യു.പിയിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി; ഭൂമിക്കടിയിലുള്ളത് 3500 ടണ്‍ സ്വര്‍ണം- ഏകദേശം 12 ലക്ഷം കോടി രൂപ മൂല്യം

സ്വര്‍ണ്ണപ്പാടം ഖനനത്തിനായി പാട്ടത്തിന് നല്‍കാനാണ് ആലോചന

യു.പിയിലെ സോന്‍ഭദ്രയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി; ഭൂമിക്കടിയിലുള്ളത് 3500 ടണ്‍ സ്വര്‍ണം- ഏകദേശം 12 ലക്ഷം കോടി രൂപ മൂല്യം

ലഖ്‌നൗ: കോളടിച്ചു എന്നു പറഞ്ഞാല്‍ ഇതാണ്, ഇതു മാത്രമാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ 3500 ടണ്‍ സ്വര്‍ണ ശേഖരം കണ്ടെത്തി. ഏകദേശം 12 ലക്ഷം കോടി മൂല്യം വരുന്ന പൊന്‍ശേഖരമാണ് ഭൂമിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ രണ്ടു പതിറ്റാണ്ടു നീണ്ട അന്വേഷണത്തിനൊടുവിലാണ് നിധികുംഭം വെളിപ്പെട്ടത്.

ഇന്ത്യയുടെ നിലവിലെ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തിന്റെ ആറിരട്ടി വരും ഇവിടെ കണ്ടെത്തിയ സ്വര്‍ണ്ണം. 626 ടണ്ണാണ് ഇന്ത്യയുടെ കരുതല്‍ സ്വര്‍ണശേഖരം.

സ്വര്‍ണ്ണപ്പാടം ഖനനത്തിനായി പാട്ടത്തിന് നല്‍കാനാണ് ആലോചന. ഇതിനായി വൈകാതെ ലേലനടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ മൈനിങ് ഓഫീസര്‍ കെ.കെ റായ് പറഞ്ഞു. 2005ലാണ് ഇവിടെ സ്വര്‍ണശേഖരമുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തുന്നത്. ഏഴു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ 2012ല്‍ ശേഖരം ഉണ്ടെന്ന് ഉറപ്പിച്ചു. ഏഴംഗ സംഘത്തിന്റെ നിരന്തര യത്‌നത്തിന്റെ ഫലമായാണ് 3500 ടണ്‍ വരുന്ന സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്താനായത്.


ദുധി തെഹ്‌സിലിന് കീഴിലുള്ള ഹര്‍ദി, സോന്‍പഹാഡി ഗ്രാമങ്ങളിലാണ് സ്വര്‍ണം കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും പിന്നാക്കമായ ജില്ലകളില്‍ ഒന്നാണ് സോന്‍ഭദ്ര. ജാര്‍ഖണ്ഡ്, ബിഹാര്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന സോന്‍ഭദ്ര നക്‌സല്‍ ബാധിത പ്രദേശം കൂടിയാണ്.

സ്വര്‍ണത്തിന് പുറമേ, യുറേനിയം അടക്കമുള്ള ധാതുക്കളുടെ സാദ്ധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.


ഖനനം എങ്ങനെ?

നാലു തരത്തിലുള്ള ഖനനമാണ് പ്രധാനമായും ഉള്ളത്.

