ഒന്നാം മോദി മന്ത്രിസഭയിലെ രണ്ടാമന്‍; അമിത് ഷായുടെ അഭയം; ജെയ്റ്റ്‌ലി യുഗം അവസാനിക്കുമ്പോള്‍

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന വേളില്‍, ഒരു സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ മോദി സര്‍ക്കാറിന്റെ അഭയമാണ് ഇല്ലാതാകുന്നത്.

ഒന്നാം മോദി മന്ത്രിസഭയിലെ രണ്ടാമന്‍; അമിത് ഷായുടെ അഭയം; ജെയ്റ്റ്‌ലി യുഗം അവസാനിക്കുമ്പോള്‍

ന്യൂഡല്‍ഹി: അഭിഭാഷകന്‍, സാമ്പത്തിക വിദഗ്ധന്‍, ക്രിക്കറ്റ് ഭരണാധികാരി, രാഷ്ട്രീയ തന്ത്രജ്ഞന്‍... അരുണ്‍ ജെയ്റ്റ്ലി എന്ന ബി.ജെപി നേതാവ് മൂന്നു പതിറ്റാണ്ടിന്റെ പൊതുജീവിതത്തില്‍ അണിഞ്ഞ കുപ്പായങ്ങള്‍ നിരവധിയാണ്. പാകപ്പെടാത്ത ഒരു കുപ്പായത്തില്‍പ്പോലും ജെയ്റ്റ്‌ലിയുണ്ടായിരുന്നില്ല. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന വേളില്‍, ഒരു സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ മോദി സര്‍ക്കാറിന്റെ അഭയമാണ് ഇല്ലാതാകുന്നത്.

അച്ഛനെ പോലെ അഭിഭാഷകന്‍

വിഭജനത്തില്‍ പാകിസ്താനിലെ ലാഹോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് കുടിയേറിയ മഹാരാജ് കിഷന്‍ ജെയ്റ്റ്‌ലിയുടെ മകനാണ് അരുണ്‍ ജെയ്റ്റ്‌ലി. അമ്മ രത്തന്‍ പ്രഭ.

ഡല്‍ഹിയിലെ സെന്റ് സേവ്യര്‍ സ്‌കൂളിലായിരുന്നു പ്രാഥമിക പഠനം. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു ജെയ്റ്റ്‌ലി. ശ്രീരാം കോളജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ബിരുദം നേടിയ ശേഷം ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് നിയമബിരുദമെടുത്തു. അഭിഭാഷകനായ അച്ഛന്‍ തന്നെയായിരുന്നു വഴികാട്ടി. സുപ്രിംകോടതി വരെ എത്തി പിന്നീട് അഭിഭാഷക ജീവിതം. 1990ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സീനിയര്‍ അഡ്വക്കറ്റായി. 1989ലെ വി.പി സിങ് സര്‍ക്കാറിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. വിവാദമായ ബൊഫോഴ്‌സ് കേസിന്റെ കടലാസു ജോലികള്‍ ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.പെപ്‌സിക്കും കോളയ്ക്കും വേണ്ടി

മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ എല്‍.കെ അദ്വാനി, ശരദ് യാദവ്, മാധവ് റാവു സിന്ധ്യ തുടങ്ങിയവര്‍ക്കു വേണ്ടി ജെയ്റ്റ്‌ലി കോടതികളില്‍ വക്കീല്‍ കോട്ടിട്ടുണ്ട്. അന്താരാഷ്ട്ര കമ്പനികളായ പെപ്‌സികോക്കു വേണ്ടിയും കൊക്കോകോളയ്ക്കു വേണ്ടിയും വിവിധ കോടതികളില്‍ ഹാജരായി. കൊക്കോ കോളയ്ക്ക് എതിരെ ആയിരുന്നു പെപ്‌സിയുടെ കേസ്.

2009ല്‍ രാജ്യസഭാ പ്രതിപക്ഷ നേതാവായതോടു കൂടെയാണ് അഭിഭാഷക ജീവിതം അവസാനിപ്പിച്ചത്.

തടവറ കണ്ട രാഷ്ട്രീയ ജീവിതം

ഡല്‍ഹി സര്‍വകലാശാലയില്‍ നിയമം പഠിക്കെയാണ് ബി.ജെ.പിയുമായി അടുപ്പം സ്ഥാപിച്ചത്. സര്‍വകലാശാലയിലെ എബിവിപി നേതാവായിരുന്നു ജെയ്റ്റലി. ഇക്കാലത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. 19 മാസം കരുതല്‍ തടങ്കലിലായി. 1973ല്‍ രാജ് നാരായണനും ജയപ്രകാശ് നാരായണനും ചേര്‍ന്നുണ്ടാക്കിയ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു.

