ബാബരി കേസില്‍ പുതിയ ട്വിസ്റ്റ്; സുപ്രിം കോടതി നിരീക്ഷണങ്ങള്‍ തിരുത്തണം- റിവ്യൂ ഹര്‍ജി നല്‍കാന്‍ ഹിന്ദു മഹാസഭ

വിധിക്കെതിരെ മുസ്‌ലിം കക്ഷികള്‍ ഇതുവരെ നാല് പുനഃപരിശോധനാ ഹര്‍ജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്

ബാബരി കേസില്‍ പുതിയ ട്വിസ്റ്റ്; സുപ്രിം കോടതി നിരീക്ഷണങ്ങള്‍ തിരുത്തണം- റിവ്യൂ ഹര്‍ജി നല്‍കാന്‍ ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: ബാബരി മസ്ജിദ്- രാമജന്മഭൂമി കേസില്‍ സുപ്രിംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ ഹിന്ദു മഹാസഭ. ബാബരി മസ്ജിദ് നില നിന്നിരുന്ന ഭൂമി ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുത്തതിന് പകരമായി അയോദ്ധ്യയില്‍ അഞ്ചേക്കര്‍ ഭൂമി മുസ്‌ലിംകള്‍ക്ക് നല്‍കണമെന്ന വിധി പുനഃപരിശോധിക്കണം എന്നാണ് ഹിന്ദു മഹാസഭയുടെ ആവശ്യം.

ഇതു കൂടാതെ, പള്ളിയില്‍ 1949ല്‍ വിഗ്രഹം കൊണ്ടു വച്ചതും പള്ളി തകര്‍ത്തതും കോടതി വിധിയുടെ ലംഘനമാണ് എന്ന വിധിയിലെ നിരീക്ഷണം എടുത്തു കളയണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെടുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട അയോദ്ധ്യ കേസില്‍ നവംബര്‍ ഒമ്പതിന് രാവിലെയാണ് സുപ്രിം കോടതി വിധി പറഞ്ഞത്. തര്‍ക്കപ്രദേശം സമ്പൂര്‍ണ്ണായി ക്ഷേത്രനിര്‍മാണത്തിന് വിട്ടു കൊടുക്കാനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി. ഇതിനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും മുസ്‌ലിംകള്‍ക്ക് പള്ളി പണിയാനായി അയോദ്ധ്യയില്‍ തന്നെ അഞ്ചേക്കര്‍ അനുവദിക്കണമെന്നും കോടതി വിധിച്ചു. എന്നാല്‍ സ്ഥലം വേണ്ടെന്ന നിലപാടിലാണ് കേസിലെ പ്രധാന മുസ്‌ലിം കക്ഷിയായ സുന്നി വഖ്ഫ് ബോര്‍ഡ്.

വിധി പറയവെ, 1949ല്‍ പള്ളിയില്‍ വിഗ്രഹം കൊണ്ടുവച്ചതും 1992ല്‍ പള്ളി കര്‍സേവകര്‍ തകര്‍ത്തതും കോടതി വിധിയുടെ ലംഘനമാണ് എന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട് നിയമരാഹിത്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും ഭൂമി ഹിന്ദു കക്ഷികള്‍ക്ക് വിട്ടു കൊടുക്കാനുള്ള കോടതി വിധിക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. സുപ്രിം കോടതി മുന്‍ ജസ്റ്റിസ് എ.കെ ഗാംഗുലി അടക്കമുള്ളവര്‍ വിധിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു.

ഈ പരാമര്‍ശങ്ങള്‍ നീക്കണം എന്നാണ് ഇപ്പോള്‍ ഹിന്ദു മഹാസഭ ആവശ്യപ്പെട്ടിട്ടുള്ളത്. ഹര്‍ജി അടുത്തയാഴ്ച ഫയല്‍ ചെയ്‌തേക്കും. ഹിന്ദു മഹാസഭയിലെ ശിശിര്‍ ചതുര്‍വേദി പക്ഷമാണ് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുന്നത്. അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയ്ന്‍ സംഘടനയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകും.

അതിനിടെ, വിധിക്കെതിരെ മുസ്‌ലിം കക്ഷികള്‍ ഇതുവരെ നാല് പുനഃപരിശോധനാ ഹര്‍ജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് എന്നീ സംഘടനകളാണ് പ്രധാന കക്ഷികള്‍.

Next Story
Read More >>