1- പ്ലേസര്‍ ഖനനം

അമേച്വര്‍ സ്വര്‍ണ്ണ വേട്ടക്കാരാണ് ഈ രീതി അവലംബിക്കുന്നത്. ഇതില്‍ ചെയ്യുന്നത്, ഇടതൂര്‍ന്ന (ഡെന്‍സ്) സ്വര്‍ണ്ണത്തെ, അതിന് ചുറ്റുമുള്ള മെറ്റീരിയലുകളില്‍ നിന്ന് വേര്‍തിരിക്കുന്നതിന് ഭൂഗുരുത്വാകര്‍ഷണവും വെള്ളവും ഉപയോഗിക്കുകയാണ്. സ്വര്‍ണ്ണാംശമുള്ള മണലില്‍ നിന്നും ചരല്‍ക്കല്ലില്‍ നിന്നും സ്വര്‍ണ്ണം വീണ്ടെടുക്കുന്നതിന് പൊതുവെ ഈ രീതി ഉപയോഗപ്രദമാണ്. ഇത്തരം പ്ലേസര്‍ മട്ടില്‍ (ഡിപ്പോസിറ്റ്) നിന്ന് സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയയാണ് 'സ്വര്‍ണ്ണ പാനിംഗ്'. ചത്തീസ്ഗഢിലെ സോണാജാര്‍ കമ്മ്യൂണിറ്റിയെ പോലെയുള്ള പല കമ്മ്യൂണിറ്റികളും ഈ പ്രക്രിയ പിന്തുടരുന്നു. നാലോ അഞ്ചോ അരിമണിയുടെ വലുപ്പത്തിന് തത്തുല്യമായ സ്വര്‍ണ്ണമണികള്‍ ശേഖരിച്ചുകൊണ്ട് ദിവസത്തില്‍ 400 രൂപാ വരെ ഇത്തരക്കാര്‍ സമ്പാദിക്കുന്നു.

2 പാറയിലെ ഖനനം

ഈ രീതി ഉപയോഗിച്ചാണ് ഭൂരിഭാഗം സ്വര്‍ണ്ണം ഖനനം ചെയ്‌തെടുക്കുന്നത്. തുറന്നൊരു കുഴിയെടുത്ത്, ഭൂഗര്‍ഭ ഖനനം നടത്തുകയാണ് ഇത് ചെയ്യുന്നത്.

ഘട്ടം 1: ചുരുങ്ങിയത് 40 അടി ആഴത്തിലും 16-22 അടി അകലത്തിലും 'ബ്ലാസ്റ്റ് ഹോളുകള്‍' ഡ്രില്‍ ചെയ്തുകൊണ്ടാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്. സൈറ്റില്‍ സ്വര്‍ണ്ണമുണ്ടോ ഇല്ലയോ എന്ന് അറിയുന്നതിനാണ് ഇത് ചെയ്യുന്നത്.

ഘട്ടം 2: നിയന്ത്രിത രീതിയിലും, ചുറ്റുമുള്ള പരിസ്ഥിതിക്ക് ഏറ്റവും ചുരുങ്ങിയ ആഘാതമേ ഉണ്ടാകുന്നുള്ളൂ എന്ന് ഉറപ്പാക്കിക്കൊണ്ടും ഈ ഹോളുകളില്‍ സ്‌ഫോടനം നടത്തുന്നു.

ഘട്ടം 3: തകര്‍ന്ന പാറക്കഷണങ്ങളില്‍, തുടര്‍ന്ന്, പരിശോധന നടത്തുന്നു, സ്വര്‍ണ്ണം അടങ്ങിയിട്ടുള്ള അയിരുകള്‍ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

ഘട്ടം 4: പിന്നീട്, സ്വര്‍ണ്ണം അടങ്ങുന്ന അയിരുകളെല്ലാം ഒരു ട്രക്കില്‍ കയറ്റുകയും സംസ്‌കരണത്തിനായി ഒരു ക്രഷറിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു.

സ്റ്റെപ്പ് 5: രണ്ട് പ്രക്രിയകളിലൂടെയാണ് അയിരുകള്‍ പൊടിയാക്കുന്നത്, അയിരുകളെ തീരെച്ചെറിയ പൊടികളായി പൊടിക്കുന്നതാണ് ഈ പ്രക്രിയ.

ഘട്ടം 6: അടുത്തതായി, ഉറച്ച പാറയുടെ പ്രതലത്തില്‍ നിന്ന് സ്വര്‍ണ്ണം വേര്‍തിരിക്കുന്നതിന് സോഡിയം സയനൈഡ് ഉപയോഗിക്കുന്നു. ലീച്ചിംഗ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

ഘട്ടം 7: ലീച്ചിംഗില്‍ നിന്ന് വീണ്ടെടുക്കുന്ന സ്വര്‍ണ്ണം, തുടര്‍ന്ന്, സ്വര്‍ണ്ണ സമ്പന്നമായ ചളി (മഡ്) ഉണ്ടാക്കുന്നതിന് വീണ്ടും സംസ്‌കരിക്കുന്നു.