1977ല്‍ ലോക് ക്രാന്തിക് യുവമോര്‍ച്ചയുടെ കണ്‍വീനറായി. പിന്നീട് ഡല്‍ഹി എ.ബി.വി.പി സെക്രട്ടറിയും ദേശീയ സെക്രട്ടറിയും. യുവസംഘടനകളില്‍ പ്രവര്‍ത്തിച്ച ഊര്‍ജ്ജവും ഡല്‍ഹി വാസവും ജെയ്റ്റ്‌ലിക്ക് ബി.ജെ.പിയിലേക്ക് ടിക്കറ്റു നല്‍കി. 1991ല്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയിലെത്തി.

1999ല്‍ വാജ്‌പേയി മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വതന്ത്ര ചുമതലയുള്ള വാര്‍ത്താ പ്രക്ഷേപണ വകുപ്പു സഹമന്ത്രിയായി. നിക്ഷേപം വിറ്റഴിക്കുന്ന (ഡിസ്ഇന്‍വസ്റ്റ്‌മെന്റ്) വകുപ്പിന്റെ സ്വതന്ത്ര ചുമതലയും വഹിച്ചു. രാം ജഠ്മലാനി കേന്ദ്രനിയമനന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ നിയമമന്ത്രിയായി.

2000 നവംബറില്‍ കാബിനറ്റ് റാങ്കുള്ള നിയമമന്ത്രിയായി. പിന്നീട് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 2004-14 മുതല്‍ രാജ്യസഭാ പ്രതിപക്ഷ നേതാവായിരുന്നു.എന്‍.ഡി.എ ഭരണത്തില്‍

ഒന്നാം മോദി മന്ത്രിസഭയില്‍ ധന-കോര്‍പറേറ്റ് വകുപ്പ് മന്ത്രിയായി. ആ മന്ത്രിസഭയിലെ രണ്ടാമനായിരുന്നു ജെയ്റ്റ്‌ലി. ഇക്കാലത്താണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള അപ്രതീക്ഷിത തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ വലിയ ആഘാതങ്ങളുണ്ടാക്കി. ജെയ്റ്റ്‌ലി പോലും അറിയാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട ്അസാധുവാക്കള്‍ പ്രഖ്യാപനം നടത്തിയത് എന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു.

രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങള്‍ സൂക്ഷിച്ച നേതാവായിരുന്നു ജെയ്റ്റ്‌ലി. ഡല്‍ഹിയിലെ ക്രിക്കറ്റ് ഭരണാധികാരി ആയും അദ്ദേഹം ശോഭിച്ചു. ഇതൊടൊപ്പം പാര്‍ട്ടിക്കുള്ളിലെ നേതാക്കളുടെ അഭയകേന്ദ്രവും പലപ്പോഴും ജെയ്റ്റിലി ആയിരുന്നു. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടകല്‍ കേസില്‍ ഗുജറാത്തില്‍ നില്‍ക്കാന്‍ പാടില്ല എന്ന കോടതി വിധിക്കു പിന്നാലെ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രി അമത് ഷാ അഭയം തേടിയത് ജെയ്റ്റ്‌ലിയുടെ വീട്ടിലായിരുന്നു.

ഇല്ലാതുന്നു ആ തലമുറ

ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, അരുണ്‍ഷൂറി, രാം ജഠ്മലാനി തുടങ്ങിയ നേതാക്കള്‍ക്കൊപ്പമുള്ള രാഷ്ട്രീയ ജീവിതമാണ് ജെയ്റ്റ്‌ലിയെ കരുത്തനാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പോലും ഇത്തരത്തില്‍ വലിയ ഡല്‍ഹി രാഷ്ട്രീയ ജീവിതമില്ല. ഒരു പ്രതിസന്ധിയില്‍ അവലംബിക്കാവുന്ന ഈ രാഷ്ട്രീയ നേതാക്കളായിരുന്നു ഇവരെല്ലാം. അത്തരമൊരു അവലംബമാണ് ജെയ്റ്റ്‌ലിയുടെ മരണത്തോടെ ബി.ജെ.പിക്ക് നഷ്ടപ്പെടുന്നത്.

Next Story
Read More >>