റെ മകളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കൂ- ബുര്‍ഖ വിവാദത്തില്‍ ഖദീജയെ പിന്തുണച്ച് എ.ആര്‍ റഹ്മാന്‍

മുംബൈ: ബുര്‍ഖയെ ചൊല്ലി ഖദീജ റഹ്മാനും ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റിനും തമ്മിലുള്ള വിവാദത്തില്‍ പ്രതികരണവുമായി സംഗീത ഇതിഹാസം എ.ആര്‍ റഹ്മാന്‍. അവര്‍ക്ക് ഇഷ്ടമുള്ള പ്രവര്‍ത്തിക്കാനും ധരിക്കാനുമുള്ള സ്വാതന്ത്ര്യം ഒരു പിതാവ് എന്ന നിലയില്‍ താന്‍ നല്‍കിയിട്ടുണ്ടെന്നും അതിനെ ബഹുമാനിക്കൂ എന്നും റഹ്മാന്‍ പറഞ്ഞു.

'നല്ലതും ചീത്തയും മനസ്സിലാക്കാന്‍ എന്റെ മക്കള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സ്വാതന്ത്ര്യവുമുണ്ട്. ഖദീജയുടെ വേഷം ഒരു മതവസ്ത്രം എന്നതിനപ്പുറം അവളുടെ തെരഞ്ഞെടുപ്പാണ്. അത് ധരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട്.' - റഹ്മാന്‍ വ്യക്തമാക്കി.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ മനസ്സു തുറന്നത്. നിഖാബ് ധരിച്ച എ.ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് ശ്വാസം മുട്ടും എന്നായിരുന്നു തസ്ലീമ പറഞ്ഞിരുന്നത്. 'എനിക്ക് എ.ആര്‍ റഹ്മാന്റെ സംഗീതം ഏറെ ഇഷ്ടമാണ്. എന്നാല്‍ സംസ്‌കാരമുള്ള ഒരു കുടുംബത്തില്‍ നിന്ന് വരുന്ന വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ പോലും അനായാസമായി മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയാകാം എന്നു ഞാന്‍ മനസ്സിലാക്കുന്നു' - എന്നായിരുന്നു എഴുത്തുകാരിയുടെ വാക്കുകള്‍.

ഇതിന് മറുപടിയുമായി ഖദീജയും രംഗത്തെത്തിയിരുന്നു. തന്റെ വേഷം കാരണം തസ്ലീമയ്ക്ക് ശ്വാസം മുട്ടുന്നുവെങ്കില്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണം എന്നായിരുന്നു ഖജീദയുടെ പ്രതികരണം. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു? എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെകുറിച്ചാണല്ലോ ചര്‍ച്ച. എന്റെ തെരഞ്ഞെടുപ്പില്‍ ഒരു ഖേദവുമില്ല. താന്‍ ചെയ്യുന്ന കാര്യത്തില്‍ സന്തോഷവും അഭിമാനവുമുണ്ട്-അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാമില്‍ ആകാശത്തിന്റെ ചിത്രവും അവര്‍ പങ്കുവച്ചിരുന്നു.

Next Story
Read More >>