മഹാരാഷ്ട്രയില്‍ സസ്പെന്‍സ് തുടരുന്നു; മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സോണിയ

തിങ്കളാഴ്ച എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി സോണിയ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

മഹാരാഷ്ട്രയില്‍ സസ്പെന്‍സ് തുടരുന്നു;  മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സോണിയ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. ആഴ്ചകളായി തുടരുന്ന സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ വിജയത്തിലെത്താന്‍ കഴിയാതെയിരിക്കുന്ന സാഹചര്യത്തിലാണ് എ.കെ ആന്റണി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍ എന്നിവരുമായി സോണിയ ആശയവിനിമയം നടത്തിയത്.

സോണിയയുടെ വീട്ടിലായിരുന്നു ചര്‍ച്ച. തിങ്കളാഴ്ച എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാറുമായി സോണിയ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് യോഗം എന്നാണ് കരുതപ്പെടുന്നത്. നാളെ കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.സി.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതിനിടെ, ഡിസംബറില്‍ പുതിയ സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്ന് ശിവസേനാ എം.പി സഞ്ജയ് റാവുത്ത് പറഞ്ഞു. രണ്ടു വര്‍ഷത്തേക്ക് മുഖ്യമന്ത്രി പദം തരാമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സേന ഇതോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുഖപത്രമായ സാംനയില്‍ ബി.ജെ.പിയെ കടന്നാക്രമിക്കുകയും ചെയ്തു.

288 അംഗ സഭയില്‍ 105 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ശിവസേനയ്ക്ക് 56 ഉം എന്‍.സി.പിക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റുണ്ട്.

എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന കക്ഷികള്‍ ചേര്‍ന്നു തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ കരട് ചര്‍ച്ച ചെയ്യുകയാണ് ഇപ്പോള്‍ നേതാക്കള്‍. സോണിയാ ഗാന്ധിക്ക് വിഷയങ്ങളില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, സഖ്യത്തിന് എതിരു നിന്ന സോണിയ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നത്.

Read More >>