മക്കളെയും തോല്‍പ്പിക്കണം ദാദ

സര്‍വ്വ സ്വതന്ത്രനായി സൗരവിന് ഭരിക്കാനാവില്ല. ശ്രിനിവാസനും അനുരാഗ് ഠാക്കൂറും രാജീവ് ശുക്ലയും എല്ലാ രാഷ്ട്രീയവും മറന്ന് ഒരുമിച്ചെങ്കില്‍ ആ രാഷ്ട്രീയത്തെ തള്ളാന്‍ സൗരവിനാവില്ല

മക്കളെയും തോല്‍പ്പിക്കണം ദാദ

കമാല്‍ വരദൂര്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഷ്ട്രീയമുണ്ട്-പക്ഷേ കക്ഷി രാഷ്ട്രീയമില്ല... കോണ്‍ഗ്രസുകാരും ബി.ജെ.പിക്കാരും സമാജ്‌വാദി പാര്‍ട്ടിക്കാരും എന്‍.സി.പിക്കാരും രാഷ്ട്രീയ ലോക്ദളുകാരും ബഹുജന്‍ സമാജ് വാദിപാര്‍ട്ടിക്കാരുമെല്ലാം തോളോട് തോളുരുമി ഇരിക്കുന്ന ഒരു യോഗമുണ്ടെങ്കില്‍ അത് ക്രിക്കറ്റ് ബോര്‍ഡ് യോഗമായിരിക്കും. കോണ്‍ഗ്രസുകാരനായ രാജീവ് ശുക്ലയും ബി.ജെ.പിക്കാരനായ അനുരാഗ് ഠാക്കൂറും എന്‍.സി.പിക്കാരനായ ശരത് പവാറും ആര്‍.ജെ.ഡിക്കാരനായ ലാലു പ്രസാദ് യാദവുമെല്ലാം തര്‍ക്കവിതര്‍ക്കങ്ങളിലേക്ക് പോവാതെ അജണ്ട എളുപ്പം പാസാക്കി ചായ കുടിച്ച് പിരിയുന്ന ഒരു യോഗമുണ്ടെങ്കില്‍ അതും ക്രിക്കറ്റ് ബോര്‍ഡ് യോഗം മാത്രമായിരിക്കും.

നമ്മുടെ രാജ്യത്ത് പണം കായ്ക്കുന്ന മരമുണ്ടെങ്കില്‍ അതാണ് ക്രിക്കറ്റ് ബോര്‍ഡ്. ലോകത്തിലെ അതിസമ്പന്നമായ കായിക സംഘടനകളിലൊന്ന്. പണമുണ്ടെങ്കില്‍ പിന്നെ എന്ത് തര്‍ക്കം...? എന്ത് ദേഷ്യം.

അവിടെയാണ് രാഷ്ട്രീയക്കാരുടെ ഐക്യം. ഇത് വരെ വലിയ തര്‍ക്കങ്ങളില്ലാതെ എല്ലാവരും പണം വീതിച്ചെടുത്തു. ഇടക്ക് പന്തയവും കോഴയും വന്നപ്പോള്‍ ക്രിക്കറ്റിലെ പണം അധികം ലഭിക്കാത്ത പിന്നണിക്കാര്‍ കോടതി കയറി. അവിടെ നിന്നാണ് ജസ്റ്റിസ് ലോധ വരുന്നത്. അദ്ദേഹം കൂലം കഷമായ അന്വേഷണം നടത്തിയപ്പോള്‍ തനി രാഷ്ട്രീയക്കാര്‍ പോലും ഞെട്ടി- ക്രിക്കറ്റിന്റെ പേരില്‍ കൊള്ളയടിക്കപ്പെട്ട കോടികള്‍ക്ക്് കണക്കില്ല. ഉടന്‍ സുപ്രീം കോടതി ഇടപ്പെട്ടു. താല്‍കാലിക ഭരണ സമിതിയെ നിയോഗിച്ചു.

