മയിലിനെ കൊന്നുവെന്നാരോപിച്ച് മദ്ധ്യപ്രദേശില്‍ ദലിതനെ തല്ലിക്കൊന്നു

സംഭവത്തില്‍ പത്തു പേര്‍ക്കെതിരേ എസ്‌സി/എസ്ടി പീഡനനിരോധന നിയമമനുസരിച്ച് കേസെടുത്തിട്ടുണ്ട്. പ്രതിചേര്‍ത്തവരില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. ഒരാളെ കണ്ടെത്താനായില്ല.

മയിലിനെ കൊന്നുവെന്നാരോപിച്ച് മദ്ധ്യപ്രദേശില്‍  ദലിതനെ തല്ലിക്കൊന്നു

മയിലിനെ പിടികൂടി കൊന്നുവെന്നാരോപിച്ച് മദ്ധ്യപ്രദേശിലെ നീമച്ച് ഗ്രാമത്തില്‍ ദലിതനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഹീരലാല്‍ ബഞ്ചാടയാണ് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. രണ്ട് ദിവസം മുന്‍പ് ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചത് ഇതേ ജില്ലയിലാണ്.

ഹീരലാലിനെ ജനക്കൂട്ടം മര്‍ദ്ദിക്കുന്ന വിവരം ആരോ 100 ലേക്ക് വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് ഹീരലാലിനെ ആശുപത്രിയിലെത്തിച്ചത്. പക്ഷേ, തലയിലേറ്റ അടി ഗുരുതരമായതിനെ തുടര്‍ന്ന് ഹീരലാല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.

സംഭവത്തില്‍ പത്തു പേര്‍ക്കെതിരേ എസ്‌സി/എസ്ടി പീഡനനിരോധന നിയമമനുസരിച്ച് കേസെടുത്തിട്ടുണ്ട്. പ്രതിചേര്‍ത്തവരില്‍ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു. ഒരാളെ കണ്ടെത്താനായില്ല.

ഇന്ത്യന്‍ ഫോറസ്റ്റ് ആക്റ്റ് 1972 അനുസരിച്ച് മയിലിനെ പിടിക്കുന്നതും കൊല്ലുന്നതും നിയമവിരുദ്ധമാണ്. കൊല്ലപ്പെട്ട ഹീരലാലിനെയും മറ്റ് മൂന്നുപേരെയും പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്.

കുക്‌ടേശ്വര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കൃഷിയിടത്തില്‍ മയിലുകളുമായി നാലു പേരെ കണ്ടതിനെ തുടര്‍ന്നാണ് ഹീരലാലും കൂട്ടാളികളും ആക്രമണത്തിനിരയായത്. ഹീരലാലിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ ഒളിവിലാണ്.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മദ്ധ്യപ്രദേശ് അടക്കമുള്ള വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടക്കൊലകള്‍ വ്യാപകമാണ്. കഴിഞ്ഞ ചൊവ്വാഴ്ച കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്നാരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്ന ഒരാളെ പോലിസ് തല്ലിക്കൊന്നിരുന്നു. തിങ്കളാഴ്ച മറ്റൊരു ജില്ലയില്‍ ഇതേ പോലെ ഒരു സ്ത്രീയെ ആള്‍ക്കൂട്ടം ആക്രമിച്ചെങ്കിലും അവര്‍ ജീവന്‍ പോകാതെ രക്ഷപ്പെട്ടു.

Read More >>