ഐമ നിക്ഷേപത്തട്ടിപ്പ്: മുഖ്യപ്രതി 15 ദിവസം ദുബൈയിൽ കഴിഞ്ഞത് എസ്.ഐ.ടി വലയത്തിൽ

നിക്ഷേപങ്ങളിലൂടെ പലിശരഹിത വരുമാനം എന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി കോടികളുടെ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ ഇയാളെ അതിവിദഗ്ദ്ധമായാണ് പൊലീസ് കഴിഞ്ഞദിവസം വലയിലാക്കിയത്.

ഐമ നിക്ഷേപത്തട്ടിപ്പ്: മുഖ്യപ്രതി 15 ദിവസം ദുബൈയിൽ കഴിഞ്ഞത് എസ്.ഐ.ടി വലയത്തിൽ

കഴിഞ്ഞ മാസം എട്ടിന് രാത്രി ബംഗളൂരുവിൽ നിന്ന് ദുബൈയിലേക്ക് പറന്ന "ഐമ" സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ ഖാൻ വീണ്ടും കർണ്ണാടക മണ്ണിൽ. നിക്ഷേപങ്ങളിലൂടെ പലിശരഹിത വരുമാനം എന്ന മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി കോടികളുടെ തട്ടിപ്പ് നടത്തി കടന്നുകളഞ്ഞ ഇയാളെ അതിവിദഗ്ദ്ധമായാണ് പൊലീസ് കഴിഞ്ഞദിവസം വലയിലാക്കിയത്.

ദുബൈയിലേക്കു മുങ്ങും മുമ്പ് ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നായിരുന്നു ഖാൻ പറഞ്ഞത്. എന്നാൽ പൊലീസ് വലയിലായതോടെ, മൂന്ന് ഹൃദയാഘാതമുണ്ടായ താൻ ഏത് സമയത്തും മരിക്കാം എന്നാണിപ്പോൾ പറയുന്നത്. മതപണ്ഡിതർ, ഇമാമുമാർ, നേതാക്കൾ തുടങ്ങിയവരെ അടക്കം ലക്ഷങ്ങൾ കൊടുത്ത് ഇയാൾ "ഹലാൽ" ഇടപാടിന്റെ പ്രചാരകരാക്കിയിരുന്നു. കോടികൾ എറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥരെ കൂലി എഴുത്തുകാരാക്കാനും മാദ്ധ്യമങ്ങളെ വഴിവിട്ട് സ്വാധീനിക്കാനും ഇയാൾക്കായെന്നും ആരോപണമുണ്ട്.

ഈദുൽഫിത്വർ (റമദാൻ കഴിഞ്ഞുള്ള പെരുന്നാൾ) അവധി കഴിഞ്ഞ് ജ്വല്ലറികൾ തുറക്കുമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഖാന്റെ ആത്മഹത്യാ മുന്നറിയിപ്പും തുടർന്നുള്ള ഒളിച്ചോട്ടവും. ശേഷം മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി ഉടൻ ഡി.ഐ.ജി ബി.ആർ രവികാന്ത് ഗൗഡയുടെ നേതൃത്വത്തിൽ 11 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.

അതിനിടെ, അന്വേഷണ ഏജൻസിയായ എസ്.ഐ.ടിയുടെ പരാതി കൗണ്ടറുകളിൽ ദിവസവും നൂറുകണക്കിനു പേരാണ് എത്തിയത്. വിറക്കുന്ന കൈകളും വിതുമ്പുന്ന മനസ്സുമായി പർദ്ദ ധരിച്ച സ്ത്രീകൾ അടക്കമുള്ളവർ കൈക്കുഞ്ഞുങ്ങളുമായി ഊഴം കാത്ത് വരിനിന്നു. ഇവരടെയെല്ലാം കണ്ണീരു കണ്ടാണ് കർണ്ണാടക പൊലീസ് ഇയാൾ സ്വമേധയാ നിയമത്തിന് മുന്നിൽ വിമാനം ഇറങ്ങില്ല എന്നു ഉറപ്പിച്ചത്. ഇതേ തുടർന്ന് ജാഗ്രത്തായ ഇടപെടലാണ് അന്വേഷണസംഘം നടത്തിയത്.

ലണ്ടനിലേക്ക് പറക്കാൻ ഒരുങ്ങി കഴിഞ്ഞ മാസം 14ന് ഖാൻ ദുബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു. അന്ന് ഇന്റർപോൾ ഇറക്കിയ നോട്ടീസ് യാത്ര മുടക്കി. ഇതേത്തുടർന്ന് അതീവ രഹസ്യമായി നാല് പൊലീസ് ഓഫീസർമാരെ ഈമാസം ഒന്നിന് ദുബൈയിലേക്ക് അയച്ചു. ഇന്റർപോൾ സഹായത്തോടെ അവർ അവിടെ ഖാന്ന് ചാരവലയം തീർക്കുകയായിരുന്നു. ഇന്ത്യൻ എംബസിയിൽ എത്തിച്ച ശേഷം എസ്.ഐ.ടി സംഘം ഖാന്റെ കൂട്ടുകാരെപ്പോലെ പെരുമാറി. ആർക്കൊക്കെ കൈക്കൂലി കൊടുത്തു, തുകയെത്ര തുടങ്ങിയ വിവരങ്ങൾ തന്ത്രപൂർവ്വം ശേഖരിച്ചു. 15 ദിവസമാണ് അന്വേഷണസംഘം ദുബൈയിൽ ചെലവഴിച്ചത്.

റെക്കോർഡ് ചെയ്ത ആ മൊഴികളുടെ ബലത്തിലാണ് രണ്ടു ഐ.എ.എസ് ഉദ്യോഗസ്ഥരും ഇസ് ലാമിക പ്രഭാഷകൻ ഉമർ ശരീഫ് ഉൾപ്പെടെ 22 പേർ അറസ്റ്റിലായതും. മുൻ മന്ത്രി റോഷൻ ബെയ്ഗ് എം.എൽ.എയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ വിവരങ്ങളും ലഭിച്ചു. ബുധനാഴ്ച മടങ്ങാനായിരുന്നു യാത്ര ആസൂത്രണം ചെയ്തത്. സാങ്കേതിക കാരണങ്ങളാൽ വൈകി. ഇന്നലെ പുലർച്ചെ 1.50ന് ഡൽഹിയിൽ വിമാനം ഇറങ്ങുന്ന വിവരം കർണ്ണാടകയിലുള്ള എസ്.ഐ.ടി അംഗങ്ങളേയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതരേയും അറിയിക്കുകയായിരുന്നു. ഖാന്റെ ശ്രമങ്ങളൊന്നും വിലപ്പോവില്ലെന്നും സത്യസന്ധമായാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ഉപ്പുതിന്നവർ വെള്ളം കുടിക്കേണ്ടി വരുമെന്നും കർണ്ണാടക പൊലീസ് വ്യക്തമാക്കി.


Read More >>