ലോധ കമ്മിറ്റി റിപ്പോര്‍ട്് പരമോന്നത നീതിപീഠം അംഗീകരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന് അങ്ങനെ പുതിയ ഭരണഘടന വന്നു. 70 കഴിഞ്ഞവര്‍ക്ക്് ഭരണക്കസേരയില്ല. തുടര്‍ച്ചയായി ആറ് വര്‍ഷത്തിലധികം ഒരാളും ഒരേ കസേരയില്‍ ഇരിക്കാന്‍ പാടില്ല. ടീം സെലക്ഷന്‍ ഉള്‍പ്പെടെ എല്ലാം സുതാര്യമായിരിക്കണം തുടങ്ങി നല്ല കുറെ വ്യവസ്ഥകള്‍. അതിന്‍പ്രകാരം പഴയ താപ്പാനകകളായ എന്‍.ശ്രീനിവാസന്‍, നിരഞ്ജന്‍ ഷാ, രാജീവ് ശുക്ല തുടങ്ങിയവരെല്ലാം പ്രത്യക്ഷത്തില്‍ കസേരയില്ലാത്തവരായി. സംസ്ഥാന അസോസിയേഷനുകളിലേക്കും ബി.സി.സിഐയിലേക്കും തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. പക്ഷേ 70 കഴിഞ്ഞാലാണല്ലോ നമ്മുടെ രാജ്യത്ത് അതിബുദ്ധി വരുക. ശ്രീനിവാസനും നിരഞ്ജന്‍ ഷായുമൊന്നും വെറുതെയിരുന്നില്ല. അവര്‍ സ്വന്തം മക്കളെ രംഗത്തിറക്കി. അവര്‍ അസോസിയേഷനുകളുടെ തലപ്പത്ത് വന്നു. ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷായാണ് ബി.സി.സി.ഐയുടെ പുതിയ സെക്രട്ടറി. സൗരവ് ഗാംഗുലിയാണ് പ്രസിഡണ്ട്....

ലോധ കമ്മിറ്റിയിലുടെ വലിയ മാറ്റം പ്രതീക്ഷിച്ച സാധാരണ ക്രിക്കറ്റ് ആസ്വാദകര്‍ക്ക്് മുന്നിലേക്ക് ഇനി വരാന്‍ പോവുന്നത് മക്കള്‍ ഭരണമാണ്. ശ്രീനിവാസന്റെ മകള്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ ഭരിക്കുമ്പോള്‍ നിരഞ്ജന്‍ ഷായുടെ മകന്‍ സൗരാഷ്ട്ര ഭരിക്കും. അമിത് ഷായുടെ മകന്‍ ഗുജറാത്തും ഇന്ത്യയും ഭരിക്കും. ആകെ ഒരാശ്വാസമെന്നത് സൗരവ് ഗാംഗുലി ക്രിക്കറ്റ് ബോര്‍ഡ് തലവനായി എന്നത് മാത്രമാണ്.

കളിക്കാരനായ സൗരവിനെ അറിയാത്തവരില്ല. ഇടം കൈയ്യില്‍ കവിതയെഴുതുന്ന ബാറ്റ്‌സ്മാന്‍. രാജരക്തമുള്ള നായകന്‍. അഞ്ച് വര്‍ഷമായി അദ്ദേഹമാണ് ബംഗാള്‍ ക്രിക്കറ്റിനെ ഭരിക്കുന്നത്. മൈതാനത്ത് പ്രതിയോഗികളെ പരാജയപ്പെടുത്താന്‍ മികവ് പ്രകടിപ്പിച്ചിട്ടുള്ള സൗരവിന് പക്ഷേ ക്രിക്കറ്റ് രാഷ്ട്രീയത്തിലെ കടല്‍ കിഴവന്മാര്‍ക്ക് മുന്നില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്നത് കണ്ടറിയണം.

