ഡല്‍ഹി സംഘര്‍ഷഭരിതം; നാലു മരണം, ഡി.സി.പിക്ക് പരിക്ക്, കടകളും പമ്പും അടിച്ചു തകര്‍ത്തു- അറിയേണ്ട പത്തു കാര്യങ്ങള്‍

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഡല്‍ഹി സംഘര്‍ഷഭരിതം; നാലു മരണം, ഡി.സി.പിക്ക് പരിക്ക്, കടകളും പമ്പും അടിച്ചു തകര്‍ത്തു- അറിയേണ്ട പത്തു കാര്യങ്ങള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിനവും തുടരുന്ന സംഘര്‍ഷത്തില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ നാലു പേര്‍ കൊല്ലപ്പെട്ടു. ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബ്ള്‍ രത്തന്‍ ലാല്‍ ആണ് തലയില്‍ കല്ലേറു കൊണ്ട് മരണത്തിന് കീഴടങ്ങിയത്. ഡി.സി.പി അമിത് ശര്‍മ്മയ്ക്ക് പരിക്കേറ്റു. മൂന്നു സിവിലിയന്മാര്‍ വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടത്. എത്ര പേര്‍ക്ക് പരിക്കേറ്റു എന്നതില്‍ നിശ്ചയമില്ല.

1- സംഘര്‍ഷം ആരംഭിച്ചത് എങ്ങനെ?

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡല്‍ഹിയിലെ വടക്കു കിഴക്കന്‍ ജില്ലയായ മൗജ്പൂര്‍ മേഖലയില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്കാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇരുഗ്രൂപ്പുകളും പരസ്പരം കല്ലേറു നടത്തുകയായിരുന്നു.

പെട്ടെന്നു തന്നെ അക്രമം ജാഫറാബാദുമായി മൗജ്പൂരിനെ ബന്ധിപ്പിക്കുന്ന റോഡിലെത്തി. ഈ റോഡിലൂടെയാണ് ഡല്‍ഹി മെട്രോയുടെ എലവേറ്റഡ് പാത പോകുന്നത്.

സമാനമായ അനിഷ്ട സംഭവങ്ങള്‍ ജാഫറാബാദിലും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൗജ്പൂര്‍-ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ഇവിടെ റോഡ് ഉപരോധിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

മൗജ്പൂരില്‍ ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇന്ന് രാവിലെയും ഡല്‍ഹി മെട്രോ തീവണ്ടികള്‍ മൗജ്പൂര്‍-ബാബര്‍പൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയില്ല.

2- ഏതെല്ലാം പ്രദേശങ്ങളെ ബാധിച്ചു

ഇന്നത്തെ പ്രതിഷേധം ഡല്‍ഹിയിലെ വടക്കു കിഴക്കുള്ള ഷഹ്ദ്ര മേഖലയിലായിരുന്നു. വൈകിട്ടു അഞ്ചു മണിയോടെ അത് ജാഫറാബാദ്, ഭജന്‍പുര, കറവാള്‍ നഗര്‍ എന്നിവിടങ്ങളിലേക്ക് പടര്‍ന്നു.

3- പ്രശ്‌നങ്ങള്‍ എത്രത്തോളം

ഭജന്‍പുരയിലെ ഒരു പെട്രോള്‍ പമ്പ് കത്തിച്ചിട്ടുണ്ട്. മൗജ്പൂരിലും ജാഫറാബാദിലും നിരവധി കടകളും വീടുകളും അക്രമത്തിന് ഇരയായി. കുറച്ച് പൊലീസ് വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.

4- സംഘര്‍ഷം, വെടിവയ്പ്പ്, കല്ലേറ്

രാവിലെ പത്തിന് മൗജ്പൂരില്‍ ആരംഭിച്ച കല്ലേറ് ഏകദേശം പകല്‍ മുഴുവന്‍ നീണ്ടു. ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അടക്കം പരിക്കേറ്റു. തലയില്‍ ഏറു കൊണ്ട് കോണ്‍സ്റ്റബ്ള്‍ കൊല്ലപ്പെട്ടു.

മൗജ്പൂരില്‍ മാത്രമല്ല, അടുത്തുള്ള കറാവല്‍ നഗര്‍, ജാഫറാബാദ്, ഭജന്‍പുര, കബിര്‍നഗര്‍, കറംപുര, ദയാല്‍പൂര്‍, ഛാന്ദ്ബാഗ് എന്നിവിടങ്ങളില്‍ എല്ലാം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉച്ചയ്ക്ക് ഒരു മണിക്ക് ചുവപ്പു ടീഷര്‍ട്ടിട്ട ഒരാള്‍ നാടന്‍ തോക്കു കൊണ്ട് റോഡിലെ പ്രതിഷേധക്കാര്‍ക്കു നേരെ വെടിവച്ചു. ആര്‍ക്കും പരിക്കില്ല.

5- നിരോധനാജ്ഞ

സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹവും അര്‍ദ്ധ സൈനിക വിഭാഗവും രംഗത്തെത്തി. സമാധാനം നിലനിര്‍ത്താന്‍ ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തു

6- ഡല്‍ഹി പൊലീസ് ഇതുവരെ പറഞ്ഞത്

മൗജ്പൂര്‍, കര്‍ദാംപുരി, ഛാന്ദ്ബാഗ്, ദയാല്‍പൂര്‍ എന്നിവിടങ്ങളില്‍ ചില അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഭ്യൂഹങ്ങളില്‍ വീഴുകയോ മാദ്ധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യരുത്.

7-ക്രമസമാധാന പാലനം

മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചതിന് പുറമേ, മൗജ്പൂര്‍-ജാഫറാബാദ് റോഡില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി

8- സമാധാനം നിലനിര്‍ത്താന്‍ മുഖ്യമന്ത്രി

അക്രമങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും സമാധാനം കൈക്കൊള്ളാനും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ് ഗവര്‍ണര്‍ അനില്‍ ബൈജാലും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. സമാധാനം നിലനിര്‍ത്താന്‍ ആഭ്യന്തര മന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഡല്‍ഹിയിലെ ക്രമസമാധാന പാലന ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്.

9- ഡൊണാള്‍ഡ് ട്രംപ്

യു.എസ് പ്രസിഡണ്ട് തന്റെ ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ വേളയിലാണ് സംഘര്‍ഷങ്ങള്‍. അഹമ്മദാബാദിലെത്തിയ ട്രംപ് ആഗ്രയിലെ താജ്മഹല്‍ കണ്ട് ഇപ്പോള്‍ ഡല്‍ഹിയിലാണ് ഉള്ളത്. നാളെ അദ്ദേഹം രാജ്ഘട്ട് സന്ദര്‍ശിക്കുകയും രാഷ്ട്രപതിഭവനില്‍ വിരുന്നില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

10- നാലു കേസുകള്‍

സംഘര്‍ഷത്തില്‍ ഇതുവരെ നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാഫറാബാദ്, ദയാല്‍പൂര്‍ പൊലീസ് സ്റ്റേഷനുകളിലാണ് കേസുള്ളത്.

Next Story
Read More >>