സോന്‍ഭദ്രയില്‍ മാത്രമല്ല, നമ്മുടെ നിലമ്പൂരിലും ഉണ്ട് സ്വര്‍ണം!

1993-94 വര്‍ഷങ്ങളില്‍ ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ മരുതയിലുള്ള 250 ഹെക്ടര്‍ വനഭൂമിയില്‍ സ്വര്‍ണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു

സോന്‍ഭദ്രയില്‍ മാത്രമല്ല, നമ്മുടെ നിലമ്പൂരിലും ഉണ്ട് സ്വര്‍ണം!

ലഖ്‌നൗ: യു.പിയിലെ സോന്‍ഭദ്ര ജില്ലയില്‍ 3500 ടണ്ണിന്റെ സ്വര്‍ണനിക്ഷേപം കണ്ടെത്തിയതിന്റെ അത്ഭുതത്തിലാണ് ഇപ്പോള്‍ രാജ്യം. ഇവിടെ നിന്ന് സ്വര്‍ണം ഖനനം ചെയ്‌തെടുക്കാനായി സ്വര്‍ണ്ണപ്പാടങ്ങള്‍ വൈകാതെ സര്‍ക്കാര്‍ ലേലത്തിനു വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

സോന്‍ഭദ്രയില്‍ മാത്രമല്ല, നമ്മുടെ നിലമ്പൂരിലും സ്വര്‍ണശേഖരം ഉണ്ട് എന്ന് എത്ര പേര്‍ക്കറിയാം. സോന്‍ഭദ്രയുടെ അത്രയൊന്നുമില്ലെങ്കിലും തരക്കേടില്ലാത്ത സ്വര്‍ണ നിക്ഷേപങ്ങള്‍ നിലമ്പൂരിലെ മരുതയിലുണ്ട്.

1993-94 വര്‍ഷങ്ങളില്‍ ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ മരുതയിലുള്ള 250 ഹെക്ടര്‍ വനഭൂമിയില്‍ സ്വര്‍ണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. മരുത മണ്ണിച്ചീനിയില്‍ രണ്ട് കിണറുകള്‍ കുഴിച്ചായിരുന്നു പ്രാഥമിക പഠനം. കേന്ദ്ര ഖനി മന്ത്രാലയം മരുതയുടെ സ്വര്‍ണ്ണ നിക്ഷേപത്തെക്കുറിച്ചുള്ള പഠനത്തിന് 1.75 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് വിശദമായ പഠനം നടന്നില്ല.

സായിപ്പ് ഭരിച്ചിരുന്ന കാലത്ത് 1875ല്‍ നിലമ്പൂരിലും വയനാട്ടിലും ആല്‍ഫാ ഗോള്‍ഡ് മൈന്‍സ് എന്ന കമ്പനി ഖനനം നടത്തിയതായി രേഖയുണ്ട്. വൈത്തിരി മുതല്‍ ചേരമ്പാടി വരെയുള്ള പ്രദേശങ്ങളിലായിരുന്നു ഖനനം.

> മരുതയെന്ന പൊന്‍ഭൂമി

വഴിക്കടവ് പഞ്ചായത്തിന്റെ വടക്കന്‍ പ്രദേശമാണ് മരുത. തമിഴ്‌നാടിന്റെ ഭാഗമായ പന്തല്ലൂര്‍ മലനിരകളോട് ചേര്‍ന്നാണ് ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായി കിടപ്പ്. ഇവിടുത്തെ മലകളില്‍ സ്വര്‍ണ്ണത്തിനായി കുഴിഞ്ഞ ആഴത്തിലുള്ള ചാലുകള്‍ കാണാം.

മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആളുകള്‍ കാടുകയറി പാറപൊട്ടിച്ചും കുഴിയെടുത്തും മണ്ണരിച്ച് സ്വര്‍ണം ശേഖരിച്ചതായി പഴമക്കാര്‍ പറയുന്നു. മാര്‍വാഡികളും സേട്ടുമാരും മരുതയില്‍ വന്ന് സ്വര്‍ണം വാങ്ങിയിരുന്നു. മരുത മുതല്‍ എടവണ്ണ വരെയുള്ള ചാലിയാര്‍ പുഴയുടെ തീരം ഒരുകാലത്ത് സ്വര്‍ണ അരിപ്പുകാരുടെ കേന്ദ്രമായിരുന്നു.

സ്വര്‍ണമുണ്ടെങ്കിലും അതു ഖനനം ചെയ്‌തെടുക്കാന്‍ തല്‍ക്കാലം വഴിയില്ല. കാരണം സ്വര്‍ണം കണ്ടെത്തിയത് എല്ലാം കാടുകള്‍ക്കുള്ളിലാണ്. കാടുകളിലെ ഖനനത്തോട് വനംവകുപ്പിന് താത്പര്യമേതുമില്ല.

Next Story
Read More >>