തന്ത്രം മാത്രമാകരുത്: ഹാഫിസ് സയീദിന്റെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് യു.എസ്

ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനെ തടയുന്നതിനായി രൂപീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയിൽ പെടുത്തുമെന്ന ആശങ്കയാണ് നടപടികളെടുക്കാൻ പാകിസ്താനെ നിർബന്ധിതമാക്കിയതെന്നും സൂചനയുണ്ട്.

തന്ത്രം മാത്രമാകരുത്: ഹാഫിസ് സയീദിന്റെ അറസ്റ്റിൽ സംശയം പ്രകടിപ്പിച്ച് യു.എസ്

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദർശനത്തിന് മുന്നോടിയായി ഭീകരർക്കെതിരെ എടുക്കുന്ന നടപടികളിൽ തൃപ്തിയില്ലാതെ യു.എസ്. ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫീസ് സയീദിനെ നേരത്തെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് അദ്ദേഹത്തിന്റെയോ ഭീകരസംഘടനയുടെയോ പ്രവർത്തനങ്ങളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും യു.എസ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇനി എന്ത് നടപടിയെടുക്കുമെന്ന കാര്യം യു.എസ് നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനെ തടയുന്നതിനായി രൂപീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയിൽ പെടുത്തുമെന്ന ആശങ്കയാണ് ചില സംഘടനകൾക്കെതിരെ നടപടികളെടുക്കാൻ പാകിസ്താനെ നിർബന്ധിതമാക്കിയതെന്നും സൂചനയുണ്ട്. 20 ഭീകര സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളാണ് പാകിസ്താൻ ഈയിടെയായി അടച്ചു പൂട്ടിയത്.

2001നു ശേഷം ഇത് ഏഴാം തവണയാണ് ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സയീദ് പാകിസ്താനിൽ അറസ്റ്റ് ചെയ്യപ്പെടുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരകനായ ഇയാളെ ഈയിടെയാണ് യു.എൻ ഭീകരനായി പ്രഖ്യാപിച്ചത്. എന്നാൽ ഈ അറസ്റ്റുകളൊന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നില്ല. അദ്ദേഹം നയിക്കുന്ന ഭീകരപ്രസ്താനത്തിന്റെ പരിശീലന കേന്ദ്രങ്ങൾ നിർബാധം പാകിസ്താനിൽ പ്രവർത്തിച്ചുപോന്നു. ഇതാണ് പാകിസ്താന്റെ നടപടികളെ സംശയത്തോടെ കാണാൻ യു.എസ്സിനെ നിർബന്ധിതമാക്കിയതെന്നാണ് സൂചന. ' പാകിസ്താൻ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ കേന്ദ്രങ്ങൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നത് ഒരു വസ്തുതയാണ്. ഇപ്പോൾ അറസ്റ്റിലായവർക്കെതിരെ നിയമ നടപടികൾ എടുക്കാൻ പാകിസ്താൻ തയ്യാറാകുന്നുണ്ടോ എന്നതാണ് പ്രധാനം. അതേസമയം പാകിസ്താന്റെ മണ്ണ് ഭീകരതയ്ക്ക് വേണ്ടി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയെ യു.എസ് സ്വാഗതം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളായി പാകിസ്താൻ ഭീകരതയ്ക്കെതിരായ നടപടി ശക്തമാക്കിയതിന് പിന്നിൽ അന്താരാഷ്ട്ര സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് കരിമ്പട്ടികയിൽ പെടുത്തുമെന്ന ആശങ്കയാണെന്ന് സൂചനയുണ്ട്. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങൾ നിരോധിക്കുന്നതിന് 1989ൽ രൂപികരിച്ച സംഘടനയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്. പാകിസ്താൻ അധീന കാശ്മീരിലടക്കം 20 ഭീകര പരിശീലന കേന്ദ്രങ്ങളാണ് പാകിസ്താൻ സമീപകാലത്ത് അടച്ചുപൂട്ടിച്ചത്. ഇതോടുകൂടി അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റവും കുറഞ്ഞു. കഴിഞ്ഞ മാസം യു.എസ്സിലായിരുന്നു ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ യോഗം. ഭീകരതയെ പിന്തുണയ്ക്കുന്ന നടപടികൾ ശക്തമാക്കിയില്ലെങ്കിൽ അടുത്ത ഒക്ടോബറിൽ പാരീസിൽ ചേരുന്ന യോഗത്തിൽ പാകിസ്താനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന സൂചനയുണ്ടായിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയോ ഇപ്പോഴുള്ളതുപോലെ ഗ്രേ പട്ടികയിൽ തുടരാൻ നിർബന്ധിക്കപ്പെടുകയോ ചെയ്താൽ അത് പുനരുജ്ജീവനത്തിന് ശ്രമിക്കുന്ന പാകിസ്താൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കും. ഈ അവസ്ഥ ഒഴിവാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം ഇമ്രാൻ ഖാൻ ശ്രമിക്കുന്നത്.

നാളെയാണ് ഇമ്രാൻ ഖാൻ യു.എസ്സിലേക്ക് പോകുന്നത്. തിങ്കളാഴ്ച യു.എസ്പ്ര സിഡന്റു ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക പ്രതിസന്ധി കാരണം ഖത്തർ എയർവേയ്സിന്റെ വിമാനത്തിലാവും ഇമ്രാൻ വാഷിങ്ടണിലേക്ക് പോകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Read More >>