കോണ്‍ഗ്രസില്‍ കൂട്ടയടി, അഴിച്ചുപണി അനിവാര്യമെന്നു മുരളീധരന്‍, എറണാകുളത്ത് മേയര്‍ക്കെതിരെ പടയൊരുക്കം, വട്ടിയൂര്‍ക്കാവില്‍ കളിയെന്നു പീതാംബരക്കുറുപ്പ്

സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായതും എറണാകുളത്തെ ദയനീയ പ്രകടനവും കോണ്‍ഗ്രസ് നേതൃത്വത്തിനു തിരിച്ചടിയായി മാറിയിട്ടുണ്ട്

കോണ്‍ഗ്രസില്‍ കൂട്ടയടി, അഴിച്ചുപണി അനിവാര്യമെന്നു മുരളീധരന്‍, എറണാകുളത്ത് മേയര്‍ക്കെതിരെ പടയൊരുക്കം, വട്ടിയൂര്‍ക്കാവില്‍ കളിയെന്നു പീതാംബരക്കുറുപ്പ്

സി.വി ശ്രീജിത്ത്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ഉറച്ച കോട്ടകള്‍ ഇളകിവീണതിനു പിന്നാലെ കോണ്‍ഗ്രസില്‍ പോരു തുടങ്ങി. തിരിച്ചടിക്കു കാരണം പരസ്പരം പഴിചാരി നേതാക്കള്‍ രംഗത്തു വന്നതോടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിഷമസന്ധിയില്‍. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും കനത്ത തോല്‍വിയോടൊപ്പം കുത്തക മണ്ഡലമായ എറണാകുളത്തെ ദയനീയ പ്രകടനവുമാണ് പ്രതിഷേധത്തിനും വിമര്‍ശനത്തിനു കാരണമായത്.

വട്ടിയൂര്‍ക്കാവിലെ പരാജയം ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് എന്‍.പീതാംബരക്കുറുപ്പ് ആദ്യവെടി പൊട്ടിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും പാര്‍ട്ടിക്കു വീഴ്ചയുണ്ടായതായി പീതാംബരക്കുറുപ്പ് ആരോപിച്ചു. കുത്തക മണ്ഡലം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കു അടിയറ വെയ്ക്കുകയായിരുന്നുവെന്നും എന്‍.എസ്.എസിനെ പഴിചാരി പരാജയത്തിന്റെ ഉത്തരവാദിത്തം ഒഴിയാന്‍ നേതൃത്വത്തിനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു. പാര്‍ട്ടിയില്‍ പലര്‍ക്കും താന്‍ രാജാവാണെന്ന മനസും ഭാവവുമാണെന്നു വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പു ഉത്തരവാദിത്തം എന്തെന്നു തിരിച്ചറിയാന്‍ നേതാക്കള്‍ക്കായില്ലെന്നും കുറ്റപ്പെടുത്തി.

പീതാംബരക്കുറുപ്പിന്റെ ആരോപണങ്ങള്‍ക്കു പിന്നാലെ കെ. മുരളീധരന്‍ എം.പിയും നേതൃത്വത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചു രംഗത്തെത്തി. ഉപതെരഞ്ഞെടുപ്പു നേരിടുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിനു വീഴ്ചയുണ്ടായതായി മുരളീധരന്‍ പറഞ്ഞു. സംഘടനാ തലത്തിലെ പ്രശ്‌നങ്ങളാണ് പരാജയത്തിലേക്കു വഴിവെച്ചതെന്നും അഴിച്ചു പണി അനിവാര്യമെന്നുമുള്ള മുരളീധരന്റെ പരാമര്‍ശം പാര്‍ട്ടിയില്‍ ചര്‍ച്ചയാകും.

അതിനിടെ, എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ കൊച്ചി നഗരസഭാ മേയര്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം ശക്തമായി. ഫലം പ്രഖ്യാപിച്ചതിനു ശേഷം ഹൈബി ഈഡന്‍ എം.പി, വി.ഡി. സതീശന്‍ എം.എല്‍.എ, എന്‍. വേണുഗോപാല്‍ എന്നിവര്‍, നഗരഭരണത്തിലെ വീഴ്ചകളാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം കുത്തനെ കുറച്ചതെന്ന ആരോപണം ഉന്നയിച്ചിരുന്നു.

ഹൈബി ഈഡന്‍ എം.പി ഇന്നും ആരോപണം ആവര്‍ത്തിച്ചു. ജനവികാരം മനസിലാക്കാന്‍ നഗരഭരണ നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും പല വികസന പദ്ധതികളും നടപ്പിലാക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടുവെന്നും ഹൈബി കുറ്റപ്പെടുത്തി. മേയറെ മാറ്റുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കണമെന്ന ആവശ്യം എന്‍.വേണുഗോപാലും ഉന്നയിച്ചു.

മേയര്‍ക്കെതിരായ വിമര്‍ശനത്തില്‍ പാര്‍ട്ടിക്കുള്ളിലെ എ.ഐ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്. എന്നാല്‍ മേയറെ നിലനിര്‍ത്തി പ്രശ്‌നപരിഹാരത്തിനുള്ള വഴി തേടണമെന്ന നിലപാടിലാണ് ചില എ ഗ്രൂപ്പുനേതാക്കള്‍.

കോന്നിയിലെ പരാജയത്തിന്‍റെ പേരില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പൊട്ടിത്തെറിയുണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് പരാജയകാരണമെന്നു അടുര്‍ പ്രകാശിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. സമുദായ സംഘടനകളുടെ ഇഷ്ടപ്രകാരം സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത് കനത്ത തോല്‍വിക്കിടയാക്കിയെന്നും ഈ വിഭാ​ഗം ആരോപിക്കുന്നു. എന്നാല്‍ അടൂര്‍ പ്രകാശിനെ പിന്തുണക്കുന്നവരുടെ നിലപാടാണ് തോല്‍വിക്കു കാരണമെന്ന അഭിപ്രായമാണ് ജില്ലാ പ്രസിഡന്‍റിനെ അനുകൂലിക്കുന്നവരുടെത്.

സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായതും എറണാകുളത്തെ ദയനീയ പ്രകടനവും കോണ്‍ഗ്രസ് നേതൃത്വത്തിനു തിരിച്ചടിയായി മാറിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ആവര്‍ത്തിക്കാനുള്ള സംഘടനാപരമായ ക്രമീകരണം ഉണ്ടാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു എന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ യു.ഡി.എഫിനു ലഭിച്ച മേധാവിത്വം തിരികെ ഇടതുപക്ഷത്തേക്കു തിരിയാന്‍ കാരാണം നേതൃത്വത്തിന്റെ പോരായ്മയാണെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പരാജകാരണവും വോട്ടു ചോര്‍ച്ചയും അന്വേഷിക്കണമെന്ന ആവശ്യത്തിനു ശക്തമാകുന്നതിനു പിന്നാലെ മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണം പാര്‍ട്ടിക്കു തലവേദനായി മാറും.

Next Story
Read More >>