എന്‍.പി.ആര്‍: പിണറായി പ്രസംഗം ഗംഭീരമായി നടത്തുന്നു, ഉത്തരവുകള്‍ റദ്ദാക്കാത്തതെന്ത്? എം.കെ മുനീര്‍

എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റാത്ത ഒന്നായി കരുതാന്‍ പറ്റില്ല

എന്‍.പി.ആര്‍: പിണറായി പ്രസംഗം ഗംഭീരമായി നടത്തുന്നു, ഉത്തരവുകള്‍ റദ്ദാക്കാത്തതെന്ത്? എം.കെ മുനീര്‍

ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ (എന്‍.പി.ആര്‍) മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി കടന്നാക്രമിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. എന്‍.പി.ആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്ന വാക്കുകളോട് ആത്മാര്‍ത്ഥത കാണിക്കണം. പ്രസംഗം ഗംഭീരമായി നടത്തുന്ന അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുകളും വിജ്ഞാപനവും എന്തു കൊണ്ടാണ് റദ്ദാക്കാത്തത് എന്നും മുനീര്‍ ചോദിച്ചു.

ഡിസംബറില്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഒപ്പുവെച്ച് പുറത്തിറക്കിയ ഉത്തരവില്‍ ആദ്യഘട്ട എന്‍.പി.ആര്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാ വകുപ്പ് തലവന്മാര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഈ ഉത്തരവ് അയച്ചിട്ടുണ്ട്. സെന്‍സസിനൊപ്പം എന്‍.പി.ആര്‍ കൂടി നടത്തണം എന്ന് വ്യക്തമായി ആവശ്യപ്പെടുന്നതാണ് ഈ ഉത്തരവ്.

2020 ജനുവരി 16ന് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ ഒപ്പുവെച്ച കത്തില്‍ എന്‍.പി.ആര്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആദ്യ ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെന്‍സസിനൊപ്പം എന്‍.പി.ആര്‍ നടത്താനായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗവര്‍ണറുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഗസറ്റില്‍ അസാധാരണ വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് തിരുത്താനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല- മുനീര്‍ ചൂണ്ടിക്കാട്ടി.

എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കാന്‍ പറ്റാത്ത ഒന്നായി കരുതാന്‍ പറ്റില്ല. കേന്ദ്രസര്‍ക്കാറിന്റെ നിയമം ഉള്ളിടത്തോളം സ്‌റ്റേറ്റിന് അത് നടപ്പാക്കാതിരിക്കാന്‍ ആകില്ല. ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പില്‍ നിന്ന് കത്തു വന്നാല്‍ അത് നടപ്പാക്കാതിരിക്കാന്‍ ആകില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, എല്‍.ഡി.എഫ് റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ നടപടി ആവശ്യമില്ലെന്ന് മുനീര്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് പറഞ്ഞ് ആര്‍ക്കും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. സി.എ.എ വിഷയത്തില്‍ ഇടതുപക്ഷത്തിനൊപ്പമാണ് മുസ്‌ലിംകള്‍ ഉള്ളത് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
Read More >>