സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാകുമ്പോള്‍: കേന്ദ്രത്തിനെതിരെ മന്‍മോഹന്‍ സിങ്

മന്‍മോഹന്‍സിങ് ആദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരിക്കുന്നത്.

സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് നിയമത്തിനു മുമ്പില്‍ എല്ലാവരും സമന്മാരാകുമ്പോള്‍: കേന്ദ്രത്തിനെതിരെ മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. നിയമത്തിന് മുമ്പില്‍ എല്ലാവരും സമമായി നില്‍ക്കുമ്പോഴാണ് സ്വാതന്ത്ര്യം എന്ന ആശയത്തിനു തന്നെ രൂപം കൈവരുന്നത് എന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മുന്‍ കേന്ദ്രമന്ത്രി അശ്വിനി കുമാറിന്റെ ഹ്യൂമന്‍ ഡിഗ്നിറ്റി-എ പര്‍പസ് ഒഇന്‍ പെര്‍പീച്വിറ്റി എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇന്ത്യയുടെ സ്വതന്ത്ര ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഭരണഘടന സംരക്ഷിക്കാന്‍ അവയെ ആണയിട്ടുനിര്‍ത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും വേണ്ടി സംരക്ഷിക്കുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം സുരക്ഷിതമായിരിക്കുന്നത് എന്ന് രാജ്യത്തെ യുവാക്കള്‍ തെളിയിക്കുന്നു'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാറിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന മന്‍മോഹന്‍സിങ് ആദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരിക്കുന്നത്.

അതിനിടെ, നിയമം സുപ്രിംകോടതി പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ രാജ്യത്തുടനീളം സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്.

ഡല്‍ഹിയില്‍ സമരത്തിന്റെ കേന്ദ്രബിന്ദുവായ ഷഹീന്‍ബാഗില്‍ ഇന്ന് രാത്രി കൂറ്റന്‍ പ്രകടനം നടന്നു. ജാമിഅ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. ഒരു മാസമായി ആയിരക്കണക്കിന് പേരാണ് ഷഹീന്‍ ബാഗില്‍ നിയമത്തിനെതിരെ സമരമിരിക്കുന്നത്. ശനിയാഴ്ച അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു.

Next Story
Read More >>