നെസ്‌ലെ, കോള്‍ഗേറ്റ്, ബ്രിട്ടാനിയ, ഗോദ്‌റെജ്..; അതിവേഗ ഉല്‍പ്പന്ന കമ്പനികള്‍ വന്‍ പ്രതിസന്ധിയിലേക്ക്, വളര്‍ച്ച 15 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

2000-03 കാലഘട്ടത്തിലാണ് നിലവിലേതിനു സമാനമായ പ്രതിസന്ധി നേരിട്ടിട്ടുള്ളത്

നെസ്‌ലെ, കോള്‍ഗേറ്റ്, ബ്രിട്ടാനിയ, ഗോദ്‌റെജ്..; അതിവേഗ ഉല്‍പ്പന്ന കമ്പനികള്‍ വന്‍ പ്രതിസന്ധിയിലേക്ക്, വളര്‍ച്ച 15 വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

മുംബൈ: അതിവേഗ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ (ഫാസ്റ്റ്മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് - എഫ്.എം.സി.ജി) നിര്‍മ്മിക്കുന്ന കമ്പനികള്‍ വന്‍ പ്രതിസന്ധിയിലേക്ക്. ഇത്തരം കമ്പനികളുടെ വളര്‍ച്ച 15 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിരക്കിലേക്ക് പതിക്കുന്നു എന്നാണ് ആഗോള ധനകാര്യ ഏജന്‍സിയായ ക്രഡിറ്റ് സൂസിയുടെ റിപ്പോര്‍ട്ട് പറയുന്നത്.

കാര്‍ഷിക മേഖലയിലെ തളര്‍ച്ച, പണലഭ്യതക്കുറവ്, തൊഴിലില്ലായ്മ എന്നിവയാണ് ഉപഭോക്തൃ ഉല്പന്നങ്ങളുടെ വില്പനയെ ബാധിച്ചത്.

ഭൂരിഭാഗവും ഗ്രാമീണ മേഖലയെ ആശ്രയിക്കുന്ന എഫ്.എം.സി.ജി കമ്പനികളുടെവരുമാനത്തിലുണ്ടായ ഇടിവ് ഗ്രാമങ്ങളിലെ വറുതിയെയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2016 മുതലാണ് എഫ്.എം.സി.ജി ഉല്പന്നങ്ങളുടെ വില്പനയില്‍ ഇടിവ് നേരിടാന്‍ തുടങ്ങിയത്. എന്നാല്‍ ഈ മേഖല നേരിട്ട മാന്ദ്യം പല കാരണങ്ങളാലും പുറത്തുവന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എഫ്.എം.സി.ജി ഉല്പന്നങ്ങളുടെ വളര്‍ച്ചയിലെ ഇടിവ് പ്രകടമായി കാണാന്‍ തുടങ്ങി. എന്നാല്‍ 2019-20 വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വലര്‍ച്ചാനിരക്ക് കൂടുതല്‍ വഷളായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2018-19ന്റെ മൂന്നാം പാദത്തില്‍ വരുമാന വളര്‍ച്ച 11 ശതമാനമായിരുന്നു. ഇത് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഏഴ് ശതമാനത്തിലേക്ക് താഴ്ന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ട്, മൂന്ന് പാദങ്ങളില്‍ വളര്‍ച്ച അഞ്ച് ശതമാനമായി കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിസന്ധികളും മാന്ദ്യവും എഫ്.എം.സി.ജി വളര്‍ച്ചെയ പ്രതികൂലമായി ബാധിക്കുമെന്നും 15 വര്‍ഷത്തിനിടെയുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് ഈ മേഖല നേരിടാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2000-03 കാലഘട്ടത്തിലാണ് നിലവിലേതിനു സമാനമായ പ്രതിസന്ധി നേരിട്ടിട്ടുള്ളതെന്നും 2016,2017,2018 വര്‍ഷങ്ങളില്‍ ഇടിവിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

2016 മുതല്‍ മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. എന്നാല്‍ നോട്ടു നിരോധനവും ചരക്കു സേവന നികുതിയും നടപ്പിലാക്കിയതോടെ മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും ശ്രദ്ധിക്കപ്പെടുകയോ പുറത്തുവരികയോ ചെയ്തില്ല.അടിസ്ഥാന മേഖല പ്രശ്നം നേരിടാന്‍ തുടങ്ങിയതോടെ 2109ല്‍ സാമ്പത്തിക പ്രശ്നം പ്രകടമായി- റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐ.ടി.സി, നെസ്‌ലെ, ബ്രിട്ടാനിയ, പാര്‍ലെ, കോള്‍ഗേറ്റ്, ഗോദ്‌റെജ്, അമുല്‍, പതഞ്ജലി, ഡാബര്‍, ഇമാമി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയവ ഇന്ത്യയിലെ പ്രധാനപ്പെട്ട് എഫ്. എം.സി.ജി കമ്പനികളാണ്.