രാഷ്ട്രീയപ്പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 65 ശതമാനവും സ്വന്തം പെട്ടിയില്‍; മാന്ദ്യത്തിലും കീശ നിറച്ച് ബി.ജെ.പി

ഇലക്ടോറല്‍ ബോണ്ട് വഴിയുള്ള സംഭാവനകളുടെ സിംഹഭാഗവും ബി.ജെ.പിക്ക് തന്നെയാണ്.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 65 ശതമാനവും സ്വന്തം പെട്ടിയില്‍; മാന്ദ്യത്തിലും കീശ നിറച്ച് ബി.ജെ.പി

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യമൊന്നും ബി.ജെ.പിയെ ബാധിച്ച മട്ടില്ല. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച വരുമാനത്തിന്റെ 65.16 ശതമാനവും ബി.ജെ.പിക്കാണ് ലഭിച്ചത് എന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട വിവരങ്ങള്‍ പറയുന്നു. 2018-19ല്‍ ബി.ജെ.പിക്ക് മൊത്തം 2,410.08 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഇതില്‍ ചെലവഴിച്ചത് 1,005.33 കോടി രൂപയാണ്; 41.71 ശതമാനം.

ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ എന്നീ ദേശീയ പാര്‍ട്ടികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലഭിച്ചത് 3,698.66 കോടി രൂപയാണ്.

വരുമാനത്തില്‍ കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത് 918.03 കോടി രൂപ. ഇതില്‍ 51.19 ശതമാനവും പാര്‍ട്ടി ചെലവഴിച്ചിട്ടുണ്ട്; 469.92 കോടി രൂപ. എ.ഡി.ആറിന്റെ കണക്കു പ്രകാരം ബി.ജെ.പിയുടെ വരുമാനം 134.59 ശതമാനമാണ് (1382.74 കോടി) വര്‍ദ്ധിച്ചത്. 2017-18ല്‍ ഇത് 1027.34 കോടി മാത്രമായിരുന്നു. വരുമാനം 2410.08 കോടിയും.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്കു പോകുകയും മാന്ദ്യം യാഥാര്‍ത്ഥ്യമാകുകയും ചെയ്ത കാലത്താണ് ബി.ജെ.പിക്ക് ഇത്രയേറെ സംഭാവനകള്‍ കിട്ടിയത് എന്നതാണ് ശ്രദ്ധേയം.

>മറ്റു പാര്‍ട്ടികള്‍

ബി.ജെ.പിക്കും കോണ്‍ഗ്രസിനും പുറമേ, ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്രസമിതി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യുണൈറ്റഡ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ക്ക് മാത്രമാണ് ബോണ്ട് വഴിയുള്ള സംഭാവന കിട്ടിയിട്ടുള്ളത്. ബിജു ജനതാദളിന് 213.5 കോടിയും തെലങ്കാന രാഷ്ട്രസമിതിക്ക് 141.50 കോടിയും തൃണമൂലിന് 97.28 കോടിയുമാണ് ലഭിച്ചത്.

ജനതാദള്‍ യുണൈറ്റഡിന് 35.25 കോടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് 99.84 കോടിയും ലഭിച്ചു. ബി.എസ്.പി, എസ്.പി, ശിരോമണി അകാലിദള്‍, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ക്കൊന്നും ബോണ്ട് വഴി പണം കിട്ടിയിട്ടില്ല.

ഇലക്ടോറല്‍ ബോണ്ട് വഴിയുള്ള സംഭാവനകളുടെ സിംഹഭാഗവും ബി.ജെ.പിക്ക് തന്നെയാണ്. ബി.ജെ.പിക്ക് 1,450 കോടി രൂപയാണ് ഈയിനത്തില്‍ ലഭിച്ചത്. കോണ്‍ഗ്രസിന് വെറും 383 കോടി രൂപയും. 57 ശതമാനം സംഭാവനയും ബി.ജെ.പി അക്കൗണ്ടില്‍ വീണപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയത് 15 ശതമാനം മാത്രം. മൊത്തം 2,551 കോടിയുടെ ഇലക്ടോറല്‍ ബോണ്ടുകളാണ് വിറ്റു പോയത്.

രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന നല്‍കുമ്പോള്‍ പേര് വെളിപ്പെടുത്തേണ്ടതില്ല എന്നാണ് ഇലക്ടറല്‍ ബോണ്ടിന്ഞറെ വ്യവസ്ഥ.

Next Story
Read More >>