ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി; വന്‍ വോട്ടുചോര്‍ച്ച

വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ അഞ്ച് മണ്ഡലങ്ങളിലും തോല്‍വി സമ്മതിച്ച രീതിയിലായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങള്‍.

ഉപതെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി; വന്‍ വോട്ടുചോര്‍ച്ച

സുധീര്‍ കെ ചന്ദനത്തോപ്പ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നും ശക്തികേന്ദ്രങ്ങളായിട്ടും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാതെ ബി.ജെ.പി തകര്‍ന്നടിഞ്ഞു. മഞ്ചേശ്വരത്ത് മാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ അവര്‍ക്കായത്. പോസ്റ്റല്‍ വോട്ട് എണ്ണുമ്പോള്‍ ഉണ്ടായ മൂന്ന് വോട്ടിന്റെ ലീഡ് മാത്രമാണ് എറണാകുളത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കുണ്ടായത്. കോന്നിയില്‍ ശബരിമല വിഷയം ഉയര്‍ത്തി വിജയം കൊയ്യാമെന്ന പ്രതീക്ഷയില്‍ മത്സരത്തിനിറങ്ങിയ കെ.സുരേന്ദ്രന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ബി.ജെ.പി എസ്.സുരേഷ് കുമാറിനെ ഇത്തവണ രംഗത്തിറക്കിയെങ്കിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ കഴിഞ്ഞില്ല. മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന പുറത്തുവന്നെങ്കിലും എസ്.സുരേഷ് കുമാറിനെ രംഗത്തിറക്കുകയായിരുന്നു.

വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ജയിക്കാനുള്ള അവസരം സംസ്ഥാന നേതൃത്വം ഇല്ലാതാക്കിയെന്ന പരാതി അണികളില്‍ നിന്ന് ഉയരുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഉപതെരഞ്ഞെടുപ്പുണ്ടാകുമെന്ന ബോധ്യമില്ലാതെയാണ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. 3000 വോട്ടിന്റെ മാത്രം വ്യത്യാസമുള്ള കോന്നിയില്‍ തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

മത്സരിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ കെ.സുരേന്ദ്രനു നേരത്തേ ചുമതല നല്‍കി തന്ത്രം മെനയണമായിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞു മാത്രമാണ് സുരേന്ദ്രന്‍ കോന്നിയില്‍ എത്തിയത്. അതിനു ശേഷമാണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനം പാര്‍ട്ടി തുടങ്ങിയതു പോലും.

വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ അഞ്ച് മണ്ഡലങ്ങളിലും തോല്‍വി സമ്മതിച്ച രീതിയിലായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണങ്ങള്‍. എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും കാലുവാരിയെന്നു പി.എസ് ശ്രീധരന്‍പിള്ള പരസ്യമായി പറയുകയും ചെയ്തു. ബി.ജെ.പിയിലെ ഒരു വിഭാഗം കോന്നിയില്‍ വോട്ടുമറിച്ചെന്ന ആരോപണം ശക്തമാണ്. സ്ഥാനാര്‍ഥിത്വത്തിന്റെ പേരില്‍ അനാവശ്യ ആശയക്കുഴപ്പം കോന്നിയിലും വട്ടിയൂര്‍ക്കാവിലും തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

അനുകൂലമായ കാലാവസ്ഥ പോലും ഉപയോഗിക്കാന്‍ കഴിയാത്ത ബി.ജെ.പിക്ക് കേരളത്തില്‍ മുന്നേറാന്‍ സംഘടനാ പരമായ സമൂലമായ ഉടച്ചുവാര്‍ക്കല്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിലെ ദിശാബോധമില്ലായ്മയും ബി.ജെ.പി ക്ക് തിരിച്ചടിയായെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിലയിരുത്തല്‍. കേരളത്തില്‍ വര്‍ഷങ്ങളായി നിലവിലുള്ള ദ്വിമുന്നണി സംവിധാനത്തെ മാറ്റി തങ്ങളുടെ മുന്നണിയെക്കൂടി പ്രധാന ട്രാക്കില്‍ കയറ്റണമെങ്കില്‍ ബി.ജെ.പിക്ക് ഇനിയും ഒരുപാട് വിയര്‍ക്കേണ്ടിവരും.

വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തായിരുന്നു. ലോക്സഭയിലും വട്ടിയൂര്‍കാവിലെ കുമ്മനം രാജശേഖരന്‍ ഏറെ മുന്നേറി. ഈ വോട്ടുകള്‍ നേടാനായാല്‍ പോലും വട്ടിയൂര്‍കാവില്‍ ജയിക്കാമായിരുന്നു. എന്നാല്‍ കുമ്മനത്തെ ദേശീയ നേതൃത്വം തുടക്കത്തിലെ വെട്ടി. മഞ്ചേശ്വരത്തും സുരേന്ദ്രനെ നിര്‍ത്തിയില്ല. കുമ്മനത്തെ വട്ടിയൂര്‍കാവില്‍ നിന്നും മാറ്റി നിര്‍ത്തിയത് തോല്‍ക്കുമെന്ന് ബി.ജെ.പി നേതൃത്വത്തിന് നേരത്തെ റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് ആണെന്നാണ് സൂചന. സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് നിന്ന് മാറിയതും തോല്‍വി ഭയം മൂലമാണ്. സി.പി.എം വോട്ടുകള്‍ മറിച്ച് രണ്ടിടത്തും ബി.ജെ.പിയെ തോല്‍പ്പിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇത്. ഇതോടെ രണ്ടിടത്തും ബി.ജെ.പിയുടെ സാധ്യത അടഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ഇതിന്റെ ഗുണം സി.പി.എമ്മിന് കിട്ടി. മഞ്ചേശ്വരത്ത് മുസ്്ലിം ലീഗിന് കാര്യങ്ങള്‍ അനായാസമാകുകയും ചെയ്തു. ത്രികോണ മത്സര സാധ്യത പറഞ്ഞിട്ടും കോന്നിയിലെ സുരേന്ദ്രന്റെ പോരാട്ടം തരതമ്യേന ദുര്‍ബലമായിരുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ കണക്കുപ്രകാരം വട്ടിയൂര്‍ക്കാവില്‍ ശക്തമായ ത്രികോണ മല്‍സരത്തിനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പിയിലെ ഗ്രൂപ്പ് തര്‍ക്കങ്ങളില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഉണ്ടാക്കിയ നേട്ടത്തെ അത് ഇല്ലാതാക്കി.

ശബരിമല വിഷയത്തില്‍ ഉണ്ടായ അനുകൂല വികാരം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതലാക്കാന്‍ കഴിയാതിരുന്ന ബി.ജെ.പിക്ക് ആ വോട്ട് പോലും ഇപ്പോള്‍ നിലനിറുത്താന്‍ കഴിഞ്ഞിട്ടില്ല. ദേശീയ തലത്തില്‍ ഉണ്ടായ അനുകൂല അന്തരീക്ഷം കേരളത്തില്‍ മുതലാക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നില്ല. അതേസമയം, ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു മുന്നണി എന്ന നിലയില്‍ മുന്നോട്ടുപോവാനും കഴിയുന്നില്ല. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ നേതൃത്വ മാറ്റത്തിനായുള്ള ആവശ്യം ബി.ജെ.പിയില്‍ ഉയരാനാണ് സാദ്ധ്യത.

Read More >>