രാജ്യം കടന്നു പോകുന്നത് ഗുരുതരമായ ഘട്ടത്തിലൂടെ: പൗരത്വിബില്ലില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

നിയമത്തിന്റെ സാധുതതയാണ് കോടതി പരിശോധിക്കുന്നത്. ഒരു നിയമം ഭരണഘടനാപരം ആണെന്നു പ്രഖ്യാപിക്കുകയല്ല

രാജ്യം കടന്നു പോകുന്നത് ഗുരുതരമായ ഘട്ടത്തിലൂടെ: പൗരത്വിബില്ലില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഗുരുതരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത് എന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. പൗരത്വഭേദഗതി ബില്‍ ഭരണഘനാപരമാണെന്ന് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.

അഭിഭാഷകന്‍ വിനീത് ധണ്ഡയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

'പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തെ എങ്ങനെയാണ് ഞങ്ങള്‍ ഭരണഘടനാപരമെന്നു പ്രഖ്യാപിക്കുന്നത്. ഭരണഘടനസാധുതയെന്ന ഒരു തോന്നല്‍ നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ ഒരു നിയമവിദ്യാര്‍ത്ഥി ആയിരുന്നില്ല, നിങ്ങള്‍ അറിയണം.... ആദ്യമായാണ് ഞാന്‍ ഇത്തരമൊരു ഹര്‍ജി കേള്‍ക്കുന്നത്. നിയമത്തിന്റെ സാധുതതയാണ് കോടതി പരിശോധിക്കുന്നത്. ഒരു നിയമം ഭരണഘടനാപരം ആണെന്നു പ്രഖ്യാപിക്കുകയല്ല' - ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളായ ബഞ്ച് പറഞ്ഞു.

'രാജ്യം ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്... സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്... ഈ പരാതികള്‍ അതിന് സഹായകരമാകില്ല' - കോടതി വ്യക്തമാക്കി.

പൗരത്വനിയമം പത്രങ്ങള്‍, ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ തുടങ്ങിയവ വഴി പരസ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചതായിരുന്നു ഹര്‍ജി. ഭരണഘടനയുടെ സത്തയ്ക്ക് വിരുദ്ധമായി അതില്‍ ഒന്നുമില്ലെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജി ആവശ്യപ്പെട്ടിരുന്നു. നിയമത്തിന്റെ പേരില്‍ അഭ്യൂഹങ്ങള്‍ പരത്തുന്ന രാഷ്ട്രീയകക്ഷികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ പൗരത്വനിയമത്തിനെതിരെ നിലവിലുള്ള ഹര്‍ജികള്‍ സുപ്രിംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി കോടതി നാളെ പരിഗണിക്കും.

>സി.എ.എയ്‌ക്കെതിരെ 59 ഹര്‍ജികള്‍

ഡിസംബര്‍ 12ന് പ്രസിഡണ്ട് രാംനാഥ് കോവിന്ദ് ഒപ്പുവെച്ച പൗരത്വ (ഭേദഗതി) ബില്ലിനെതിരെ 59 ഹര്‍ജികളാണ് കോടതിക്കു മുമ്പാകെയുള്ളത്. മുസ്ലിംലീഗാണ് നിയമത്തിനെതിരെ ആദ്യ ഹര്‍ജി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, ജംഇയ്യത്തുല്‍ ഉലമയേ ഹിന്ദ്, അസം സറ്റുഡന്റ്സ് യൂണിയന്‍, പീസ് പാര്‍ട്ടി, സി.പി.ഐ, സന്നദ്ധ സംഘടനകളായ റിഹായ് മഞ്ച്, സിറ്റിസണ്‍ എഗൈന്‍സ്റ്റ് ഹേറ്റ്, അഭിഭാഷകന്‍ എം.എല്‍ ഷര്‍, നിയമവിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ നിയമത്തിനെ ഹര്‍ജി നല്‍കിയവരില്‍ ഉണ്ട്.

ജനുവരി 22നാണ് മൂന്നംഗ ബഞ്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.

Next Story
Read More >>