ഇന്ത്യ മോദിയുടെയും അമിത് ഷായുടെയും തറവാട്ടു സ്വത്തല്ല- സര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

അര്‍ജുനന്റെ അമ്പില്‍ ആണവമുനയുണ്ടെന്ന ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റെ വാക്കുകളെയും അദ്ദേഹം പരിഹസിച്ചു.

ഇന്ത്യ മോദിയുടെയും അമിത് ഷായുടെയും തറവാട്ടു സ്വത്തല്ല- സര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി വീണ്ടും കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയോ ആഭ്യന്തര മന്ത്രി അമിത് ഷായുടെയോ തറവാട്ടു സ്വത്തല്ല ഇന്ത്യയെന്ന് പാര്‍ട്ടി ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ചൗധരി.

പൗരത്വഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുന്നത് കോണ്‍ഗ്രസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പാകിസ്താനിയെന്ന് വിളിച്ച ബി.ജെ.പി നേതാക്കള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

'അതെ ഞാന്‍ പാകിസ്താനിയാണ്. ബി.ജെ.പിക്കാര്‍ വേണ്ടത് എന്തും ചെയ്‌തോളൂ. എന്നെ പേടിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ല. ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് എന്തും പറയാം. ഞങ്ങളത് സ്വീകരിക്കേണ്ടി വരും. അല്ലെങ്കില്‍ അവര്‍ നമ്മെ വഞ്ചകരെന്ന് വിളിക്കും' - ചൗധരി പറഞ്ഞു.

അര്‍ജുനന്റെ അമ്പില്‍ ആണവമുനയുണ്ടെന്ന ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിന്റെ വാക്കുകളെയും അദ്ദേഹം പരിഹസിച്ചു.

' പശ്ചിമബംഗാള്‍ അഞ്ചു നൊബേല്‍ സമ്മാന ജേതാക്കളെ സൃഷ്ടിച്ചിട്ടുണ്ട്. ബംഗാളില്‍ നിന്നുള്ള ധന്‍കറിനെ പോലുള്ള നേതാക്കള്‍ നടത്തുന്ന ഇത്തരത്തിലുള്ള പ്രസ്താവന സംസ്ഥാനത്തിനു തന്നെ അപമാനമാണ്.' - അദ്ദേഹം പറഞ്ഞു. അര്‍ജുനന്റെ അമ്പില്‍ ആണവശക്തിയുണ്ടായിരുന്നു എങ്കില്‍ പിന്നെ എന്തിനായിരുന്നു ഇത്രയും ഗവേഷണങ്ങള്‍ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു.

Next Story
Read More >>