കേന്ദ്രം മുന്നോട്ടു തന്നെ; പൗരത്വഭേദഗതി നിയമം വിജ്ഞാപനമായി- ഇന്നു മുതല്‍ പ്രാബല്യത്തില്‍

നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ 60 ഹര്‍ജികള്‍ നിലവിലുണ്ട്.

കേന്ദ്രം മുന്നോട്ടു തന്നെ; പൗരത്വഭേദഗതി നിയമം വിജ്ഞാപനമായി- ഇന്നു മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തുടനീളമുള്ള വന്‍ പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനമിറക്കി കേന്ദ്രആഭ്യന്തര മന്ത്രാലയം. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, നിയമത്തിന്റെ ചട്ടരൂപീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഡിസംബര്‍ 11നാണ് ലോക്‌സഭ നിയമം പാസാക്കിയത്. തൊട്ടടുത്ത ദിവസം രാജ്യസഭയും പാസാക്കിയ നിയമം പിന്നീട് രാഷ്ട്രപതി ഒപ്പുവച്ചു.

2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിനു മുമ്പോ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കാണ് പൗരത്വം നല്‍കുന്നത്. അയല്‍ രാഷ്ട്രങ്ങളില്‍ മതപീഡനം അനുഭവിക്കുന്നവര്‍ക്കാണ് പൗരത്വം നല്‍കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, മുസ്‌ലിംകളെ ഉള്‍പ്പെടുത്താത്തത് കടുത്ത വിവേചനമാണ് എന്നും പൗരത്വത്തിന് മതം ഉപയോഗിക്കുന്നു എന്നും ആരോപിച്ചാണ് രാജ്യത്തുടനീളം പ്രക്ഷോഭങ്ങള്‍ നടക്കുന്നത്. ഇത് രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും അവര്‍ വാദിക്കുന്നു.

മുൻപ് കുറഞ്ഞതു 11 വർഷം രാജ്യത്ത് സ്ഥിരതാമസമായവർക്കു മാത്രമാണ് പൗരത്വം നൽകിയിരുന്നത്. എന്നാൽ നിലവിലെ ഭേദഗതി പ്രകാരം ഇത് അഞ്ചു വർഷമായി ചുരുങ്ങും. ഈ നിയമപ്രകാരം, അപേക്ഷകൻ കഴിഞ്ഞ തൊട്ടുമുമ്പുള്ള 12 മാസവും ഇന്ത്യയിൽ താമസിച്ചിരിക്കണം.

ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള അസം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളെ ബിൽ അതിന്റെ പ്രയോഗത്തിൽ നിന്ന് ഒഴിവാക്കുന്നു. അസമിലെ കാർബി ആംഗ്ലോംഗ്, മേഘാലയയിലെ ഗാരോ ഹിൽസ്, മിസോറാമിലെ ചക്മ ജില്ല, ത്രിപുരയിലെ ആദിവാസി മേഖലകൾ എന്നിവ ഈ ഗോത്ര പ്രദേശങ്ങളിൽ ഉൾപ്പെടുന്നു. അരുണാചൽ പ്രദേശ്, മിസോറം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്ന ഇന്നർ ലൈൻ പെർമിറ്റ് വഴി നിയന്ത്രിക്കുന്ന പ്രദേശങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ 60 ഹര്‍ജികള്‍ നിലവിലുണ്ട്. ജനുവരി 22നാണ് കോടതി ഇവ പരിഗണിക്കുന്നത്.

Next Story
Read More >>