ഘട്ടം 8: ഈ സ്വര്‍ണ്ണ ചളി, തുടര്‍ന്ന്, ശുദ്ധീകരണശാലയിലെ ഫര്‍ണസിലേക്ക് കയറ്റുന്നു, ചൂടാക്കുകയും ചെയ്യുന്നു. ഇങ്ങനെ, ലോഹമല്ലാത്ത വസ്തുക്കളില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും വേര്‍തിരിച്ചെടുക്കുന്നു. ഇതിന്റെ ഫലമായി ഡോറെ എന്നറിയപ്പെടുന്നതും 98% സ്വര്‍ണ്ണവും വെള്ളിയും അടങ്ങിയതുമായ ഒരു മിശ്രിതം ലഭിക്കുന്നു. 99.99% ശുദ്ധമായ അല്ലെങ്കില്‍ 24 കാരറ്റ് സ്വര്‍ണ്ണം ലഭിക്കുന്നതിന് ഈ സമ്മിശ്രലോഹം ഒരു പ്രത്യേക ശുദ്ധീകരണശാലയിലേക്ക് അയയ്ക്കുന്നു.


3- ഉപോല്‍പ്പന്ന ഖനനം

ചെമ്പ് ഖനം ചെയ്യുകയോ മണലോ ചരല്‍ക്കല്ലോ മറ്റ് ഉല്‍പ്പന്നങ്ങളോ വീണ്ടെടുക്കുകയുമാണ് മിക്ക സമയങ്ങളിലും ഖനനത്തിന്റെ ഉദ്ദേശ്യം. എന്നിരുന്നാലും, അത്തരം ഖനന സമയത്തും, ഗണ്യമായ അളവില്‍ സ്വര്‍ണ്ണം കണ്ടെത്താന്‍ സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും .

പ്രശസ്തമായ ഖനിയാണ് ഗ്രാസ്‌ബെര്‍ഗ് ഖനി. വാസ്തവത്തില്‍ ചെമ്പ് ഖനനം ചെയ്യുന്നതിനാണ് എവിടെ ഖനനം തുടങ്ങിയത്. എന്നാലിത് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സ്വര്‍ണ്ണ ഖനിയായി മാറുകയായിരുന്നു, ഓരോ വര്‍ഷവും 20,000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.


4- അയിര് സംസ്‌കരണം

സ്വര്‍ണ്ണത്തിലെ അംശമുള്ള പാറക്കഷണം തീരെ ചെറിയ കഷണങ്ങളാക്കി പൊടിക്കുമ്പോള്‍ ലഭിക്കുന്നതാണ് സ്വര്‍ണ്ണ അയിര്. സയനൈഡ് ഉപയോഗിച്ചുകൊണ്ടുള്ള കെമിക്കല്‍ പ്രക്രിയയിലൂടെ ഇത് വേര്‍തിരിച്ചെടുക്കാവുന്നതാണ്. എന്നിരുന്നാലും, ഗണ്യമായ സാമ്പത്തിക - പാരിസ്ഥിതിക ചെലവുകള്‍ ഉള്ളതിനാല്‍ ഈ രീതി അത്ര ലാഭകരമല്ല.

(വിവരങ്ങള്‍ക്ക് കടപ്പാട്- ( www.mygoldguide.in )

> ഏറ്റവും കൂടുതല്‍ സ്വര്‍ണ ശേഖരം യു.എസില്‍

യു.എസിന്റെ പക്കലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരമുള്ളത്. 8133.5 ടണ്‍. ജര്‍മനിയില്‍ 3,336 ടണ്ണും അന്താരാഷ്ട്ര നാണയ നിധി 2,814 ടണ്ണും സ്വര്‍ണം സൂക്ഷിക്കുന്നുണ്ട്. ഇന്ത്യയേക്കാള്‍ കൂടുതല്‍ സ്വര്‍ണ ശേഖരം ഉള്ളത് ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ചൈന, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കാണ്.

Next Story
Read More >>