പത്ത് മാസക്കാലമാണ് അദ്ദേഹത്തിന്റെ കാലാവധി. ഈ കാലയളവില്‍ പലതും ചെയ്യാം. പക്ഷേ സര്‍വ്വ സ്വതന്ത്രനായി സൗരവിന് ഭരിക്കാനാവില്ല. ശ്രിനിവാസനും അനുരാഗ് ഠാക്കൂറും രാജീവ് ശുക്ലയും എല്ലാ രാഷ്ട്രീയവും മറന്ന് ഒരുമിച്ചെങ്കില്‍ ആ രാഷ്ട്രീയത്തെ തള്ളാന്‍ സൗരവിനാവില്ല. ലോധ കമ്മിറ്റിയുടെ പ്രാബല്യത്തിലും പഴയ കളികള്‍ ശക്തമായി തന്നെ തുടരുമെന്നതിന്റെ അതിവ്യക്ത സൂചനയാണ് മക്കളിലൂടെ പഴയ തലവന്മാര്‍ പുറത്തെടുത്തിരിക്കുന്നത്. ഐ.പി.എല്‍ എന്ന ശതകോടി ഉല്‍പ്പന്നത്തിന് മാറ്റമൊന്നുമുണ്ടാവില്ല.

പേരിന് സുതാര്യതയുണ്ടാവാമെങ്കിലും ചാമ്പ്യന്‍ഷിപ്പിന്റെ നിയന്ത്രണം കോര്‍പ്പറേറ്റുകളുടെ കൈകളിലായിരിക്കും. ടെലിവിഷന്‍ സംപ്രേഷണാവകാശമായും മേജര്‍ ചാമ്പ്യന്‍ഷിപ്പുകളുടെ ഇനത്തിലുമെല്ലാം എത്തുന്ന കോടികളുടെ ഖജനാവിന്റെ നിയന്ത്രണം പലര്‍ക്കുമായിരിക്കും. ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ക്ഷേമമാണ് സൗരവിന്റെ വലിയ വാഗ്ദാനം. ഒരു കളിക്കാരന്‍ എന്ന നിലയില്‍ കളിക്കാരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനറിയാം. മുഹമ്മദ് അസഹറുദ്ദീന പോലുള്ള ക്രിക്കറ്ററിയുന്നവര്‍ ഭരണസമിതിയില്‍ ഉള്ളതിനാല്‍ ക്രിക്കറ്റ് എന്ന ഗെയിമിന്റെ മൈതാന നിലവാരമുയര്‍ത്താന്‍ സൗരവിനാവുമെന്നിരിക്കെ രാഷ്ട്രീയ സ്വഭാവം മാറ്റാന്‍ അദ്ദേഹം പ്രയാസപ്പെടും.

ഇന്ത്യന്‍ വിശാല ജനാധിപത്യത്തിലെ പങ്കെടുക്കുക വിജയിപ്പിക്കുക എന്ന മുദ്രാവാക്യത്തിന്റെ വക്താക്കളായി സര്‍വവിധ രാഷ്ട്രീയക്കാരും കോടി കിലുക്കത്തില്‍ ഒരുമിക്കുമ്പോള്‍ ക്രിക്കറ്റ് ഭരണത്തില്‍ കാതലായ മാറ്റമെന്നത് പതിവ് പോലെ സ്വപ്‌നം മാത്രമാവും. സൗരവിനെ മുന്‍നിര്‍ത്തിയിരിക്കുന്നതിലുടെ ബി.ജെ.പി കാണുന്ന രാഷ്ട്രീയ ലക്ഷ്യം വരാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയില്‍ സൗരവ് ചിന്തിച്ചാല്‍ പിന്നെ പറയേണ്ടതില്ല.

***********

പ്രമുഖ കളിയെഴുത്തുകാരനാണ് ലേഖകന്‍. ഒളിംപിക്സ്, ക്രിക്കറ്റ്-ഫുട്ബോള്‍ ലോകകപ്പ് അടക്കമുള്ള നിരവധി അന്താരാഷ്ട്ര കായിക മാമാങ്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

Read More >>