പൗരത്വ നിയമത്തില്‍ സഖ്യകക്ഷികള്‍ ഇടയുന്നു; ഡല്‍ഹിയില്‍ മത്സരിക്കാനില്ലെന്ന് ജെ.ജെ.പിയും- ബി.ജെ.പിക്ക് വന്‍ തിരിച്ചടി

ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്ന കക്ഷിയാണ് ജെ.ജെ.പി.

പൗരത്വ നിയമത്തില്‍ സഖ്യകക്ഷികള്‍ ഇടയുന്നു; ഡല്‍ഹിയില്‍ മത്സരിക്കാനില്ലെന്ന് ജെ.ജെ.പിയും- ബി.ജെ.പിക്ക് വന്‍ തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബി.ജെ.പിയുമായി സഹകരിച്ച് മത്സരിക്കാനില്ലെന്ന് സഖ്യകക്ഷിയായ ജന്‍നായക് ജന്‍ത പാര്‍ട്ടി (ജെ.പി.പി). സി.എ.എയ്‌ക്കെതിരെയുള്ള സമരം നടന്നു കൊണ്ടിരിക്കുന്ന വേളയില്‍ എന്‍.ഡി.എ സഖ്യത്തിന് കീഴില്‍ മത്സരിക്കാനില്ലെന്ന് ശിരോമണി അകാലിദള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജെ.ജെ.പിയും സമാന നിലപാടുമായി രംഗത്തെത്തിയത്.

ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്ന കക്ഷിയാണ് ജെ.ജെ.പി.

ഡല്‍ഹിയില്‍ മത്സരരംഗത്തിറങ്ങേണ്ട എന്നാണ് തീരുമാനമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ദുഷ്യന്ത് ചൗത്താല വ്യക്തമാക്കി. ചിഹ്നം പ്രധാന പ്രശ്‌നമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജെ.ജെ.പിയുടെ പിന്മാറ്റം. ചാവിയോ ചെരിപ്പോ ചിഹ്നമായി നല്‍കണമെന്ന് തങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷനു മുമ്പില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മറ്റു കക്ഷികള്‍ക്ക് നല്‍കി എന്നാണ് കമ്മിഷന്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ ജെ.ജെ.പി മത്സരിക്കാനില്ല-എന്നായിരുന്നു ദുഷ്യന്തിന്റെ വാക്കുകള്‍.

ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരരുത് എന്നാവശ്യപ്പെട്ടാണ് ശിരോമണി അകാലിദള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. നിലപാട് മാറ്റുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടി അദ്ധ്യക്ഷന്‍ മന്‍ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

അതിനിടെ, സഖ്യകക്ഷികള്‍ മത്സരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ 70ല്‍ 67 സീറ്റിലും ബി.ജെ.പി മത്സരിക്കും. ഫെബ്രുവരി എട്ടിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ. 11ന് ഫലപ്രഖ്യാപനവും.

Next Story
Read More >>